മഞ്ഞുമ്മൽ ബോയ്സ് പഠിപ്പിച്ച പാഠം; എല്ലാവരും കണ്ടിരിക്കണം -വിക്രാന്ത് മാസ്സി

മഞ്ഞുമ്മൽ ബോയ്സ് ചിത്രത്തെ പ്രശംസിച്ച് ബോളിവുഡ് താരം വിക്രാന്ത് മാസ്സി. ഈ വര്‍ഷം ഇതുവരെ കണ്ടതിൽ ഏറ്റവും പ്രിയപ്പെട്ട ചിത്രമാണ് മഞ്ഞുമ്മല്‍ ബോയ്‌സ്  എന്നാണ് നടൻ പറയുന്നത്. കൂടാതെ എല്ലാവരും ഈ ചിത്രം കാണണമെന്നും സൗഹൃദത്തിന്റെയും ഇച്ഛാശക്തിയുടെയും ഉദാഹരണമാണ് മഞ്ഞുമ്മൽ ബോയ്സ് എന്നും നടൻ  കൂട്ടിച്ചേർത്തു. ഹോട്ട്സ്റ്റാറാണ് വിക്രാന്തിന്റെ വിഡിയോ ഔദ്യോഗിക സോഷ്യൽ മീഡിയ പേജിൽ പങ്കുവെച്ചത്.

'ഒരു സർവൈവൽ ത്രില്ലർ സിനിമയേക്കാൾ ത്രില്ലങ് എന്താണെന്ന് അറിയാമോ ? ഒരു യഥാർഥ കഥയെ അടിസ്ഥാനമാക്കിയുള്ള ഒരു അതിജീവന ത്രില്ലർ! എല്ലാവരെയും പോലെ ഞാനും മഞ്ഞുമ്മല്‍ ബോയ്‌സ് കണ്ടു. ഈ സിനിമ എന്റെയുള്ളിൽ ഒരിക്കലും പ്രതീക്ഷ കൈ വിടരുതെന്ന എന്ന ചിന്ത വീണ്ടും ജ്വലിപ്പിച്ചു.

സൗഹൃദത്തിന്റെയും ഇച്ഛാശക്തിയുടെയും ഉദാഹരണമാണ് ഈ കഥ. കൂടാതെ അതിമനോഹരമായ ദൃശ്യങ്ങളും താരങ്ങളുടെ  മനം കവരുന്ന പ്രകടനങ്ങളും ചിത്രത്തെ വൻ വിജയമാക്കി. ഇത് തീർച്ചയായും കണ്ടിരിക്കേണ്ട ചിത്രമാണ്, എന്നെ സംബന്ധിച്ചിടത്തോളം ഈ വർഷം ഇതുവരെ കണ്ട ചിത്രങ്ങളിൽ ഏറ്റവും പ്രിയപ്പെട്ടതാണ് മഞ്ഞുമ്മൽ ബോയ്സ്- വിക്രാന്ത് പറഞ്ഞു.

ജാൻ-എ- മന്നിന് ശേഷം ചിദംബരം സംവിധാനം ചെയ്ത ചിത്രമാണ് മഞ്ഞുമ്മൽ ബോയ്സ്. ഫെബ്രുവരി 22 ന് തിയറ്ററുകളിലെത്തിയ ചിത്രം ആഗോളതലത്തിൽ 240.59 കോടിയാണ് നേടിയത്. കൊച്ചിയിൽ  നിന്ന് ഒരു സംഘം സുഹൃത്തുക്കൾ കൊടൈക്കനാലിൽ വിനോദയാത്ര പോകുന്നതും, അവിടെവെച്ച് അവർക്ക് അഭിമുഖീകരിക്കേണ്ടി വരുന്ന സംഭവ വികാസങ്ങളുമാണ് സിനിമയുടെ ഇതിവൃത്തം.ഗുണ കേവിന്‍റെ പശ്ചാത്തലത്തിലാണ് കഥ വികസിക്കുന്നത്.

സൗബിൻ ഷാഹിർ, ശ്രീനാഥ് ഭാസി, ബാലു വർഗീസ്, ഗണപതി, ലാൽ ജൂനിയർ, അഭിറാം രാധാകൃഷ്ണൻ, ദീപക് പറമ്പോൽ, ഖാലിദ് റഹ്‌മാൻ, അരുൺ കുര്യൻ, വിഷ്ണു രഘു എന്നിവരാണ് ചിത്രത്തിലെ താരങ്ങൾ. പറവ ഫിലിംസിന്റെ ബാനറിൽ സൗബിൻ ഷാഹിർ, ബാബു ഷാഹിർ, ഷോൺ ആന്റണി എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിച്ചത്. മഞ്ഞുമ്മൽ ബോയ്സ്  ഡിസ്നി ഹോട്ട്സ്റ്റാറിൽ സ്ട്രീമിങ് ആരംഭിച്ചിട്ടുണ്ട്.

News Summary - Vikrant Massey watches ‘Manjummel Boys’: 'This film has reignited the ‘never give up’ attitude within me'

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.