ആതിഫ് അസ് ലം
ഇന്ത്യയിൽ പാകിസ്താൻ കലാകാരന്മാർക്ക് ഏർപ്പെടുത്തിയ വിലക്കിനെതിരെയും തന്റെ സംഗീത യാത്രയെക്കുറിച്ചും തുറന്നുപറഞ്ഞ് പ്രശസ്ത പാക് ഗായകൻ ആതിഫ് അസ് ലം. ഇന്ത്യയിൽ ഔദ്യോഗികമായി ജോലി ചെയ്യാൻ വിലക്ക് നേരിട്ടിട്ട് ഏകദേശം 10 വർഷമായി എന്ന് അദ്ദേഹം വ്യക്തമാക്കി. പ്രശസ്ത അവതാരകനായ കൃസ് ഫേഡിന്റെ യൂട്യൂബ് ചാനലായ 'വൺ ഓൺ വൺ വിത്ത് കൃസ് ഫേഡ്' എന്ന പരിപാടിയിൽ സംസാരിക്കവെയാണ് ആതിഫ് ഇക്കാര്യം വ്യക്തമാക്കിയത്.
വിലക്കുകൾ നിലനിൽക്കുമ്പോഴും ഇന്ത്യൻ ആരാധകർ വി.പി.എൻ വഴിയും മറ്റും തന്റെ പാട്ടുകൾ കേൾക്കുന്നുണ്ടെന്നും, സിഡികൾ പരസ്പരം കൈമാറുന്നുണ്ടെന്നും ആതിഫ് പറഞ്ഞു. പൈറസിയെ താൻ പിന്തുണക്കുന്നില്ലെങ്കിലും സംഗീതത്തിന് അതിരുകളില്ലെന്നും അത് എത്തിച്ചേരേണ്ട സ്ഥലത്ത് എത്തുമെന്നും ആതിഫ് കൂട്ടിച്ചേർത്തു. ഇന്ത്യൻ ഗവൺമെന്റിന്റെ തീരുമാനപ്രകാരമാണ് പാക് കലാകാരന്മാർക്ക് രാജ്യത്ത് വിലക്ക് ഏർപ്പെടുത്തിയത്. സമാനമായ രീതിയിൽ പാകിസ്താനിലും ഇന്ത്യൻ കലാകാരന്മാർക്ക് വിലക്കുകൾ ഏർപ്പെടുത്തിയിട്ടുണ്ട്.
2016ലെ ഉറി ഭീകരാക്രമണത്തിന് ശേഷമാണ് പാക് കലാകാരന്മാർക്ക് മേലുള്ള നിയന്ത്രണങ്ങൾ കർശനമായത്. അന്ന് ഗുർഗോവില നടത്താനിരുന്ന ആതിഫ് അസ് ലമിന്റെ സംഗീത നിശ രാഷ്ട്രീയ എതിർപ്പുകളെ തുടർന്ന് റദ്ദാക്കപ്പെട്ടിരുന്നു. തുടർന്ന് ഇന്ത്യൻ മോഷൻ പിക്ചർ പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ പാക് കലാകാരന്മാർക്ക് വിലക്കേർപ്പെടുത്തി.
പിന്നീട് 2019ലെ പുൽവാമ ആക്രമണത്തിന് ശേഷവും, 2025ലെ പഹൽഗാം ആക്രമണത്തിന് ശേഷവും ഈ നിയന്ത്രണങ്ങൾ കൂടുതൽ ശക്തമാക്കി. ഫവദ് ഖാന്റെ ചിത്രങ്ങൾ ഉൾപ്പെടെയുള്ള പല അന്താരാഷ്ട്ര പ്രൊജക്റ്റുകളും തടയപ്പെട്ടു. കൂടാതെ, ഹാനിയ ആമിർ, മഹിറ ഖാൻ, അലി സഫർ തുടങ്ങിയ പ്രശസ്ത പാക് താരങ്ങളുടെ ഇൻസ്റ്റാഗ്രാം അക്കൗണ്ടുകൾ ഇന്ത്യയിൽ ബ്ലോക്ക് ചെയ്യപ്പെടുകയും ചെയ്തു.
സിനിമകളിൽ പാടുന്നതിൽ നിന്ന് മാറി സ്വന്തമായി സംഗീതം നിർമിക്കാൻ ഈ വിലക്കുകൾ തന്നെ സഹായിച്ചുവെന്നും, വിലക്കിയവരോട് നന്ദി പറയുന്നുവെന്നും ആതിഫ് അസ് ലം പറഞ്ഞു. ‘ഈ വിലക്ക് ഉണ്ടായിരുന്നില്ലെങ്കിൽ എനിക്ക് സ്വന്തമായി സംഗീതം പര്യവേക്ഷണം ചെയ്യാൻ കഴിയുമായിരുന്നില്ല’ എന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. ഇന്ത്യൻ ആരാധകരുടെ സ്നേഹത്തിന് നന്ദി പറഞ്ഞ അദ്ദേഹം, സംഗീതത്തെ സ്നേഹിക്കുന്നവർ തന്നെ എങ്ങനെയെങ്കിലും കണ്ടെത്തുമെന്നും ആരാധകരുടെ ഈ പിന്തുണ വിലമതിക്കാനാവാത്തതാണെന്നും വ്യക്തമാക്കി.
ബോളിവുഡിൽ ആദത്, വോ ലംഹെ, തേരെ ബിൻ, പെഹ് ലി നസർ മേം, തു ജാനേ നാ, ദിൽ ദിയാൻ ഗല്ലാതുടങ്ങിയ നിരവധി ഹിറ്റ് ഗാനങ്ങളിലൂടെ ഇന്ത്യൻ സംഗീത ആസ്വാദകരുടെ ഹൃദയം കീഴടക്കിയ ഗായകനാണ് ആതിഫ് അസ് ലം. രാജ്യത്ത് ഔദ്യോഗിക വിലക്കുകൾ നിലനിൽക്കുമ്പോഴും സോഷ്യൽ മീഡിയയിലൂടെയും മറ്റ് പ്ലാറ്റ്‌ഫോമുകളിലൂടെയും ആതിഫിന്റെ പാട്ടുകൾ ഇന്ത്യയിൽ ഇന്നും വലിയതോതിൽ ആഘോഷിക്കപ്പെടുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.