ഈ ആഴ്ച ഒ.ടി.ടിയിലെത്തുന്നത് മൂന്ന് ചിത്രങ്ങൾ

പുതുപുത്തൻ റിലീസുകളുമായി മലയാള സിനിമ ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളിൽ മുന്നേറുകയാണ്. ഈ ആഴ്ച മൂന്ന് സിനിമകളാണ് ഒ.ടി.ടിയിലെത്തുന്നത്.

1. സർവ്വം മായ

2025 വർഷാവസാനം തിയറ്ററിൽ എത്തി നിവിൻ പോളിയുടെ കരിയറിലെ ഏറ്റവും വലിയ ബോക്സ് ഓഫീസ് ഹിറ്റായി മാറിയ ചിത്രമാണ് സർവ്വം മായ. അഖിൽ സത്യൻ രചനയും സംവിധാനവും നിർവഹിച്ച ചിത്രം തിയറ്ററുകളിൽ മികച്ച പ്രതികരണം നേടി. നിവിന്‍റെ കരിയറിലെ ആദ്യ 100 കോടി ചിത്രമാണ് 'സർവ്വം മായ'. കേരള ബോക്സ് ഓഫിസിൽ ആദ്യ ദിവസം തന്നെ ചിത്രം ഏകദേശം 3.50 കോടി രൂപ നേടിയിരുന്നു. ചിത്രം ജനുവരി 30ന് ജിയോഹോട്ട്സ്റ്റാറിലൂടെ സ്ട്രീമിങ് ആരംഭിക്കും. ഫാന്‍റസി ഹൊറർ കോമഡി ഴോണറിലാണ് 'സർവ്വം മായ' ഒരുക്കിയിരിക്കുന്നത്. ക്രിസ്മസ് ദിനമായ ഡിസംബർ 25നാണ് ചിത്രം തിയറ്ററുകളിൽ എത്തിയത്. നിവിൻ പോളിയും അജു വർഗീസും ഒരുമിക്കുന്ന പത്താമത്തെ ചിത്രം എന്ന പ്രത്യേകതയും സർവ്വം മായക്കുണ്ട്.

2. ചാമ്പ്യൻ

മലയാളികളുടെ പ്രിയങ്കരിയായ അനശ്വര രാജൻ ആദ്യമായി തെലുങ്ക് സിനിമാ ലോകത്തേക്ക് ചുവടുവെക്കുന്ന ചിത്രമാണ് 'ചാമ്പ്യൻ'. 'നിർമ്മല കോൺവെന്റ്' എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ റോഷൻ മേക്കയാണ് ചിത്രത്തിൽ നായകനായി എത്തുന്നത്. ‘ചന്ദമാമ കഥലു’ എന്ന ചിത്രത്തിലൂടെ മികച്ച പ്രാദേശിക ചിത്രത്തിനുള്ള ദേശീയ പുരസ്കാരം നേടിയ പ്രദീപ് അദ്വൈതം ആണ് ഈ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ചിത്രം ജനുവരി 29ന് നെറ്റ്ഫ്ലിക്സിലൂടെ സ്ട്രീം ചെയ്യും. സ്വപ്ന സിനിമാസ്, ആനന്ദി ആർട്ട് ക്രിയേഷൻസ്, കൺസെപ്റ്റ് ഫിലിംസ്, സീ സ്റ്റുഡിയോസ് എന്നിവർ ചേർന്നാണ് ചിത്രം നിർമിച്ചിരിക്കുന്നത്. 1940കളുടെ അവസാനത്തിൽ, ഹൈദരാബാദ് സ്റ്റേറ്റ് ഇന്ത്യയുമായി ലയിക്കുന്നതിന് തൊട്ടുമുമ്പുള്ള കാലഘട്ടമാണ് സിനിമയുടെ പശ്ചാത്തലം.

3. ശേഷിപ്പ്

മീനാക്ഷി ജയൻ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച ഒരു സൈക്കോളജിക്കൽ ക്രൈം ത്രില്ലറാണ് ശേഷിപ്പ്. Sun NXTലാണ് ചിത്രം റിലീസ് ചെയ്തിരിക്കുന്നത്. ടി.എസ്. സുരേഷ് ബാബുവാണ് ഈ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. മീനാക്ഷി ജയനെ കൂടാതെ കൊട്ടാരക്കര ശ്രീധരൻ നായരുടെ കൊച്ചുമകനും നടൻ സായ് കുമാറിന്റെ അനന്തരവനുമായ വിഷ്ണു ഉണ്ണികൃഷ്ണൻ ആണ് നായകനായി എത്തുന്നത്. ലാൽ, ഇന്ദ്രൻസ് തുടങ്ങിയവരും ഈ ചിത്രത്തിൽ പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്യുന്നു. ഒരു ദുരൂഹമായ കൊലപാതകവും അതിനെ ചുറ്റിപ്പറ്റിയുള്ള അന്വേഷണവുമാണ് ചിത്രത്തിന്റെ പശ്ചാത്തലം. ഒരു പെൺകുട്ടിയുടെ ജീവിതത്തിൽ അപ്രതീക്ഷിതമായി സംഭവിക്കുന്ന മാറ്റങ്ങളും അത് അവളെ എത്തിക്കുന്ന മാനസികാവസ്ഥയും ചിത്രം ചർച്ച ചെയ്യുന്നു.

Tags:    
News Summary - Three films are coming to OTT this week

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.