ഖുശ്ബു സുന്ദർ 

ഇപ്പോഴത്തെ യുവ നായികമാർക്ക് എന്തെങ്കിലും ഉപദേശം നൽകുന്നത് വളരെ ബുദ്ധിമുട്ടാണ്, അവരിൽ നിന്ന് ഒരുപാട് കാര്യങ്ങൾ പഠിക്കാനുണ്ട്' -ഖുശ്ബു സുന്ദർ

വളരെക്കാലത്തിന് ശേഷമാണ് തെന്നിന്ത്യൻ സൂപ്പർ താരം ഖുശ്ബു സുന്ദർ ഒരു ഹിന്ദി ചിത്രത്തിലൂടെ തിരിച്ചുവരുന്നത്. സുരേഷ് ത്രിവേണിയുടെ സുബേദാർ എന്ന സിനിമയിൽ അനിൽ കപൂറിന്റെ ഭാര്യയാണ് താരം അഭിനയിച്ചത്. 45 വർഷമായി ഖുശ്ബു തന്‍റെ സിനിമ ജീവിതം ആരംഭിച്ചിട്ട്. എന്നാൽ ഇത്ര നാളത്തെ സിനിമ അനുഭവത്തിൽ നിന്നും ഇന്നത്തെ യുവ നടിമാർക്ക് ഉപദേശം നൽകുക എന്നത് ബുദ്ധിമുട്ടുള്ള കാര്യമാണെന്ന് നടി വെളിപ്പെടുത്തി.

'ഇന്നത്തെ പെൺകുട്ടികൾ വളരെ മിടുക്കരും കഴിവുള്ള അഭിനേതാക്കളുമാണ്. അവർ എല്ലാ കാര്യങ്ങളെ കുറിച്ചും പഠിച്ചാണ് ഈ മേഖലയിലേക്ക് വരുന്നത്. അതിനാൽ അവർക്ക് എന്തെങ്കിലും ഉപദേശം നൽകുന്നത് വളരെ ബുദ്ധിമുട്ടാണ്. വാസ്തവത്തിൽ അവരിൽ നിന്ന് ഒരുപാട് കാര്യങ്ങൾ പഠിക്കാനുണ്ട്. ഇന്നത്തെ പുതിയ പെൺകുട്ടികളെ നോക്കുമ്പോൾ, അവർ അവരുടെ മേക്കപ്പ്, വസ്ത്രങ്ങൾ, അവതരണം എന്നിവ സ്വയം കൈകാര്യം ചെയ്യുന്നു. അവർക്ക് ഉപദേശം നൽകുന്നതിനുപകരം, അവരിൽ നിന്ന് നമുക്ക് എന്ത് പഠിക്കാൻ കഴിയുമെന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കണമെന്ന് എനിക്ക് തോന്നുന്നു' എ.എൻ.ഐയോട് സംസാരിക്കവേ ഖുശ്ബു പറഞ്ഞു.

പ്രിയങ്ക ചോപ്ര, ആലിയ ഭട്ട് തുടങ്ങിയ അഭിനേത്രികൾ അവാർഡ് ഷോകളിലെ അവരുടെ അവതരണത്തിലൂടെ ഇന്ത്യൻ സിനിമയെ ആഗോളതലത്തിൽ എത്തിച്ചതിന് ഖുഷ്ബു പ്രശംസിച്ചു. 'പ്രിയങ്ക ചോപ്ര ഓസ്‌കറിൽ അവതാരകയായി എത്തി. ആലിയ ഭട്ട് അടുത്തിടെ ബാഫ്റ്റയിൽ പങ്കെടുത്തു. നമ്മൾ കെട്ടിപ്പടുത്ത മതിലുകൾ തകർക്കേണ്ടത് ഇന്നത്തെ കാലഘട്ടത്തിൽ അത്യാവശ്യമായി മാറിയിരിക്കുന്നു' അവർ കൂട്ടിച്ചേർത്തു.

സുരേഷ് ത്രിവേണി സംവിധാനം ചെയ്യുന്ന പ്രൈം വിഡിയോയിലെ സുബേദാർ എന്ന ചിത്രത്തിലാണ് ഖുശ്ബു അടുത്തിടെ അഭിനയിച്ചത്. ചിത്രത്തിൽ താരത്തിന്‍റെ വേഷം ചെറുതായിരുന്നെങ്കിലും, അത് സിനിമയുടെ കഥാതന്തുവിന് നിർണായകമായിരുന്നു. 'സുബേദാറിൽ ആ കഥാപാത്രം അതിന്‍റെ വലുപ്പത്തെക്കാൾ എനിക്ക് പ്രധാനപ്പെട്ടതാണ്. ദൈർഘ്യത്തെക്കാളുപരി ആ കഥാപാത്രം സിനിമക്ക് എത്രത്തോളം പ്രാധാന്യമുള്ളതാണെന്നതാണ് എന്നെ ഏറെ ആകർഷിച്ചത്. ചർച്ചകൾ ഇപ്പോഴും നടക്കുന്നുണ്ട്. രസകരമായ എന്തെങ്കിലും വന്നാൽ, ഞാൻ അത് ചെയ്യും' ഖുഷ്ബു പറഞ്ഞു.

Tags:    
News Summary - Khushbu Sundar finds it 'difficult to give young actresses any advice

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.