മുംബൈ: ഭാഷാവ്യത്യാസമില്ലാതെ ആരാധകരെ സൃഷ്ടിച്ച നടനാണ് വിജയ് ദേവരകൊണ്ട. നടന്റെ ഏറ്റവും പുതിയ ചിത്രമായ ലൈഗർ റിലീസിനായി ഒരുങ്ങുകയാണ്. ആഗസ്റ്റ് 25 നാണ് ചിത്രം തിയറ്ററുകളിൽ എത്തുന്നത്. ഹിന്ദി, തെലുങ്ക് ഭാഷകളിലായി റിലീസിനെത്തുന്ന ചിത്രം കന്നഡ, തമിഴ്, മലയാളം എന്നീ ഭാഷകളിൽ മൊഴി മാറ്റി പ്രദർശനത്തിനെത്തും.
ബോളിവുഡ് താരം അനന്യ പാണ്ഡെ നായികയായി എത്തുന്ന ചിത്രത്തിൽ ബോക്സിങ് ഇതിഹാസം മൈക്ക് ടൈസണും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പക്കുന്നുണ്ട്. അദ്ദേഹത്തിന്റെ ആദ്യ ഹിന്ദി ചിത്രമാണിത്. ലൈഗർ തിയറ്റർ റിലീസിനൊരുങ്ങുമ്പോൾ മൈക്ക് ടൈസണിൽ നിന്ന് അബദ്ധത്തിൽ തല്ലു കിട്ടിയ സംഭവം പറയുകയാണ് താരം.
'മൈക്ക് ടൈസനോടൊപ്പം അഭിനയിക്കാൻ കഴിഞ്ഞത് മികച്ച അനുഭവമായിട്ടാണ് കാണുന്നത്. വളരെ പാവം വ്യക്തിയാണ്. സെറ്റിലെത്തി അദ്ദേഹത്തിന്റെ കൈകളും കാലും കഴുത്തും കണ്ടപ്പോൾ ആദ്യം ഞാൻ ആകെ വിഷമിച്ചു'- വിജയ് ദേവരകൊണ്ട പറഞ്ഞു.
'ഫൈറ്റ് റിഹേഴ്സൽ ചെയ്യുന്നതിനിടെ അബദ്ധത്തിൽ ഒരു അടി മുഖത്ത് കിട്ടി. തല പൊട്ടി പോകുന്നത് പോലെയാണ് തോന്നിയത്. ഒരു ദിവസം മുഴുവൻ മൈഗ്രേൻ ആയിരുന്നു. അടി കൊണ്ട് ബോധം പോയില്ലെങ്കിലും ശരീരം വീണു പോകുന്നത് പോലെയാണ് തോന്നിയത്'- നടൻ കൂട്ടിച്ചേർത്തു.
പൂരി ജഗന്നാഥാണ് ലൈഗർ സംവിധാനം ചെയ്യുന്നത്. ഒരു ചായക്കടക്കാരനിൽനിന്നു ലാസ്വെഗാസിലെ മിക്സഡ് മാർഷ്യൽ ആർട്സ് ചാംപ്യനിലേക്കെത്താൻ ശ്രമിക്കുന്ന യുവാവിന്റെ കഥയാണ് ചിത്രം. വിജയ് ദേവരകൊണ്ടക്കും അനന്യ പാണ്ഡെക്കുമൊപ്പം രമ്യാ കൃഷ്ണൻ, റോണിത് റോയ്, വിഷു റെഡ്ഡി, ആലി, മകരന്ദ് ദേശ്പാണ്ഡെ, ഗെറ്റ് അപ് ശ്രീനു എന്നിവരും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നുണ്ട്.
കരൺ ജോഹറിനൊപ്പം പുരി ജഗന്നാഥും നടി ചാർമി കൗറും അപൂർവ മെഹ്തയും ചേർന്നാണ് ചിത്രം നിർമിക്കുന്നത്. ശ്രീ ഗോകുലം മൂവീസ് ഉടമ ഗോകുലന്‍ ഗോപാലനാണ് ചിത്രം കേരളത്തിൽ എത്തിക്കുന്നത്. പ്രെമോഷന്റെ ഭാഗമായി താരങ്ങൾ കേരളത്തിൽ എത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.