വിവാദങ്ങളുടെ അകമ്പടിയോടെയാണ് രൺബീർ കപൂർ, ആലിയ ഭട്ട് ചിത്രമായ ബ്രഹ്മാസ്ത്ര തിയറ്ററുകളിൽ എത്തുന്നത്. സെപ്റ്റംബർ 9 ന് റിലീസിനെത്തുന്ന ചിത്രത്തിനെതിരെ ശക്തമായ പ്രതിഷേധമാണ് ഉയരുന്നത്. 2011ൽ തന്റെ ഇഷ്ടഭക്ഷണമായ ബീഫിനെ കുറിച്ച് പറഞ്ഞ കമന്റാണ് പ്രതിഷേധത്തിന്റെ കാരണം.
ബ്രഹ്മാസ്ത്രയുടെ റിലീസിനോട് അനുബന്ധിച്ച് ആലിയയും രൺബീറും ഉജ്ജയിനിലെ മഹാകാലേശ്വർ ക്ഷേത്രം സന്ദർശിച്ചിരുന്നു. ബീഫ് വിവാദത്തെ തുടർന്ന് ബജ്രംഗ്ദള്‍ പ്രവർത്തകർ ഇവരെ തടഞ്ഞു. തുടർന്ന് ക്ഷേത്രദർശനം നടത്താതെ താരങ്ങൾ മടങ്ങുകയായിരുന്നു. രൺബീർ- ആലിയ ക്ഷേത്രസന്ദർശനത്തോട് അനുബന്ധിച്ച് വൻ സുരക്ഷ ക്രമീകരണങ്ങളായിരുന്നു പൊലീസും ജില്ല ഭരണകൂടവും ഒരുക്കിയത്.
ഹിന്ദു യുവാക്കൾക്കിടയിൽ രൺബീറിന് ആരാധകരുണ്ടെങ്കിലും മതത്തെയും സംസ്‌കാരത്തെയും കുറിച്ച് ആരെങ്കിലും പറഞ്ഞാൽ ഇങ്ങനെ തന്നെ എതിർക്കുമെന്ന് ബജ്രംഗിദൾ നേതാവ് എഎൻഐയോട് പറഞ്ഞു. രൺബീറിന് രാജ്യത്തെ ഹിന്ദു യുവാക്കൾക്കിടയിൽ നിരവധി ആരാധകരുണ്ട്. അദ്ദേഹത്തിന്റെ എല്ല സിനിമകൾക്കും മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. എന്നാൽ ബീഫ് കഴിക്കുന്നതിനെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ പ്രസ്താവന അംഗീകരിക്കാനാവില്ല. നമ്മുടെ മതത്തെയും സംസ്‌കാരത്തെയും കുറിച്ച് ആരെങ്കിലും ഇങ്ങനെ പറഞ്ഞാൽ എതിർക്കുക തന്നെ ചെയ്യും. ഉജ്ജയിനിലെ ക്ഷേത്രത്തിൽ ദർശനത്തിനെത്തിയ രൺബീറിനെ ഞങ്ങൾ തടഞ്ഞു. ഭാവിയിലും, ഏതെങ്കിലും ബോളിവുഡ് സെലിബ്രിറ്റി നമ്മുടെ മതത്തെയും സംസ്‌കാരത്തെയും കുറിച്ച് ഇതുപോലെ അഭിപ്രായം പറഞ്ഞാൽ, അതിനെ വീണ്ടും എതിർക്കുക തന്നെ ചെയ്യും- ബജ്രംഗ്ദള്‍ നേതാവ് വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.