കലാഭവൻ നവാസ്, നിയാസ് ബക്കർ, എസ്. ജാനകി

ഈ ദുഃഖം എന്‍റേത് മാത്രമല്ല; ജാനകിയമ്മയുടെ വേർപാടിൽ മനസ്സിലേക്ക് ആദ്യം ഓടിയെത്തിയത് അനുജൻ നവാസിന്റെ മുഖമാണ് -നിയാസ് ബക്കർ

ജാനകിയമ്മയുടെ വിയോഗ വാർത്ത അറിഞ്ഞപ്പോൾ മുതൽ വല്ലാത്തൊരു ശൂന്യതയാണ്. അമ്മയുടെ ഗാനങ്ങളിലൂടെ സംഗീതത്തെ പ്രണയിച്ച എന്റെ അനുജൻ നവാസിന്റെ ഓർമകൾ കൂടിയാണ് ഈ നിമിഷം എന്റെ മനസ്സിൽ. നോവായി നിയാസ് ബക്കറിന്‍റെ വാക്കുകൾ. ഒരു വിഡിയോക്കപ്പുറം, സംഗീതം കൊണ്ട് പരസ്പരം ബന്ധിപ്പിക്കപ്പെട്ട രണ്ടുപേർക്കുള്ള എന്റെ ഹൃദയപൂർവ്വമായ ആദരാഞ്ജലിയാണ്. ജാനകിയമ്മയുടെ ആത്മശാന്തിക്കായും നവാസിന്റെ ഓർമക്കായും ഈ ഗാനം ഞാൻ സമർപ്പിക്കുന്നു. കാലമെത്ര കഴിഞ്ഞാലും ആ ശബ്ദം നമ്മുടെ ഉള്ളിൽ ഈണമായി അലയടിച്ചുകൊണ്ടേയിരിക്കും. നവാസ് ഫേസ്ബുക്കിൽ കുറിച്ചു.

കുറിപ്പിന്‍റെ പൂർണരൂപം

ജാനകിയമ്മയുടെ വേർപാടിന്റെ വാർത്ത കേട്ട നിമിഷം, എന്റെ മനസ്സിലേക്ക് ആദ്യം ഓടിയെത്തിയത് എന്റെ അനുജൻ നവാസിന്റെ മുഖമാണ്. ജാനകിയമ്മയുടെ ഗാനങ്ങൾ അതേ ഭാവത്തിലും അതേ മാധുര്യത്തിലും, ഒരു സ്ത്രീശബ്ദത്തിന്റെ സൗന്ദര്യത്തോടെ വേദിയിൽ ആലപിക്കുന്നതു കാണുമ്പോഴെല്ലാം എന്റെ ഹൃദയം പ്രാർത്ഥനയിലാകും. അവൻ പാട്ട് തുടങ്ങിയാൽ, ഒരു പിഴവും സംഭവിക്കാതെ ആ ഗാനം ഭംഗിയായി പൂർത്തിയാക്കാൻ കഴിയണമേ എന്ന പ്രാർത്ഥനയോടെ ഞാൻ സ്റ്റേജിന്റെ സൈഡിൽ നിന്ന് നോക്കി നിൽക്കും.

അവൻ പാടി തീർന്നതിന് ശേഷം പ്രേക്ഷകരുടെ നിറഞ്ഞ കയ്യടി കേട്ടാലേ എനിക്ക് മനസ്സിന് ആശ്വാസമാകൂ. അതിനുശേഷമാണ് ഞാൻ കോസ്റ്റ്യൂം മാറാൻ പോലും പോകാറുള്ളത്. ഇന്നിപ്പോൾ ജാനകിയമ്മ ഇല്ലെന്ന വാർത്ത വിശ്വസിക്കാൻ മനസ്സ് സമ്മതിക്കുന്നില്ല. ഈ ദുഃഖം എന്റേത് മാത്രമല്ല; സംഗീതത്തെ സ്നേഹിക്കുന്ന ഓരോ ഇന്ത്യക്കാരന്റെയും ദുഃഖമാണ്. സ്വന്തം വീട്ടിലെ ഏറ്റവും പ്രിയപ്പെട്ട ഒരാൾ നമ്മെ വിട്ടുപോയതുപോലുള്ള ഒരു ശൂന്യതയാണ് ഈ വേർപാട് സമ്മാനിക്കുന്നത്.

ആ മഹാഗായികയ്ക്ക് എന്റെ ആയിരം പ്രണാമങ്ങൾ... അമ്മയ്ക്ക് ആദരാഞ്ജലിയായി, അമ്മ ആലപിച്ച ഒരു ചെറിയ ഗാനം ഞാൻ പാടാൻ ശ്രമിക്കുകയാണ്. ഇത് ലൈക്കുകൾക്കും ഷെയറുകൾക്കും വേണ്ടിയുള്ള ഒരു വീഡിയോയല്ല. എന്റെ ഹൃദയത്തിൽ നിന്നുള്ള ഒരു പ്രാർത്ഥനയാണ്.

Full View

ഈ വീഡിയോ കാണുന്ന ഓരോരുത്തരോടും ഒരു ചെറിയ അഭ്യർഥന മാത്രം... ഒരു നിമിഷം ജാനകിയമ്മയുടെ ആത്മശാന്തിക്കായും, ആ ഗാനങ്ങളെ ഹൃദയത്തിൽ സൂക്ഷിച്ച് പാടിക്കൊണ്ടിരുന്ന എന്റെ അനുജൻ നവാസിനുവേണ്ടിയും ഒരു പ്രാർത്ഥന നടത്തുമല്ലോ. പ്രണാമം, ജാനകിയമ്മേ...അമ്മയുടെ ശബ്ദം നിലയ്ക്കില്ല; അത് കാലങ്ങളോളം നമ്മുടെ ഹൃദയങ്ങളിൽ മുഴങ്ങിക്കൊണ്ടേയിരിക്കും. 

Tags:    
News Summary - A Musical Tribute to the Legend, S. Janaki

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.