യേശുദാസും സുജാതയും
മലയാളികളുടെ പ്രിയപ്പെട്ട ഗായിക സുജാത മോഹൻ തന്റെ സംഗീതയാത്രകളെക്കുറിച്ചും, പാട്ടുകാരിയെന്ന നിലയിൽ തന്നെ രൂപപ്പെടുത്തുന്നതിൽ കെ.ജെ. യേശുദാസ് നൽകിയ സംഭാവനകളെക്കുറിച്ചും മനസ്സ് തുറക്കുകയാണ്. മാതൃഭൂമി ഓണപ്പതിപ്പിൽ പ്രസിദ്ധീകരിച്ച അഭിമുഖത്തിലാണ് യേശുദാസുമായുള്ള ആത്മബന്ധവും കുട്ടിക്കാലത്തെ മനോഹരമായ ഓർമകളും സുജാത പങ്കുവെച്ചത്.
ദാസേട്ടൻ മദ്രാസിലായിരുന്ന കാലത്ത് ഞങ്ങൾ മിക്ക ഞായറാഴ്ചകളിലും ഒത്തുകൂടും. കാറിലൊക്കെ പോകുമ്പോൾ ദാസേട്ടൻ ഒരുപാട് കീർത്തനങ്ങൾ പഠിപ്പിച്ചുതരും. ദാസേട്ടന്‍റെ മക്കളുമായി ഞാൻ വലിയ കമ്പനിയാണ്. എപ്പോഴും അവരുടെ കൂടെ കളിച്ചുനടക്കും.
പാടുന്നതിലെ തെറ്റുകൾ, മൈക്കിന്റെ പൊസിഷൻ തുടങ്ങി പല കാര്യങ്ങളും അദ്ദേഹം പറഞ്ഞുതരും. എനിക്ക് ഇഷ്ടപ്പെട്ട ഒരു ആഹാരവും കഴിക്കാൻ അദ്ദേഹം സമ്മതിക്കില്ലായിരുന്നു. മധുരം കഴിക്കരുതെന്ന് പറഞ്ഞ് വഴക്കുപറയും. അധിക എരിവോ പുളിയോ കഴിക്കരുതെന്നുമൊക്കെ നിയന്ത്രണങ്ങൾ വെക്കുമായിരുന്നു. പക്ഷേ, ഞാൻ ഒളിച്ചിരുന്ന് ഇഷ്ടഭഷ്ണങ്ങൾ കഴിക്കുമായിരുന്നെന്ന് സുജാത ഓർത്തെടുക്കുന്നു.
ഗുരുവായൂരിൽ വെച്ച് യേശുദാസിന്റെ കൂടെയാണ് ഞാൻ ആദ്യമായി അരങ്ങേറുന്നത്. ഗുരുവായൂരിൽ അച്ഛന്റെ അങ്കിളിന്റെ മോളുടെ കല്യാണത്തിന് പോയതായിരുന്നു. അവിടെ ദാസേട്ടന്റെ പ്രോഗ്രാം വെച്ചിരുന്നു. ആ സമയത്ത് അങ്കിൾ, തന്റെ മരുമകന്റെ മോൾക്ക് ഒരു പാട്ടുകൂടി വേണമെന്ന് ആവശ്യപ്പെടുകയായിരുന്നു. അങ്ങനെ സ്റ്റേജിൽ കയറി പാടിയതാണ്.
എന്നെ സ്റ്റേജിലേക്ക് പൊക്കിയെടുത്ത് കയറ്റുകയായിരുന്നെന്ന് ദാസേട്ടൻ പിന്നീട് പറഞ്ഞിട്ടുണ്ട്.അന്ന് സ്വപ്നം സിനിമയിലെ 'മഴവിൽക്കൊടി കാവടി' എന്ന പാട്ടാണ് ഞാൻ പാടിയത്. ദാസേട്ടന്റെ പാട്ടിലെ പത്താം വർഷത്തിന്റെ തുടക്കം ഞങ്ങളുടെ ബാലഗാനമേളയോടെയായിരുന്നു. അന്ന് ജാനകിയമ്മയും ജയൻ (പി.ജയചന്ദ്രൻ) ചേട്ടനുമൊക്കെ പാടാൻ വന്നിരുന്നു. അന്ന് 'ഇന്നലെ നീയെനിക്കു സൗന്ദര്യറാണയെൻ' എന്ന പാട്ടാണ് ഞാൻ പാടിയത്.
കനത്ത മഴ പെയ്ത ആ ദിവസം പ്രോഗ്രാം കഴിഞ്ഞയുടൻ കാണികൾ സ്റ്റേജിലേക്ക് ഇരച്ചുകയറിയപ്പോൾ സ്റ്റേജ് നിലംപൊത്തിയെന്നും സുജാത വിവരിക്കുന്നു. അന്ന് സ്റ്റേജിലുണ്ടായിരുന്ന തന്നെ ദാസേട്ടനും പ്രഭേചച്ചിയും കൂടെയാണു പിടിച്ചോണ്ട് ഓടിയതെന്നും, തനിക്ക് അവരെ യാതൊരു പരിചയവുമില്ലാതിരുന്നിട്ടും കുട്ടികളും ഓർക്കസ്ട്രക്കാരും ഉണ്ടായിട്ടും തന്നെ മാത്രം പിടിച്ചുകൊണ്ട് ഓടിയത് ആലോചിക്കുമ്പോൾ അന്നേ ഞങ്ങൾ തമ്മിൽ ഒരു അത്ഭുതബന്ധം ഉള്ളതുപോലെ തോന്നും എന്നും സുജാത പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.