ഫാൽഗുനി പഥക്
മുംബൈയിലെ നവരാത്രി ആഘോഷങ്ങളുടെ പ്രധാന ആകർഷണമായ 'ഗർബ ക്വീൻ' ഫാൽഗുനി പഥകിന്റെ സംഗീതപരിപാടികളുടെ ടിക്കറ്റ് നിരക്കുകൾ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയാവുകയും കടുത്ത പ്രതിഷേധത്തിന് ഇടയാക്കുകയും ചെയ്തിരിക്കുകയാണ്. സാധാരണക്കാരായ ആരാധകരെ പൂർണ്ണമായും ഒഴിവാക്കുന്ന രീതിയിലുള്ള ഉയർന്ന നിരക്കുകളാണ് ഇപ്പോൾ വ്യാപകമായ വിമർശനങ്ങൾക്ക് കാരണമായിരിക്കുന്നത്.
ഒക്ടോബർ 11 മുതൽ 19 വരെ മുംബൈയിലെ ജിയോ വേൾഡ് കൺവെൻഷൻ സെന്ററിലാണ് ഈ വർഷത്തെ ഒമ്പത് ദിവസത്തെ ആഘോഷങ്ങൾ നടക്കുന്നത്. ബുക്ക് മൈ ഷോ വഴി ലഭ്യമാക്കിയിരിക്കുന്ന ടിക്കറ്റ് നിരക്കുകൾ സാധാരണക്കാരെ വട്ടം ചുറ്റിപ്പിക്കുന്നതാണ്.
നികുതി ഒഴികെ 2,200 രൂപ മുതലാണ് ഒരു ദിവസത്തെ ടിക്കറ്റ് നിരക്ക് ആരംഭിക്കുന്നത്. ആദ്യ ഘട്ടത്തിൽ 16,000 രൂപയായിരുന്ന ഏർളി-ബേർഡ് പാസ് നിരക്ക് പിന്നീട് 18,000 രൂപയായും, നിലവിൽ 20,000 രൂപയായും ഉയർന്നു. ഏറ്റവും ഉയർന്ന നിരക്കുള്ള ഈ പാക്കേജിന് ഒരു രാത്രിക്ക് 2.04 ലക്ഷം രൂപയാണ് വില. ഇത് ഒരു ദിവസം പരമാവധി 12 പേർക്ക് ഉപയോഗിക്കാവുന്നതാണ്. ഇതിൽ 10,000 രൂപയുടെ ഭക്ഷണ-പാനീയ കൂപ്പണും ഉൾപ്പെടുന്നു.
ഉയർന്ന ടിക്കറ്റ് നിരക്കിനെതിരെ നിരവധി പേരാണ് സമൂഹമാധ്യമങ്ങളിലൂടെ തങ്ങളുടെ നിരാശയും അമർഷവും പ്രകടിപ്പിച്ചത്. ലക്ഷ്വറി വേദികൾ തിരഞ്ഞെടുക്കുന്നതും ഉയർന്ന നിരക്കുകളും ഇടത്തരം കുടുംബങ്ങളെ പരിപാടിയിൽ നിന്ന് അകറ്റുന്നുവെന്ന് ആരാധകർ ചൂണ്ടിക്കാണിക്കുന്നു. നവരാത്രി എന്നത് എല്ലാവരെയും ഒരുമിപ്പിക്കുന്ന ആഘോഷമാകണമെന്നും, അല്ലാതെ ഉയർന്ന ചിലവുകൾ കാരണം ചിലരെ മാത്രം ഉൾക്കൊള്ളുന്ന ഒന്നാകരുത് എന്നും ആരാധകർ അഭിപ്രായപ്പെടുന്നു.
‘ഞാൻ ഫാൽഗുനി പഥകിന്റെ കടുത്ത ആരാധികയാണ്, എന്നാൽ ജിയോ കൺവെൻഷൻ സെന്റർ പോലുള്ള ഒരു വേദി തിരഞ്ഞെടുക്കുന്നത് മധ്യവർത്തി കുടുംബങ്ങൾക്ക് താങ്ങാനാവാത്തതാണ് എന്ന് ഒരു ഇൻസ്റ്റാഗ്രാം ഉപയോക്താവ് കുറിച്ചു.
ബോറിവലി പോലുള്ള ഇടങ്ങളിൽ ആയിരക്കണക്കിന് ആളുകൾ ഒത്തുകൂടി വളരെ കുറഞ്ഞ ചെലവിൽ ആസ്വദിച്ചിരുന്ന പഴയ കാലഘട്ടത്തെ പലരും ഓർത്തെടുത്തു. ടിക്കറ്റുകൾ ബൾക്കായി ബുക്ക് ചെയ്ത് കരിഞ്ചന്തയിൽ വിൽക്കുന്ന രീതിക്കെതിരെയും വലിയ പരാതികൾ ഉയരുന്നുണ്ട്. ഈ ഉയർന്ന നിരക്കുകൾ സാധാരണക്കാരായ സംഗീതാസ്വാദകരോടുള്ള അനീതിയാണെന്നാണ് ആരാധകരുടെ പക്ഷം.
ഇന്ത്യൻ പോപ്പ് സംഗീത ലോകത്തെ പ്രശസ്ത ഗായികയായ ഫാൽഗുനി പഥക്, 'ഗർബ ക്വീൻ' എന്നാണ് അറിയപ്പെടുന്നത്. 90കളിൽ പുറത്തിറങ്ങിയ 'ചൂടി ജോ ഖങ്കി ഹാതോൺ മേം', 'മൈനേ പായൽ ഹൈ ഛൻകൈ', 'യാദ് പിയാ കി ആനെ ലഗി' തുടങ്ങിയ ജനപ്രിയ ഗാനങ്ങളിലൂടെയാണ് അവർ സംഗീത ലോകത്ത് ശ്രദ്ധ നേടിയത്. മുംബൈയിൽ നവരാത്രി ആഘോഷങ്ങൾക്ക് എല്ലാ വർഷവും ആവേശം പകരുന്ന മുഖമാണ് ഫാൽഗുനിയുടേത്.
ട്രൈബ്‌വൈബ് എന്റർടൈൻമെന്റും അൽഫോൻസോ സ്റ്റുഡിയോയും ചേർന്നാണ് ഈ വർഷത്തെ നവരാത്രി ഉത്സവം സംഘടിപ്പിക്കുന്നത്. ആഗസ്റ്റ് 12ന് മുൻ വർഷത്തെ അതിഥികൾക്കായി എക്സ്ക്ലൂസീവ് പ്രീ-സെയിൽ ആരംഭിച്ചിരുന്നു, തുടർന്ന് ആഗസ്റ്റ് 13നാണ് പൊതുവിൽപ്പന ആരംഭിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.