തൂവാനത്തുമ്പികൾ മുതൽ രേഖാചിത്രം വരെ... ഒ.ടി.ടിയിൽ കാണാം മികച്ച 10 മലയാള സിനിമകൾ

മികച്ച സിനിമകൾ നിർമിക്കുന്നതിൽ മലയാളം എന്നും മുൻപന്തിയിലാണ്. തൂവാനത്തുമ്പികൾ മുതൽ മലയാളത്തിലെ ഏറ്റവും പുതിയ ചിത്രങ്ങളിൽ ഒന്നായ രേഖാചിത്രം വരെ, നിങ്ങൾക്ക് എപ്പോൾ വേണമെങ്കിലും ഒ.ടി.ടിയിൽ സ്ട്രീം ചെയ്യാൻ കഴിയുന്ന മികച്ച 10 മലയാള സിനിമകൾ ഇതാ...

തൂവാനത്തുമ്പികൾ (ജിയോ ഹോട്ട്സ്റ്റാർ)

പത്മരാജന്റെ ഏറ്റവും ജനപ്രീതി നേടിയ ചിത്രങ്ങളിൽ ഒന്നാണ് 1987ൽ പുറത്തിറങ്ങിയ തൂവാനത്തുമ്പികൾ. പത്മരാജൻ തന്നെ എഴുതിയ 'ഉദകപ്പോള' എന്ന ചെറു നോവലിനെ ആസ്പദമാക്കിയാണു ചിത്രത്തിന്‍റെ കഥ. മണ്ണാറത്തൊടിയിലെ ജയകൃഷ്ണനും ക്ലാരയും രാധയുമൊക്കെ ഇന്നും മലയാളിക്ക് പ്രിയപ്പെട്ടവരാണ്.

തനിയാവർത്തനം (പ്രൈം വിഡിയോ)

സിബി മലയിൽ സംവിധാനം ചെയ്ത് 1987-ൽ പുറത്തിറങ്ങിയ ചിത്രമാണ് തനിയാവർത്തനം. ലോഹിതദാസ് ആദ്യമായി തിരക്കഥ രചിച്ചത് ഈ ചിത്രത്തിനുവേണ്ടിയാണ്. കുടുംബത്തിലെ പുരുഷന്മാർക്ക് പാരമ്പര്യമായി ലഭിക്കുന്ന ഭ്രാന്തിന്റെ വിഹ്വലതകളിൽപ്പെട്ടുഴലുന്ന ബാലൻ മാഷാണ് പ്രധാന കഥാപാത്രം. മമ്മൂട്ടിയാണ് ബാലൻ മാഷിനെ അവതരിപ്പിച്ചത്. മുകേഷ്, തിലകൻ, സരിത എന്നിവരും പ്രധാനവേഷങ്ങളിൽ അഭിനയിച്ചു.

കിരീടം (ജിയോ ഹോട്ട്സ്റ്റാർ)

മോഹൻലാൽ, തിലകൻ, കവിയൂർ പൊന്നമ്മ എന്നിവർ അഭിനയിച്ച ഇമോഷണൽ-ആക്ഷൻ ചിത്രമാണ് കിരീടം. ഇത് മലയാളത്തിലെ ഏറ്റവും മികച്ച ചിത്രങ്ങളിൽ ഒന്നായി കണക്കാക്കപ്പടുന്നു. ലോഹിതദാസിന്റെ തിരക്കഥയിൽ സിബി മലയിൽ സംവിധാനം ചിത്രം 1989-ലാണ് പുറത്തിറങ്ങിയത്. ചിത്രത്തിലെ അഭിനയത്തിന് മോഹൻലാലിന് ദേശീയ തലത്തിൽ പ്രത്യേക ജൂറി പുരസ്കാരം ലഭിക്കുകയുണ്ടായി.

നമുക്കു പാർക്കാൻ മുന്തിരിത്തോപ്പുകൾ (ജിയോ ഹോട്ട്സ്റ്റാർ)

പത്മരാജൻ തിരക്കഥയയെഴുതി സംവിധാനം ചെയ്ത ചലച്ചിത്രമാണു നമുക്കു പാർക്കാൻ മുന്തിരിത്തോപ്പുകൾ. സോഫിയയും സോളമനും മലയാളത്തിലെ ഏക്കാലത്തേയും പ്രിയപ്പെട്ട പ്രണയ ജോഡികളാണ്. കെ.കെ.സുധാകരന്‍റെ നമുക്കു ഗ്രാമങ്ങളിൽ ചെന്നു രാപാർ‌ക്കാം എന്ന നോവലിനെ ആസ്പദമാക്കിയാണ്‌ തിരക്കഥ.

മണിച്ചിത്രത്താഴ് (ജിയോ ഹോട്ട്സ്റ്റാർ)

1993-ൽ ഫാസിൽ സംവിധാനം ചെയ്ത സൈക്കോളജിക്കൽ ത്രില്ലർ ചലചിത്രമാണ് മണിച്ചിത്രത്താഴ്. മധു മുട്ടം തിരക്കഥ രചിച്ച ഈ ചിത്രത്തിൽ മോഹൻലാൽ, സുരേഷ് ഗോപി, ശോഭന എന്നിവരാണ് മുഖ്യകഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. ചിത്രത്തിൽ ഗംഗയുടെയും നാഗവല്ലിയുടെയും ഭാവതലങ്ങളിലൂടെ അനായാസം സഞ്ചരിച്ച ശോഭനക്ക് മികച്ച നടിക്കുള്ള ദേശീയ പുരസ്‌കാരം ലഭിച്ചു.

പ്രേമം (ജിയോ ഹോട്ട്സ്റ്റാർ)

അൽഫോൺസ് പുത്രന്‍റെ സംവിധാനത്തിൽ 2015-ൽ പുറത്തിറങ്ങിയ പ്രണയ-കോമഡി-ഡ്രാമയാണ് പ്രേമം. ജോർജ്ജിന്റെ (നിവിൻ പോളി) മൂന്ന് വ്യത്യസ്ത പ്രണയകഥകളിലൂടെയുള്ള യാത്രയാണ് ഇതിവൃത്തം. സായ് പല്ലവി, മഡോണ സെബാസ്റ്റ്യൻ, അനുപമ പരമേശ്വരൻ, എന്നിവരാണ് ചിത്രത്തിലെ നായികമാർ. കൃഷ്ണ ശങ്കർ, ശബരീഷ് വർമ എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

ഇ. മ.യൗ (പ്രൈം വിഡിയോ)

ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത് 2018-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് ഇ. മാ.യൗ. ഈശോ മറിയം യൗസേപ്പേ എന്നതിന്റെ ചുരുക്ക രൂപമാണ് ഈ.മ.യൗ. വിനായകൻ, ചെമ്പൻ വിനോദ് ജോസ്, ദിലീഷ് പോത്തൻ എന്നിവരാണ് പ്രധാനവേഷങ്ങളിൽ അഭിനയിച്ചത്. ചെല്ലാനം എന്ന തീരദേശ ഗ്രാമത്തിൽ നടക്കുന്ന ഒരു വൃദ്ധന്റെ മരണവും അതിനെത്തുടർന്ന് ഉണ്ടാവുന്ന സംഭവങ്ങളുമാണ് ഈ ചിത്രത്തിന്റെ ഇതിവൃത്തം.

ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചൺ (പ്രൈം വിഡിയോ)

2021ൽ ഒ.ടി.ടി റിലീസായെത്തി ഏറെ ചർച്ചയായ ചിത്രമാണ് ജിയോ ബേബി രചനയും സംവിധാനവും നിർവഹിച്ച ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചൺ. നിമിഷ സജയനും സുരാജ് വെഞ്ഞാറമൂടുമാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ജിയോ ബേബിയുടെ നാലാമത്തെ ചിത്രമായിരുന്നു ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചൺ. ചിത്രത്തിലെ കഥാപാത്രങ്ങൾക്കൊന്നും പേരുകൾ ഇല്ലെന്നതും ശ്രദ്ധേയമാണ്.

മഞ്ഞുമ്മൽ ബോയ്സ് (ജിയോ ഹോട്ട്സ്റ്റാർ)

കൊടൈക്കനാലിലേക്കുള്ള ഒരു കൂട്ടം സുഹൃത്തുക്കളുടെ യാത്രയുടെ കഥ പറയുന്ന സർവൈവൽ ത്രില്ലറാണ് മഞ്ഞുമ്മൽ ബോയ്സ്. 2024ലാണ് ചിത്രം പുറത്തിറങ്ങിയത്. സൗബിൻ ഷാഹിർ, ശ്രീനാഥ് ഭാസി, ബാലു വർഗീസ്, ഗണപതി, ജീൻ പോൾ ലാൽ, ചന്തു സലിംകുമാർ, ദീപക് പറമ്പോൽ, അഭിരാം രാധാകൃഷ്ണൻ, അരുൺ കുര്യൻ, ഖാലിദ് റഹ്മാൻ എന്നിവരാണ് പ്രധാന വേഷത്തിൽ എത്തിയത്.

രേഖാചിത്രം (സോണി ലിവ്)

ജോഫിൻ ടി. ചാക്കോ സംവിധാനം ചെയ്ത 2025ൽ പുറത്തിറങ്ങിയ ചിത്രമാണ് രേഖാചിത്രം. ജോൺ മന്ത്രിക്കലാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. അനശ്വര രാജൻ, ആസിഫ് അലി, മനോജ് കെ. ജയൻ, ഇന്ദ്രൻസ്, ഹരിശ്രീ അശോകൻ തുടങ്ങിയവരും സുപ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. ഭാമ അരുൺ, ജഗദീഷ്, സായികുമാർ, നിഷാന്ത് സാഗർ, പ്രേംപ്രകാശ്, സുധി കോപ്പ, മേഘ തോമസ്, സെറിൻ ശിഹാബ് തുടങ്ങിയവരാണ് ചിത്രത്തിലെ താരങ്ങൾ. 

Tags:    
News Summary - Top 10 Malayalam movies to watch on OTT

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.