ജാനകി (ശ്രീരാമമൂര്‍ത്തി ജാനകി) നിലക്കാതെ ഒഴുകിക്കൊണ്ടിരിക്കുന്നു. ഗാനാസ്വാദകരുടെ പല തലമുറകള്‍ തുടരുവോളംകാലം മരണമില്ലാത്ത ഗാനജീവിതം.... അരനൂറ്റാണ്ടിലധികമായി പാടിക്കൊണ്ടേയിരിക്കുകയായിരുന്നു അവര്‍, അരലക്ഷത്തിലധികം പാട്ടുകള്‍...പതിനേഴു ഭാഷകളിലായി പല തലമുറകളിലായി പടര്‍ന്ന സ്നേഹനാദ സരോവരം ഒരേദിവസം പല സ്റ്റുഡിയോകളില്‍ പറന്നു പാടിയ തിരക്ക്.
തരംഗിണി സ്റ്റുഡിയോയില്‍ മലയാളം പാടി നേരെ ജെമിനിയില്‍ കന്നഡപാടി, പ്രസാദില്‍ തമിഴുപാടി, എ.വി.എമ്മിലും പാടി, സായാഹ്നമാകുമ്പോള്‍ തിരികെ വീണ്ടും തരംഗിണിയിലേക്കോ പ്രസാദിലേക്കോ മറ്റൊരു ഗാനത്തിനായി തിരികെയെത്തി, അങ്ങനെയങ്ങനെ ദക്ഷിണേന്ത്യന്‍ സംഗീതാസ്വാദകര്‍ക്ക് തലമുറകള്‍ കൈമാറി ഏറ്റുപാടാനുള്ള പാട്ടുകള്‍ പലതും ഒരു പകലിരവില്‍ ജാനകിയമ്മയുടെ മൃദുലസുന്ദര ശബ്ദത്തില്‍ പിറന്നുവീണുകൊണ്ടിരുന്നു.
ഓരോ ഭാഷയിലെയും ജനകീയരും തലയെടുപ്പുള്ളവരുമായ സംഗീതസംവിധായകരുടെ പാട്ടുകളില്‍ പകരമാലോചിക്കാനേ കഴിയാത്ത ശബ്ദസാന്നിധ്യമായി അവര്‍ നിറഞ്ഞു. കണ്‍സോളുകളില്‍നിന്ന് കണ്‍സോളുകളിലേക്കുള്ള ഓട്ടത്തിനിടയില്‍ പാട്ടിന്റെ പരിപൂര്‍ണതയില്‍ ഒരു വിട്ടുവീഴ്ചയും വരുത്താതിരിക്കാന്‍ സമര്‍പ്പിത മനസ്സോടെ അവര്‍ രചയിതാവിന്റെയും സംഗീതസംവിധായകരുടെയും ഗാനസ്വപ്നങ്ങളുടെ കൂടെ ഒരുപടി മുന്നില്‍നിന്നു. ജനപ്രിയ ഗാനങ്ങളുടെ പ്രൗഢ പ്രവാഹത്തിനു കാലങ്ങള്‍ സാക്ഷിയായി.
വേദിയില്‍ ഒരു കുഞ്ഞുഡയറിയും തുറന്നു കൈയിൽ വെച്ച് അധിക ചലനങ്ങളൊന്നുമില്ലാതെ ജാനകിയമ്മയുടെ നിൽപില്‍, അത്ഭുതങ്ങളൊന്നുമെന്നിലില്ല എന്ന വിനീതത്വം കാണാനാവും. മുഖത്ത് മായാന്‍ മനസ്സില്ലാത്ത ചിരിയുടെ നിലാവുണ്ടാവും. പാടുന്നത് ദുഃഖഗാനമായാലും ചിരിനിലാവ് നേര്‍ത്തെങ്കിലും മുഖത്തുകാണും. ചുണ്ടുകളുടെ ചലനം പോലും പിശുക്കോടെയാണ്. താരസ്ഥായിയില്‍ പടര്‍ന്നുകേറി ആകാശസീമകളിലേക്കെന്ന പോല്‍ സഞ്ചരിക്കുന്ന സ്വരമാധുരി എവിടെ നിന്നാണ് വരുന്നതെന്ന് ഒരുവേള സംശയം തോന്നുമാറ് ഞാനൊന്നുമറിഞ്ഞില്ല എന്ന മട്ടിലുള്ള പാടല്‍.
ഒരു കുസൃതി കവിത പറഞ്ഞുവെച്ച മട്ടിലാണ് വലിയ സ്വര സഞ്ചാരങ്ങളും ഗമകസാന്ദ്രതയും സങ്കീര്‍ണ താളക്രമങ്ങളുമുള്ള പാട്ടുപോലും പാടിവെക്കുന്നത്. പണ്ട് മദ്രാസ് പ്രവിശ്യയിലും ഇപ്പോള്‍ ആന്ധ്രപ്രദേശിലുമായ പാലപറ്റ്ലയാണ് ജാനകിയമ്മയുടെ ജനനസ്ഥലം. ആയുര്‍വേദ ചികിത്സകനായ സിസ്‍ല ശ്രീരാമമൂര്‍ത്തിയുടെയും സത്യവതിയുടെയും മകള്‍. പത്ത് വയസ്സുകാലം തൊട്ട് ലതാമങ്കേഷ്കറുടെ ജനപ്രിയഗാനങ്ങള്‍ വേദികളില്‍ പാടിത്തുടങ്ങിയ ജാനകിയമ്മക്ക് ശാസ്ത്രീയ സംഗീത പഠനമേ താല്‍പര്യമില്ലായിരുന്നു.
ആദ്യം പഠിക്കാന്‍ ചെന്ന നാദസ്വരവിദ്വാനായ ഗുരുവിനു മുന്നില്‍ അയത്നലളിതമായി പാടിയ കൊച്ചുഗായികക്ക് ഗുരു ആദ്യം പകരുന്നത് ആഭേരി രാഗത്തിലുള്ള ത്യാഗരാജ കീര്‍ത്തനമായ നഗുമോ ആണ്. സപ്തസ്വരങ്ങളും താളങ്ങളും രാഗഭാവങ്ങളുമെല്ലാം അറിയാതെ തന്നെ കുടിയിരിപ്പു തുടങ്ങിയ സംഗീതഹൃദയത്തില്‍ പഠനത്തിന് പ്രസക്തിയുണ്ടായില്ല. പാട്ടുകളില്‍നിന്ന് പാട്ടുകളിലേക്കും മനുഷ്യമാനസങ്ങളിലേക്കുമുള്ള പ്രയാണമായിരുന്നു പിന്നീട്. അതിന് ചിറകായി കൂടെയുണ്ടായിരുന്നത് ജാനകിയമ്മയുടെ സംഗീതസാധ്യതകളെ തിരിച്ചറിഞ്ഞ പ്രിയതമന്‍ വി. രാമപ്രസാദ് ആയിരുന്നു. സംഗീതത്തിനൊപ്പമുള്ള ആ ജീവിതയാത്രയില്‍ നിഴലായി അദ്ദേഹം കൂടെ ചേര്‍ന്നു. 1997ല്‍ അദ്ദേഹം അന്തരിച്ചു. മാസങ്ങള്‍ക്കുമുമ്പാണ് മകന്‍ മുരളീകൃഷ്ണനും ജാനകിയമ്മയെ വിട്ടുപോയത്.
ഏതുഭാഷയില്‍ പാടുമ്പോഴും വാക്കുകളുടെ പരിചരണത്തിലൂടെ, പ്രയോഗത്തിലൂടെ ആ നാട്ടുകാരിയായി മാറാനുള്ള സിദ്ധി പാട്ടുജീവിതത്തില്‍ ജാനകിയമ്മ സവിശേഷമായി ആര്‍ജിച്ചിട്ടുണ്ട്. എഴുത്ത് വശമുള്ള തമിഴിലും തെലുങ്കിലുമായി വരികള്‍ എഴുതിയെടുത്താണ് മറ്റു ഭാഷാഗാനങ്ങള്‍ പാടിയിരുന്നത്. ‘മാതളപ്പൂപോലൊരു മാനസം ഞാനിന്നു കണ്ടു’ എന്ന സലില്‍ ചൗധരി ഗാനത്തിന്റെ റെക്കോഡിങ് ഒരു അഭിമുഖത്തില്‍ അവര്‍ ഓർമിക്കുന്നുണ്ട്.
ഈണത്തിന്റെ അളവുകോലുകള്‍ക്കുള്ളില്‍ നില്‍ക്കുമ്പോള്‍ ആ പാട്ട് ‘മ-തളത്തേന്‍ പോലൊരു മ-നസംഞാന്‍ ഇന്നു കണ്ടു’ എന്നു പാടേണ്ടിവരും. മലയാള ഭാഷയറിയാത്ത സലില്‍ ചൗധരിയെന്ന സംഗീത സംവിധായകന് തന്റെ ഈണത്തിന്റെ ക്രമീകരണത്തിലാണ് ശ്രദ്ധ. ഗാനരചയിതാവായ ഒ.എന്‍.വിയുടെ അസാന്നിധ്യത്തിലാണ് റെക്കോഡിങ്. മലയാളത്തെ മനസ്സിലേറ്റുന്ന ജാനകിയമ്മക്ക് അങ്ങനെ പാടുന്നതിന്റെ കുഴപ്പം മനസ്സിലാവുന്നുമുണ്ട്. ഒടുവില്‍ ജാനകിയമ്മയാണ് ഈണത്തിന്‍റ അളവുകോല്‍ തെറ്റാതെ തന്നെ, ഇന്നു കേള്‍ക്കുന്ന ഭാഷാഭംഗമൊന്നുമില്ലാത്ത ‘മാതളത്തേന്‍’ സംഗീത സംവിധായകനെ ബോധ്യപ്പെടുത്തി നമുക്കു തന്നത്.
ജാനകിയമ്മ മലയാളത്തില്‍ പാടിയ ഒരു പാട്ടില്‍ പോലും വാക്കുകളുടെ പ്രയോഗത്തിലോ ചേര്‍ത്തണിയിച്ചു പാടിയൊരുക്കുന്ന മികവിലോ തെല്ലു കുറ്റവും കണ്ടുപിടിക്കാനുണ്ടാവില്ല. ഓരോ ഭാഷയിലും അവരുടെ ഗായികയായിത്തന്നെ പാടാനും തുടരാനും അവര്‍ക്കു കഴിഞ്ഞു.
നാല് ദേശീയ ചലച്ചിത്ര പുരസ്കാരങ്ങള്‍, നാല് സംസ്ഥാനങ്ങള്‍ (കേരളം, തമിഴ്നാട്, ആന്ധ്രപ്രദേശ്, കര്‍ണാടക) ആലാപന ചാതുരിക്ക് നല്‍കിയ 36 സംസ്ഥാന പുരസ്കാരങ്ങള്‍, അസംഖ്യം മറ്റു ബഹുമതികള്‍ എന്നിവയൊക്കെ അറുപതുവര്‍ഷം നീണ്ട കരിയറില്‍ നേടിയ ജാനകിയമ്മയെ 2013ലാണ് പത്മഭൂഷണ്‍ പുരസ്കാരം നല്‍കി ആദരിക്കുന്നത്. പുരസ്കാരം അവര്‍ സ്നേഹപൂര്‍വം നിരസിച്ചു. മൂന്നുവര്‍ഷം കഴിഞ്ഞാണ് വേദികളില്‍നിന്നും റെക്കോഡിങ്ങുകളില്‍ നിന്നും അവര്‍ സ്വയം വിരമിക്കല്‍ പ്രഖ്യാപിക്കുന്നത്. ഇന്ത്യന്‍ ജനപ്രിയ സംഗീതത്തില്‍ അപൂര്‍വ സിദ്ധിയുടെ സുവര്‍ണ മുദ്രകള്‍ ചാര്‍ത്തി തിളങ്ങിനിന്ന കാലത്ത് തരാതെ പോയത് പിന്നെയെന്തിനെന്ന് ജാനകിയമ്മക്ക് തോന്നിയതില്‍ അത്ഭുതമില്ല. പല ഭാഷക്കാരായ ആസ്വാദകര്‍ തന്ന സ്നേഹമാണ് വലിയ പുരസ്കാരമെന്ന് അവര്‍ അത് നിരസിച്ചുകൊണ്ട് അറിയിക്കുകയും ചെയ്തു.
1957ല്‍ മിന്നുന്നതെല്ലാം പൊന്നല്ല എന്ന ചിത്രത്തിലാണ് മലയാളത്തില്‍ ജാനകീനാദത്തിന്റെ ആദ്യ സാന്നിധ്യമുണ്ടാവുന്നത്. ജാനകിയമ്മയെ മലയാളത്തിന്റെ മനസ്സിലേക്ക് കുടിയിരുത്തിയ ‘തളിരിട്ട കിനാക്കള്‍ തന്‍ താമരമാല വാങ്ങാന്‍’ എന്ന ഗാനം വരുന്നത് 1963ലാണ്. എം.എസ്. ബാബുരാജ്-ഭാസ്കരന്‍ മാസ്റ്റര്‍-ജാനകി എന്ന ക്ലാസിക്കല്‍ കോമ്പോയുടെ വരവറിയിക്കലായിരുന്നു ഈ ഗാനം. രാഘവന്‍ മാസ്റ്ററുടെ സംഗീതത്തില്‍ ‘ഉണരുണരൂ ഉണ്ണിപ്പൂവേ’ എന്ന പാട്ട് ജാനകിയമ്മയുടെ ശബ്ദത്തിന്റെ സവിശേഷ സഞ്ചാരങ്ങളുമായി മലയാളത്തിന്റെ ഹൃദയത്തിലേക്കിറങ്ങിയത് പിന്നീടാണ്.
ഭാര്‍ഗവീ നിലയത്തിലെ ബാബുരാജ്-പി. ഭാസ്കരന്‍ കൂട്ടിന്റെ ജാനകിയമ്മ പാടിയ പാട്ടുകളെല്ലാം (പൊട്ടിത്തകര്‍ന്ന കിനാവുകൊണ്ടൊരു പട്ടുനൂലൂഞ്ഞാല കെട്ടീ ഞാന്‍, അനുരാഗ മധുചഷകം, വാസന്ത പഞ്ചമി നാളില്‍) കാലാതിവര്‍ത്തിയായി മലയാളത്തോട് ചേര്‍ന്നു. ജോണ്‍സണ്‍ സംഗീതത്തിൽ ‘സ്വര്‍ണമുകിലേ സ്വര്‍ണമുകിലേ സ്വപ്നം കാണാറുണ്ടോ’ എന്ന പ്രാണവേദനയുടെ പാട്ട് മുഴങ്ങാത്ത വേദികളില്ല.
കാലത്തിന്റെ പ്രവാഹത്തിന് തൊട്ടുമങ്ങലേൽപിക്കാന്‍ അവസരം നല്‍കാതെ ആ ശബ്ദം നിത്യഹരിതമായി പുതിയ പുതിയ ഗാനങ്ങളിലേക്ക് സഞ്ചരിച്ചു. ദേവരാജൻ മാസ്റ്റര്‍, കെ.വി. മഹാദേവന്‍, എം.എസ്. വിശ്വനാഥന്‍, ദക്ഷിണാമൂര്‍ത്തി, ഇളയരാജ, സലില്‍ ചൗധരി തുടങ്ങിയ ദക്ഷിണേന്ത്യന്‍ സിനിമാ സംഗീതത്തിന്റെ സമ്രാട്ടുകള്‍ക്കൊപ്പം നാടൊന്നായി നെഞ്ചിലേറ്റിയ പാട്ടുകള്‍... സലില്‍ ചൗധരിയുടെ സംഗീതത്തിനൊപ്പം ചേര്‍ന്ന് മലയാള മനസ്സിലേക്കുതിര്‍ത്ത മനോഹര ഗാനങ്ങള്‍ ( മലര്‍കൊടി പോലെ-ശ്രീകുമാരന്‍ തമ്പി, സന്ധ്യേ കണ്ണീരിതെന്തേ, കാണാക്കുയിലേ പാടൂ പാടൂ നീ-ഒ. എന്‍.വി), ഇളയരാജയോടൊപ്പമുള്ള തമിഴ്-തെലുങ്കും മലയാളത്തിലും നാഴികക്കല്ലുകള്‍ സൃഷ്ടിച്ചു.
തുമ്പീ വാ തുമ്പക്കുടത്തില്‍ (ഒ.എന്‍.വി), ഓലത്തുമ്പത്തിരുന്നൂയലാടും ചെല്ലപ്പൈങ്കിളി (ബിച്ചു തിരുമല), വേഴാമ്പല്‍ കേഴും (ഒ.എന്‍.വി), കിളിയേ കിളിയേ (പൂവച്ചല്‍ ഖാദര്‍), കൊഞ്ചി കരയല്ലേ...(ബിച്ചു തിരുമല), രഘുകുമാര്‍-ഗിരീഷ് പുത്തഞ്ചേരി കൂട്ട് സമ്മാനിച്ച കൈക്കുടന്ന നിറയേ.... ജെറി അമല്‍ദേവ്-ഗിരീഷ് പുത്തഞ്ചേരി ഗാനം മേലേ മേലേ വാനം, വിദ്യാസാഗര്‍-ശരത് വയലാര്‍ ഗാനം ആഴക്കടലിന്റെ അങ്ങേക്കരയിലായ്... ബേണി ഇഗ്നേഷ്യസ്-എസ്. രമേശന്‍ ടീമിന്റെ മയിലായ് പറന്നുവാ... ആത്മസ്വരങ്ങള്‍ അലിഞ്ഞ ആയിരത്തിലധികം മലയാള ഗാനങ്ങള്‍... തലമുറമാറ്റങ്ങള്‍ക്കൊപ്പം ഇന്ത്യന്‍ സിനിമയുടെ ചരിത്ര വഴികളില്‍ ജാനകീസ്വരം കൂടെയൊഴുകി.
മലയാളത്തിലും തമിഴിലും തെലുങ്കിലുമെല്ലാം തന്റെ ആദ്യ സിനിമാഗാനങ്ങള്‍ ദുഃഖഗാനങ്ങളായിരുന്നുവെന്ന് ജാനകിയമ്മ ഓർമിക്കുന്നുണ്ട്. കുഞ്ഞുങ്ങള്‍ കരഞ്ഞുകൊണ്ട് പിറന്നുവീഴുന്ന പോലെ കരയുന്ന പാട്ടുകള്‍ പാടിയാണ് താനെന്ന സിനിമാഗായിക പിറന്നുവീണതെന്ന മനോഹര നിരീക്ഷണം. കരയാന്‍ മാത്രമല്ല ചിരിക്കാനും, കുഞ്ഞുങ്ങളായി ഉല്ലസിക്കാനും, പ്രണയിക്കാനും, വിരഹച്ചൂടിലുരുകാനും, വാത്സല്യത്താരാട്ടു മൂളാനും പാട്ടിന്റെ നിധിശേഖരം എന്നെന്നേക്കുമായി പാടിവെച്ചാണ് എസ്. ജാനകി മടങ്ങിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.