ഉജ്ജ്വൽ കുൽക്കർണി

19ാം വയസ്സിൽ ബ്രഹ്മാണ്ഡ പടത്തിന്റെ എഡിറ്റർ; ഉജ്ജ്വലിനെ ഗൂഗ്ളിൽ തിരഞ്ഞ് സിനിമാപ്രേമികൾ

അടുത്തിടെ ഇന്റർനെറ്റിൽ ഇന്ത്യക്കാർ ഏറ്റവും കൂടുതൽ തിരഞ്ഞ പേരുകളിലൊന്നാണ് ഉജ്ജ്വൽ കുൽക്കർണി. ലോകമെമ്പാടുമുള്ള ഇന്ത്യൻ സിനിമാ പ്രേക്ഷകർ ആവേശത്തോടെ കാത്തിരിക്കുന്ന 'കെ.ജി.എഫ്-2'ന്റെ മുഖ്യ എഡിറ്ററാണ് 19കാരനായ ഉജ്ജ്വൽ. വിക്കിപീഡിയയിൽ 'കെ.ജി.എഫ്-2'ന്റെ എഡിറ്റർ എന്ന് കാണിച്ചിരിക്കുന്നത് ഉജ്ജ്വലിന്റെ പേര് മാത്രമാണ് താനും.

സിനിമയുടെ പ്ര​മോഷന്റെ ഭാഗമായി അടുത്തിടെ നായകൻ യാഷ് നൽകിയ അഭിമുഖത്തിലാണ് ഉജ്ജ്വലിന്റെ പേര് ആദ്യമായി സിനിമാ പ്രേമികൾ കേൾക്കുന്നത്. ഉജ്ജ്വൽ 'കെ.ജി.എഫ്' ടീമിലെത്തിയ കഥ കൂടി യാഷ് പറഞ്ഞതോടെ ആരാധകരുടെ ആകാംക്ഷ വർധിക്കുകയും ചെയ്തു. 'കെ.ജി.എഫ്' ആദ്യ ഭാഗം ഇറങ്ങിയ ശേഷം ഉജ്ജ്വൽ ഒരു ഫാൻ വീഡിയോ എഡിറ്റ് ചെയ്ത് സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ചിരുന്നു. സിനിമയുടെ വിജയാഘോഷത്തിന് കേക്ക് മുറിക്കൽ ആഘോഷങ്ങൾക്കുള്‍പ്പെടെ ഉജ്ജ്വൽ ഉണ്ടായിരുന്നു. ഉജ്ജ്വൽ തയാറാക്കിയ വീഡിയോ കെ.ജി.എഫ് സംവിധായകൻ പ്രശാന്ത് നീലിന്‍റെ ഭാര്യ കാണുകയും അദ്ദേഹത്തിന്റെ ശ്രദ്ധയിൽപ്പെടുത്തുകയുമായിരുന്നു.

ഇത് ഇഷ്ടപ്പെട്ട പ്രശാന്ത് തന്‍റെ ടീമിനൊപ്പം ചേരാൻ ഉജ്ജ്വലിനെ ക്ഷണിച്ചു. മൂന്ന് വര്‍ഷം പ്രശാന്ത് ഉജ്ജ്വൽ എഡിറ്റിങിൽ പരിശീലനവും നൽകി. 'ഞങ്ങളുടെ മുഖ്യ എഡിറ്റർമാരിൽ ഒരാൾ ഉജ്ജ്വലാണ്. അവന്റെ എഡിറ്റിങ് കഴിവുകൾ തിരിച്ചറിഞ്ഞ ശേഷമാണ് പ്രശാന്ത് നീൽ മൂന്നുവർഷത്തെ പരിശീലനം നൽകിയത്. ഇതോടെ ഒരു മികച്ച എഡിറ്ററായി ഉജ്ജ്വൽ മാറിയിട്ടുണ്ട്' -യാഷ് പറഞ്ഞു.

ഇത്രയും വലിയ ബ്രഹ്മാണ്ഡ ചിത്രത്തിന്റെ രണ്ടാം ഭാഗത്തിന്റെ എഡിറ്ററായി ഒരു 19കാരൻ വന്നതിൽ അത്ഭുതപ്പെട്ടിരിക്കുകയാണ് സിനിമാ ലോകം. ശ്രീകാന്ത് ഗൗഡയായിരുന്നു കെ.ജി.എഫ് ആദ്യ ഭാഗത്തിന്റെ എഡിറ്റർ. രണ്ടാം ഭാഗത്തിന്റെ എഡിറ്ററായി ഉജ്ജ്വൽ കുൽക്കർണിയുടെ പേരാണ് കാണിക്കുന്നത്. ആദ്യഭാഗത്തിന്റെ ക്യാമാറാമാൻ ഭുവൻ ഗൗഡ തന്നെയാണ് രണ്ടാം ഭാഗത്തിന്റെയും ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത്. ആദ്യഭാഗത്തിന് സംഗീതമൊരുക്കിയ രവി ബസ്രൂർ തന്നെയാണ് രണ്ടാം ഭാഗത്തിന്റെയും സംഗീതം. 2018 ഡിസംബര്‍ 21ന് റിലീസ് ചെയ്ത ആദ്യ ഭാഗതിന് 80 കോടിയായിരുന്നു ബജറ്റ്. ലോകമെമ്പാടും നിന്ന് 250 കോടിയിലേറെയാണ് സിനിമ കളക്ഷൻ നേടിയത്. നൂറ് കോടി ബജറ്റിലാണ് രണ്ടാം ഭാഗമൊരുക്കിയിരിക്കുന്നത്. കന്നഡ, ഹിന്ദി, മലയാളം, തെലുങ്ക്, തമിഴ് ഭാഷകളിലാണ് ചിത്രം ഏപ്രിൽ 14ന് ലോകമെമ്പാടുമെത്തുന്നത്.

Tags:    
News Summary - Ujwal Kulkarni, 19 year old editor of KGF2

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.