നടൻ രാജേഷ് മാധവൻ ആദ്യമായി സംവിധാനം ചെയ്ത ചിത്രമാണ് പെണ്ണും പൊറാട്ടും. ചിത്രം മാർച്ച് 13 മുതൽ നെറ്റ്ഫ്ലിക്സിലൂടെ സ്ട്രീമിങ് ആരംഭിച്ചിട്ടുണ്ട്. മലയാളത്തിനൊപ്പം ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും പ്ലാറ്റ്‍ഫോമിലൂടെ പ്രേക്ഷകര്‍ക്ക് കാണാനാവും. ജനക്കൂട്ടത്തിന്റെ വിചാരണ, ധാർമിക ഗുണ്ടായിസം എന്നിവയെ പരിഹാസരൂപേണ അവതരിപ്പിക്കുന്ന സോഷ്യൽ സറ്റയറാണ് ഈ ചിത്രം.
അന്താരാഷ്ട്ര ചലച്ചിത്രമേളകളായ ഐ.എഫ്.എഫ്.ഐ ഗോവയിലും ഐ.എഫ്.കെയിലും നിരൂപക പ്രശംസയും പ്രേക്ഷക ശ്രദ്ധയും പിടിച്ചുപറ്റിയ ചിത്രം ഫെബ്രുവരി 13നാണ് തിയറ്ററുകളിലെത്തിയത്. തിയറ്റർ റിലീസിന് മുമ്പ് തന്നെ ചിത്രത്തിന്റെ ഡിജിറ്റൽ അവകാശങ്ങൾ നെറ്റ്ഫ്ലിക്സ് സ്വന്തമാക്കിക്കഴിഞ്ഞിരുന്നു.
നിഖില വിമൽ നായികയായ ഏറ്റവും പുതിയ ചിത്രം പെണ്ണ്കേസ് ഒ.ടി.ടിയിൽ. നവാഗതനായ ഫെബിൻ സിദ്ധാർത്ഥ് സംവിധാനം ചെയ്ത ചിത്രം ജനുവരി 10നാണ് തിയറ്ററുകളിൽ എത്തിയത്. തിയറ്ററിൽ നിന്ന് സമ്മിശ്ര പ്രതികരണം നേടിയ ചിത്രത്തിൽ അജു വർഗീസ്, ഹക്കിം ഷാജഹാൻ, രമേശ് പിഷാരടി, ഇർഷാദ് അലി, പി.പി. കുഞ്ഞികൃഷ്ണൻ, ഹരി പത്തനാപുരം എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
ചിത്രം മാർച്ച് 11 മുതൽ ആമസോൺ പ്രൈം വിഡിയോയിൽ സ്ട്രീമിങ് ആരംഭിച്ചിട്ടുണ്ട്. വിവാഹ തട്ടിപ്പു നടത്തുന്ന കഥാപാത്രത്തെയാണ് നിഖില ചിത്രത്തിൽ അവതരിപ്പിച്ചിരിക്കുന്നത്. സിനിമയിലുടനീളം 13 വ്യത്യസ്ത വധുക്കളുടെ വേഷങ്ങളിൽ നിഖില പ്രത്യക്ഷപ്പെടുന്നുണ്ട്.
രശ്മി രാധാകൃഷ്ണനും ഫെബിൻ സിദ്ധാർഥും ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ഇ4 എക്സിപിരിമെന്റ്സ്, സീ സ്റ്റുഡിയോസ്, ലണ്ടൻ ടാക്കീസ് എന്നീ ബാനറുകളിൽ മുകേഷ് ആർ. മേത്ത, ഉമേഷ് കെ.ആർ. ബൻസാൽ, രാജേഷ് കൃഷ്ണ, സി.വി. സാരഥി എന്നിവർ ചേർന്നാണ് ചിത്രം നിർമിച്ചത്.
ഫെബ്രുവരി 6ന് തിയറ്ററുകളിൽ എത്തിയ അനശ്വര രാജൻ ചിത്രം 'വിത്ത് ലൗ' ഒ.ടി.ടിയിൽ. പ്രണയത്തോട് ഭയവും അരക്ഷിതാവസ്ഥയുമുള്ള സത്യശീലൻ എന്ന യുവാവിന്റെ കഥയാണ് ചിത്രം പറയുന്നത്. സത്യശീലന്റെ സഹോദരി ഏർപ്പാട് ചെയ്യുന്ന ഒരു ബ്ലൈൻഡ് ഡേറ്റിൽ വെച്ച് അയാൾ മോനിഷയെ പരിചയപ്പെടുന്നു. സംസാരത്തിനിടയിൽ തങ്ങൾ രണ്ടുപേരും ഒരേ സ്കൂളിൽ പഠിച്ചവരാണെന്നും രണ്ടുപേർക്കും പാതിവഴിയിൽ മുറിഞ്ഞുപോയ പ്രണയകഥകൾ ഉണ്ടെന്നും അവർ തിരിച്ചറിയുന്നു.
രണ്ടാമതൊരു ഡേറ്റിന് പോകുന്നതിന് പകരം, തങ്ങളുടെ പഴയ കാമുകരെ കണ്ടെത്തി അന്നത്തെ യഥാർത്ഥ വികാരങ്ങൾ തുറന്നുപറയാനുള്ള ഒരു യാത്രക്ക് ഇരുവരും തീരുമാനിക്കുന്നു. ഈ യാത്രയിൽ അവർക്ക് എന്ത് സംഭവിക്കുന്നു എന്നതാണ് സിനിമയുടെ പ്രമേയം. അഭിഷാൻ ജീവിന്തും അനശ്വര രാജനും പ്രധാന വേഷങ്ങളിൽ എത്തിയ ഈ ചിത്രം മാർച്ച് 6 മുതൽ നെറ്റ്ഫ്ലിക്സിൽ സ്ട്രീമിങ് ആരംഭിച്ചു. നെറ്റ്ഫ്ലിക്സ് തങ്ങളുടെ കാറ്റലോഗിൽ ചിത്രം ഔദ്യോഗികമായി ഉൾപ്പെടുത്തിയിട്ടുണ്ട്.
റാണി മുഖർജിയുടെ ഏറ്റവും പുതിയ ക്രൈം ത്രില്ലർ ചിത്രം 'മർദാനി 3' ഒ.ടി.ടിയിൽ. തിയറ്ററുകളിൽ മികച്ച വിജയം കൈവരിച്ചതിന് ശേഷമാണ് ചിത്രം ഡിജിറ്റൽ പ്ലാറ്റ്‌ഫോമിലെത്തുന്നത്. 2026 ജനുവരി 30നാണ് ചിത്രം തിയറ്ററുകളിൽ എത്തിയത്. പൊലീസ് ഓഫീസർ ശിവാനി ശിവാജി റോയിയായി റാണി മുഖർജി വീണ്ടും എത്തിയ ചിത്രം ആരാധകർ വലിയ ആവേശത്തോടെയാണ് സ്വീകരിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.