ആത്മവീര്യത്തിന്‍റെയും ശാക്തീകരണത്തിന്‍റെയും കഥ പറയുന്ന ബോളിവുഡ് പെൺസിനിമകൾ

സിനിമ അതാത് കാലത്തെ സമൂഹത്തെ പ്രതിഫലിപ്പിക്കുന്നു എന്നൊരു വാദമുണ്ട്. സ്ത്രീ ശാക്തീകരണത്തെക്കുറിച്ച് സംസാരിക്കുന്ന, സ്ത്രീകൾ നേരിടുന്ന അനീതികൾ തുറന്നുകാട്ടുന്ന നിരവധി ചിത്രങ്ങൾ നമുക്ക് മുന്നിലുണ്ട്. അന്താരാഷ്ട്ര വനിതാ ദിനത്തിൽ, ശക്തമായ സ്ത്രീ കഥാപാത്രങ്ങളുള്ള ചില ബോളിവുഡ് സിനിമകൾ പരിചയപ്പെടാം.

ഛപാക്

മേഘ്‌ന ഗുൽസാർ സംവിധാനം ചെയ്ത 'ഛപാക്' സ്ത്രീയുടെ അതിജീവനത്തിന്‍റെ കഥയാണ്. ദീപിക പദുക്കോണാണ് ചിത്രത്തിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചത്. 2020 ൽ പുറത്തിറങ്ങിയ ഈ ചിത്രം ആസിഡ് ആക്രമണത്തെ അതിജീവിച്ച ലക്ഷ്മി അഗര്‍വാളിന്‍റെ കഥയാണ്. വിവാഹാഭ്യര്‍ഥന നിരസിച്ചതിനെ തുടര്‍ന്ന് പതിനഞ്ചാം വയസിലാണ് ലക്ഷ്മി ആസിഡ് ആക്രമണത്തിന് ഇരയാകുന്നത്. അന്നുമുതല്‍ ആസിഡ് അക്രമങ്ങളെയും ആസിഡ് വില്‍പ്പനയെയും എതിര്‍ത്തുകൊണ്ട് ലക്ഷ്മി പോരാടുകയാണ്.

തപ്പഡ്

2020 ൽ പുറത്തിറങ്ങിയ, തപ്‌സി പന്നു കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ച 'തപ്പഡ്' സ്ത്രീകൾ അനുഭവിക്കുന്ന പീഡനങ്ങളെ ചിത്രീകരിക്കുന്നു. അനുഭവ് സിൻഹയാണ് ചിത്രം സംവിധാനം ചെയ്തത്. ഭർത്താവ് മുഖത്തടിച്ചതിന്‍റെ പേരിൽ വിവാഹമോചനം ആവശ്യപ്പെടുന്ന സ്ത്രീയുടെ കഥയാണ് ചിത്രം അവതരിപ്പിക്കുന്നത്. 'ഒരു അടി കിട്ടിയതിന്' വിവാഹ മോചനം ആവശ്യപ്പെടുന്ന നായികയെ കുടുംബത്തിന് മനസിലാകുന്നില്ല. പങ്കാളിയെ തല്ലുന്നത് നിസാരവല്‍ക്കരിക്കുന്ന പൊതു സമൂഹത്തിന് നേരെയുള്ള ചൂണ്ടു വിരലാണ് ഈ ചിത്രം.

പിങ്ക്

സ്ത്രീകളുടെ വസ്ത്രധാരണത്തെയും സ്വഭാവത്തെയും ചോദ്യം ചെയ്യുന്നവർക്കും ബലപ്രയോഗത്തെ സാധാരണവൽക്കരിക്കുന്നവർക്കും ശക്തമായ സന്ദേശം നൽകുന്ന ചിത്രമാണ് 'പിങ്ക്'. അനിരുദ്ധ റോയ് ചൗധരി സംവിധാനം ചെയ്ത ചിത്രം 2016ലാണ് പുറത്തിറങ്ങിയത്.

മർദാനി

റാണി മുഖർജിയുടെ ‘മർദാനി’, ‘മർദാനി 2’ എന്നിവയുടെ കഥ സ്ത്രീകൾക്കെതിരായ അതിക്രമങ്ങളെക്കുറിച്ച് സംസാരിക്കുന്നു. സ്ത്രീകള്‍ക്കെതിരായ ആക്രമണങ്ങളെ ശക്തമായി എതിര്‍ക്കുന്ന പൊലീസ് ഓഫിസറായി റാണി മുഖർജി നിറഞ്ഞാടിയ ചിത്രങ്ങളായിരുന്നു ഇത്.

മിസ്സിസ്

ആരതി കടവ് സംവിധാനം ചെയ്ത 2024ൽ പുറത്തിറങ്ങിയ 'മിസ്സിസ്' എന്ന ചിത്രം വിവാഹശേഷം സ്ത്രീകൾ നേരിടുന്ന ചൂഷണങ്ങളും, വീട്ടമ്മമാർ നേരിടുന്ന ബുദ്ധിമുട്ടുകളും അവതരിപ്പിക്കുന്നു. സന്യ മൽഹോത്ര കേന്ദ്ര കഥാപാത്രമായി എത്തിയ ചിത്രം 2021-ൽ പുറത്തിറങ്ങിയ മലയാള ചിത്രമായ ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചണിന്റെ റീമേക്കാണ്.

നീർജ

2016-ൽ പുറത്തിറങ്ങിയ ചിത്രമാണ് 'നീർജ'. 1986-ൽ പാൻ എഎം ഫ്ലൈറ്റ് ഹൈജാക്ക് ചെയ്ത സമയത്ത് യാത്രക്കാരെ രക്ഷിക്കാൻ ജീവൻ ത്യജിച്ച ധീരയായ ഫ്ലൈറ്റ് അറ്റൻഡന്റ് നീർജ ഭനോട്ടിന്റെ കഥയെ അടിസ്ഥാനമാക്കിയുള്ള ചിത്രമാണിത്. സോനം കപൂർ മികച്ച പ്രകടനമാണ് ചിത്രത്തിൽ കാഴ്ചവെച്ചത്.

മോം

രവി ഉദ്യവാർ സംവിധാനം ചെയ്ത ശ്രീദേവിയുടെ 2017-ൽ പുറത്തിറങ്ങിയ ചിത്രമാണ് 'മോം'. ബലാത്സംഗത്തിന് ഇരയായ മകൾക്കായി പോരാടുന്ന ഒരു അമ്മയുടെ ശക്തമായ കഥയാണിത്.

ഇംഗ്ലീഷ് വിഗ്ലീഷ്

സ്ത്രീയുടെ ആത്മവിശ്വാസത്തെയും ശാക്തീകരണത്തെയും കുറിച്ചുള്ള ഹൃദയസ്പർശിയായ കഥയാണ് ഈ ചിത്രം. ന്യൂയോർക്കിൽ എത്തിയ ശേഷം ഇംഗ്ലീഷ് പഠിക്കാൻ തീരുമാനിക്കുന്ന ശശി എന്ന വീട്ടമ്മയെയാണ് ശ്രീദേവി അവതരിപ്പിച്ചത്.

Tags:    
News Summary - Women’s Day Special: 8 powerful movies exposing injustice and inspiring change

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.