'ധുരന്ധർ 2' വിന്റെ റിലീസിനായുള്ള കാത്തിരിപ്പിനിടയിലും ഒന്നാം ഭാഗം ബോക്സ് ഓഫീസിൽ റെക്കോർഡുകൾ തിരുത്തിക്കുറിക്കുന്നത് തുടരുകയാണ്. രണ്ടാം ഭാഗത്തിന്റെ ടീസർ പുറത്തിറങ്ങിയ ദിവസം തന്നെ, 'ധുരന്ധർ' ഒന്നാം ഭാഗം ഇന്ത്യയിലുടനീളം നാല് കോടി (40 മില്യൺ) പിന്നിട്ടു. ആദിത്യ ധർ സംവിധാനം ചെയ്ത ധുരന്ധർ ഒരു സ്പൈ ത്രില്ലറാണ്. പാകിസ്താനിലെ ഇന്ത്യൻ ചാരനായാണ് രൺവീർ സിങ് എത്തുന്നത്. ചിത്രത്തിന്റെ രണ്ടാം ഭാഗം 'ധുരന്ധർ: ദി റിവഞ്ച്' മാർച്ച് 19ന് പുറത്തിറങ്ങും.
ബോക്സ് ഓഫീസിലെ ജൈത്രയാത്ര തുടരുന്ന ധുരന്ധർ ടിക്കറ്റ് ബുക്കിങ് പ്ലാറ്റ്‌ഫോമായ ബുക്ക് മൈ ഷോയിലും ചരിത്രനേട്ടം സ്വന്തമാക്കിയിരിക്കുകയാണ്. സാക്നിൽക്കിന്റെ റിപ്പോർട്ട് പ്രകാരം ബുക്ക് മൈ ഷോയിലൂടെ മാത്രം 1.3 കോടി ടിക്കറ്റുകളാണ് ചിത്രം ഇതുവരെ വിറ്റഴിച്ചത്. ഇതോടെ പ്ലാറ്റ്‌ഫോമിൽ ഏറ്റവും കൂടുതൽ ടിക്കറ്റുകൾ വിറ്റഴിക്കപ്പെട്ട ഹിന്ദി ചിത്രമെന്ന റെക്കോർഡ് ധുരന്ധറിന് സ്വന്തമായി. കഴിഞ്ഞ വർഷം വിക്കി കൗശൽ ചിത്രം 'ഛാവ' കുറിച്ച 1.25 കോടി ടിക്കറ്റുകളുടെ റെക്കോർഡാണ് ധുരന്ധർ മറികടന്നത്. ധുരന്ധർ: 1.3 കോടി ടിക്കറ്റുകൾ, ഛാവ: 1.25 കോടി ടിക്കറ്റുകൾ, ജവാൻ: 1.24 കോടി ടിക്കറ്റുകൾ എന്നിങ്ങനെയാണ് കണക്കുകൾ.
രൺവീർ സിങ് നായകനായ ഈ ചിത്രം 2025 ഡിസംബർ 5നാണ് തിയേറ്ററുകളിൽ എത്തിയത്. ആദ്യദിനം 30 കോടി രൂപയുടെ ഭേദപ്പെട്ട തുടക്കമാണ് ലഭിച്ചതെങ്കിലും മികച്ച അഭിപ്രായങ്ങൾ പ്രചരിച്ചതോടെ ചിത്രം കുതിച്ചുയർന്നു. ജനുവരിയിൽ റിലീസിന്റെ ഏഴാം വാരമെത്തിയപ്പോഴേക്കും ഇന്ത്യയിൽ നിന്ന് മാത്രം 800 കോടി രൂപ നെറ്റ് കലക്ഷൻ (1000 കോടി ഗ്രോസ്) ചിത്രം സ്വന്തമാക്കി. ശരാശരി ടിക്കറ്റ് നിരക്ക് 250 രൂപയായി കണക്കാക്കിയാൽ ഈ ആഴ്ചയോടെ ചിത്രം നാല് കോടി ടിക്കറ്റുകൾ വിറ്റഴിച്ചതായി ട്രേഡ് അനലിസ്റ്റുകൾ വിലയിരുത്തുന്നു. ബോളിവുഡിൽ 2001ൽ പുറത്തിറങ്ങിയ 'ഗദർ' (5 കോടി ടിക്കറ്റുകൾ) എന്ന ചിത്രത്തിന് ശേഷം 24 വർഷങ്ങൾക്കിടയിൽ ഈ നേട്ടം കൈവരിക്കുന്ന ആദ്യ ചിത്രമാണിത്.
ആഗോളതലത്തിൽ 1,300 കോടി രൂപയിലേറെ ഗ്രോസ് കലക്ഷൻ നേടിയ ഈ ചിത്രത്തിൽ രൺവീർ സിങ്ങിനൊപ്പം അക്ഷയ് ഖന്ന, അർജുൻ രാംപാൽ, ആർ മാധവൻ, സഞ്ജയ് ദത്ത്, രാകേഷ് ബേദി, ഗൗരവ് ഗേര, സാറ അർജുൻ എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു. ഇന്ത്യൻ സിനിമ ചരിത്രത്തിൽ ഈ നേട്ടം കൈവരിക്കുന്ന 19-ാമത്തെ ചിത്രം മാത്രമാണ് ധുരന്ധർ.
ഈ പട്ടികയിൽ ഷോലെ, ബാഹുബലി 2, മുഗൾ-ഇ-അസം, മദർ ഇന്ത്യ എന്നീ ചിത്രങ്ങളാണ് ആദ്യ നാല് സ്ഥാനങ്ങളിൽ. ഓരോന്നും 10 കോടിക്ക് മുകളിൽ ടിക്കറ്റുകൾ വിറ്റ് പോയിട്ടുണ്ട്. ആമിർ ഖാന്റെ ദംഗൽ (3.7 കോടി), പി.കെ (3.5 കോടി), സണ്ണി ഡിയോളിന്റെ ബോർഡർ (3.7 കോടി), ഷാരൂഖ് ഖാന്റെ കുച്ച് കുച്ച് ഹോത്താ ഹേ (3.5 കോടി), കഭി ഖുഷി കഭി ഖം (3.1 കോടി) എന്നീ ചിത്രങ്ങളുടെ റെക്കോർഡുകളാണ് തകർന്നത്. കൂടാതെ പഴയകാല ക്ലാസിക്കുകളായ സി.ഐ.ഡി (3.1 കോടി), ലൈലാ മജ്‌നു (3.6 കോടി) എന്നിവയെയും രൺവീർ ചിത്രം പിന്നിലാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.