മകരസംക്രാന്തി ദിനത്തിൽ 2026-ൽ തീയറ്ററുകൾക്ക് ശേഷം നെറ്റ്ഫ്ലിക്സിലൂടെ പ്രേക്ഷകരിലേക്ക് എത്തുന്ന തെലുങ്ക് സിനിമകളുടെ വമ്പൻ നിര പുറത്തുവിട്ടു. തെലുങ്ക് സിനിമാലോകത്തെ സൂപ്പർതാരങ്ങൾ അണിനിരക്കുന്ന ആവേശകരമായ പ്രോജക്റ്റുകളാണ് വരാനിരിക്കുന്നത്. വൈവിധ്യമാർന്ന കഥകളിലൂടെയും മികച്ച നിർമാണശൈലിയിലൂടെയും ആഗോളതലത്തിൽ ശ്രദ്ധനേടുന്ന തെലുങ്ക് സിനിമകളോടുള്ള തങ്ങളുടെ പ്രതിബദ്ധത നെറ്റ്ഫ്ലിക്സ് ഇതിലൂടെ ഒരിക്കൽ കൂടി ഉറപ്പിക്കുകയാണ്.
പുഷ്പ 2, ഹിറ്റ് 3, ദേ കോൾ ഹിം ഒജി (OG) തുടങ്ങിയ മാസ് ചിത്രങ്ങളും, 'കോർട്ട്: സ്റ്റേറ്റ് വേഴ്സസ് എ നോബോഡി', 'ദി ഗേൾഫ്രണ്ട്' തുടങ്ങിയ നിരൂപക പ്രശംസ നേടിയ സിനിമകളും ഉൾപ്പെട്ട 2025-ലെ മികച്ച വിജയങ്ങൾക്ക് പിന്നാലെയാണ് പുതിയ പ്രഖ്യാപനം. 2026-ലേക്കുള്ള പട്ടികയിൽ പവൻ കല്യാൺ നായകനാകുന്ന 'ഉസ്താദ് ഭഗത് സിംഗ്', നാനിയുടെ ചിത്രം 'ദി പാരഡൈസ്' എന്നിവയുമുണ്ട്. ദുൽഖർ സൽമാൻ നായകനാകുന്ന ചിത്രം "ആകാശംലോ ഒക താര", ഫഹദ് ഫാസിൽ വ്യത്യസ്തമായ വേഷത്തിലെത്തുന്ന 'ഡോണ്ട് ട്രബിൾ ദി ട്രബിൾ' എന്നിവയും ഈ പട്ടികയിലെ പ്രധാന ആകർഷണങ്ങളാണ്.
വിജയ് ദേവരകൊണ്ടയുടെ പിരീഡ് ആക്ഷൻ സിനിമയായ 'VD14', വെങ്കിടേഷ്-ത്രിവിക്രം കൂട്ടുകെട്ടിലൊരുങ്ങുന്ന 'ആദർശ കുടുംബം - ഹൗസ് നമ്പർ: 47', രാം ചരണും ജാൻവി കപൂറും ഒന്നിക്കുന്ന പെഡ്ഡി എന്നിവയും സിനിമാപ്രേമികൾ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രങ്ങളാണ്. തെലുങ്കിന് പുറമെ തമിഴ്, ഹിന്ദി, മലയാളം, കന്നഡ ഭാഷകളിലും ഈ ചിത്രങ്ങൾ ലഭ്യമാകും.
തെലുങ്ക് സിനിമകളുടെ വളർച്ചയെയും പ്രേക്ഷകരുടെ താൽപ്പര്യങ്ങളെയും നെറ്റ്ഫ്ലിക്സ് ഇന്ത്യ വൈസ് പ്രസിഡന്റ് മോണിക്ക ഷെർഗിൽ പ്രശംസിച്ചു. മുഖ്യധാരാ വാണിജ്യ ചിത്രങ്ങൾക്കൊപ്പം തന്നെ വൈവിധ്യമുള്ള കഥകൾ പറയുന്ന സിനിമകൾക്കും പിന്തുണ നൽകാനാണ് നെറ്റ്ഫ്ലിക്സ് ലക്ഷ്യമിടുന്നതെന്ന് അവർ വ്യക്തമാക്കി.
ഈ പട്ടികയിലുള്ള മറ്റ് പ്രധാന ചിത്രങ്ങളിൽ റോഷൻ-അനശ്വര രാജൻ കൂട്ടുകെട്ടിന്റെ 'ചാമ്പ്യൻ', വിശ്വക് സെന്നിന്റെ 'ഫങ്കി', അന്ന ബെൻ അഭിനയിക്കുന്ന 'പ്രൊഡക്ഷൻ നമ്പർ 37', സംഗീത് ശോഭന്റെ 'രാകാസ', ശർവാനന്ദിന്റെ 'ദി ബൈക്കർ', കൂടാതെ '418' എന്ന ചിത്രവും ഉൾപ്പെടുന്നു. ആക്ഷനും വൈകാരികതയും നിറഞ്ഞ ഈ സിനിമാ വിരുന്ന് വരും വർഷത്തിൽ ലോകമെമ്പാടുമുള്ള നെറ്റ്ഫ്ലിക്സ് പ്രേക്ഷകർക്ക് മുന്നിലെത്തും
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.