ചിരഞ്ജീവിയും നയൻതാരയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ചിത്രമാണ് മന ശങ്കര വര പ്രസാദ് ഗാരു. അനിൽ രവിപുടി രചനയും സംവിധാനവും നിർവഹിച്ച തെലുങ്ക് ആക്ഷൻ കോമഡി ചിത്രമാണ് മന ശങ്കര വര പ്രസാദ് ഗാരു. ജനുവരി 12നാണ് തിയറ്ററുകളിൽ എത്തിയത്. റിലീസ് ചെയ്ത് ആറ് ദിവസത്തിനുള്ളിൽ ലോകമെമ്പാടുമായി ചിത്രം 260 കോടി രൂപ കടന്നു. ഇതോടെ, ചിരഞ്ജീവിയുടെ കരിയറിലെ ഏറ്റവും കൂടുതൽ കലക്ഷൻ നേടിയ ചിത്രമായി മന ശങ്കര വര പ്രസാദ് ഗാരു മാറിയെന്ന് നിർമാതാക്കൾ അറിയിച്ചു.
നിർമാതാക്കൾ ചിരഞ്ജീവിയുടെയും നയൻതാരയുടെയും ചിത്രം പങ്കുവെച്ചുകൊണ്ടാണ് കലക്ഷൻ വിവരം അറിയിച്ചത്. ചിത്രം ബോക്സ് ഓഫിസിൽ ചരിത്രം സൃഷ്ടിക്കുകയാണെന്ന് അവർ എഴുതി. ആറ് ദിവസത്തിനുള്ളിൽ ലോകമെമ്പാടും 261 കോടിയിലധികം രൂപയുടെ വമ്പൻ ഗ്രോസ് നേടിയ ചിത്രം 300 കോടി എന്ന നാഴികക്കല്ലിലേക്ക് കുതിക്കുകയാണെന്ന് നിർമാതാക്കൾ അറിയിച്ചു.
ഈ കണക്കുകൾ പ്രകാരം, മന ശങ്കര വര പ്രസാദ് ഗാരു ചിരഞ്ജീവിയുടെ സൈ റാ നരസിംഹ റെഡ്ഡി (2019) യെ മറികടന്ന് ചിരഞ്ജീവിയുടെ കരിയറിലെ ഏറ്റവും കൂടുതൽ കലക്ഷൻ നേടിയ ചിത്രമായി മാറി. സമ്മിശ്ര പ്രതികരണം ലഭിച്ചിട്ടും സെയ് റാ നരസിംഹ റെഡ്ഡി ലോകമെമ്പാടുമായി 246.6 കോടി രൂപ കലക്ഷൻ നേടി. എല്ലാ മേഖലകളിലെയും ചെലവ് ചിത്രം തിരിച്ചുപിടിച്ചതായി നിർമാതാക്കളായ ഷൈൻ സ്‌ക്രീൻസ് സ്ഥിരീകരിച്ചു.
ചിരഞ്ജീവിയുടെ 157-ാമത്തെ ചിത്രമാണ് മന ശങ്കര വര പ്രസാദ് ഗാരു. 'സൈയ് റാ നരസിംഹ റെഡ്ഡി', 'ഗോഡ്ഫാദർ' എന്നീ ചിത്രങ്ങളിൽ നയൻതാര ചിരഞ്ജീവിക്കൊപ്പം അഭിനയിച്ചിട്ടുണ്ടെങ്കിലും നായികയായി എത്തുന്നത് ആദ്യമായാണ്. ചിത്രത്തിലെ ഒരു റൊമാന്റിക് ഗാനത്തിന്‍റെ ഷൂട്ടിങ് കേരളത്തിലാണ് നടന്നത്.
അതേസമയം, 2023ലെ വാൾട്ടെയർ വീരയ്യ, ഭോലാ ശങ്കർ എന്നീ ചിത്രങ്ങളാണ് ചിരഞ്ജീവിയുടേതായി അവസാനം പുറത്തിറങ്ങിയത്. രവി തേജ, ശ്രുതി ഹാസൻ എന്നിവർ അഭിനയിച്ച ആദ്യ ചിത്രം ഹിറ്റായിരുന്നു. കീർത്തി സുരേഷ്, തമന്ന ഭാട്ടിയ എന്നിവർ അഭിനയിച്ച രണ്ടാമത്തെ ചിത്രത്തിന് പ്രതീക്ഷിച്ച പ്രതികരണം ലഭിച്ചില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.