വിജയും നാഗരത്നയും
നടൻ ദുനിയ വിജയ്, നാഗരത്ന വിവാഹ മോചനത്തിന് കർണാടക ഹൈകോടതി അനുമതി
ബംഗളൂരു: പ്രശസ്ത കന്നട നടനും സംവിധായകനും നിർമാതാവുമായ ദുനിയ വിജയ്‍ക്കും ഭാര്യ നാഗരത്നക്കും കർണാടക ഹൈകോടതി വിവാഹമോചനം അനുവദിച്ചു. ഭാര്യക്ക് ഒറ്റത്തവണ ജീവനാംശമായി രണ്ട് കോടി രൂപ നൽകാൻ വിജയ്ക്ക് കോടതി നിർദേശം നൽകി.
ജസ്റ്റിസുമാരായ ഡി.കെ. സിങ്,എച്ച്. ശാന്തി ഭൂഷൺ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചാണ് വിധി പ്രസ്താവിച്ചത്. നാഗരത്നയുടെ സാഹചര്യങ്ങൾ, ദമ്പതികളുടെ മൂന്ന് കുട്ടികൾ, വിജയ്‌യുടെ സാമ്പത്തിക സ്ഥിതി, സിനിമാ മേഖലയിലെ പദവി എന്നിവ കോടതി പരിഗണിച്ചു. ദമ്പതികൾ തമ്മിലുള്ള തർക്കം വർഷങ്ങളോളമായി തുടരുന്നതാണ്. നേരത്തെ വിവാഹമോചനത്തിനുള്ള വിജയിയുടെ അപേക്ഷ കുടുംബ കോടതി തള്ളിയിരുന്നു. ബന്ധം വഷളായി തന്നെ തുടർന്നു, വിജയ് ഒരുമിച്ച് താമസിക്കാൻ തയാറായില്ല. വിവാഹമോചനത്തെ നഗരത്ന എതിർത്തിരുന്നു.
നടപടിക്രമങ്ങൾക്കിടെ, നാഗരത്ന തന്റെ മാതാപിതാക്കളെ ശരിയായി പരിപാലിക്കുന്നതിൽ പരാജയപ്പെട്ടുവെന്ന് വിജയ് ആരോപിച്ചു. വിവാഹബന്ധത്തിലെ ദീർഘകാല തകർച്ചയും ഭാര്യയുടെയും കുട്ടികളുടെയും ക്ഷേമവും പരിഗണിച്ച ശേഷം, ഹൈകോടതി വിവാഹമോചന ഹരജി അനുവദിക്കുകയായിരുന്നു. നഷ്ടപരിഹാരം രണ്ട് മാസത്തിനുള്ളിൽ നൽകണം. നിശ്ചിത കാലയളവിനുള്ളിൽ പണം അടക്കുന്നതിൽ പരാജയപ്പെട്ടാൽ വിജയ് പ്രതിവർഷം ആറ് ശതമാനം നിരക്കിൽ പലിശ നൽകേണ്ടിവരും.
പൊതുപ്രവർത്തകർ സ്‌ക്രീനിൽ കാണിക്കുന്ന നല്ല പെരുമാറ്റവും മൂല്യങ്ങളും അവരുടെ വ്യക്തിജീവിതത്തിലും പ്രതിഫലിക്കണമെന്ന് ബെഞ്ച് നിരീക്ഷിച്ചു. ഉചിതമായ ഫോറത്തിന് മുന്നിൽ ഉത്തരവിനെ ചോദ്യം ചെയ്യാൻ കക്ഷികൾക്ക് അവസരമുണ്ട്. 2007ൽ പുറത്തിറങ്ങിയ ബ്ലോക്ക്ബസ്റ്റർ ദുനിയ എന്ന ചിത്രത്തിലൂടെ പ്രശസ്തിയിലേക്ക് ഉയർന്ന ദുനിയ വിജയ് പിന്നീട് കന്നട ചലച്ചിത്രമേഖലയിൽ സംവിധായകൻ, നിർമാതാവ് എന്നീ നിലകളിലും പ്രശസ്തനായി. വീരസിംഹ റെഡ്ഡിയിൽ തെലുങ്ക് താരം നന്ദമുരി ബാലകൃഷ്ണയ്‌ക്കൊപ്പം പ്രധാന വില്ലനായി അഭിനയിച്ചു.
വിജയ് സംവിധാനം ചെയ്ത് വിനയ് രാജ്കുമാർ പ്രധാന വേഷത്തിൽ എത്തുന്ന കന്നട ചിത്രമായ സിറ്റി ലൈറ്റ്സിലൂടെയാണ് മോണിഷ വിജയ് കുമാർ അഭിനയരംഗത്തേക്ക് പ്രവേശിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.