വിജയ്‌യുടെ പിറന്നാൾ ദിനത്തിൽ ദളപതി പൂരം; പ്രതിസന്ധികൾ തരണം ചെയ്ത 'ജനനായകൻ' തിയറ്ററിലെത്തും...

ചെന്നൈ: വിവാദങ്ങൾക്കും പ്രതിസന്ധികൾക്കുമൊടുവിൽ ആരാധകർ ഏറെ കാത്തിരുന്ന ആ ദളപതി ചിത്രം എത്തുകയാണ്. വിജയ്‌യുടെ കരിയറിലെ അവസാന ചിത്രമെന്ന് വിശേഷിപ്പിക്കപ്പെടുന്ന 'ജനനായകൻ' ഒടുവിൽ വെള്ളിത്തിരയിലേക്ക്. സെൻസർ ബോർഡുമായുള്ള നീണ്ട തർക്കങ്ങൾക്കൊടുവിൽ ചിത്രം വിജയ്‌യുടെ ജന്മദിനമായ ജൂൺ 22ന് റിലീസ് ചെയ്യുമെന്ന് റിപ്പോർട്ടുകൾ. വിജയ്‌യുടെ ജന്മദിനം ആഘോഷമാക്കാൻ അതേ ദിവസം താരത്തിന്‍റെ അവസാന ചിത്രം റിലീസ് ചെയ്യുമെന്നാണ് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നത്.

പൊങ്കൽ റിലീസിനോടടുപ്പിച്ച് ജനുവരി ഒമ്പതിന് റിലീസ് ചെയ്യേണ്ടിയിരുന്ന ചിത്രം സെൻസർ ബോർഡുമായുള്ള പ്രശ്നങ്ങളെത്തുടർന്ന് മാറ്റിവെക്കുകയായിരുന്നു. 100 കോടിയിലധികം രൂപയുടെ റെക്കോർഡ് അഡ്വാൻസ് ബുക്കിങ് നടന്നിട്ടും ചിത്രം റിലീസ് ചെയ്യാൻ അന്ന് സാധിച്ചിരുന്നില്ല. പിന്നീട് മദ്രാസ് ഹൈകോടതി സിംഗ്ൾ ബെഞ്ച് സിനിമക്ക് പ്രദർശനാനുമതി നൽകിയെങ്കിലും ഡിവിഷൻ ബെഞ്ച് ഇത് സ്റ്റേ ചെയ്തു. പിന്നീട് സുപ്രീം കോടതിയിലും നിർമാതാക്കൾ സമീപിച്ചിരുന്നു. എന്നാൽ കേസ് മദ്രാസിൽ തന്നെ പരിഗണിക്കണമെന്ന് പറഞ്ഞ് തള്ളുകയായിരുന്നു.

ഒരുപാട് വെല്ലുവിളികൾ നേരിട്ട ചിത്രത്തിന് ഐക്യദാർഢ്യവുമായി നിരവധി താരങ്ങളും രാഷ്ട്രീയ നേതാക്കളും രംഗത്തു വന്നിരുന്നു. രാഷ്ട്രീയ പ്രവേശനം പ്രഖ്യാപിച്ച വിജയിയുടെ പാർട്ടിയുടെ പ്രകടനവും സിനിമയുടെ ബോക്സ് ഓഫീസ് വിജയത്തെ സ്വാധീനിച്ചേക്കാം എന്നാണ് വിലയിരുത്തുന്നത്.

ഇതിനിടെ ദിവസങ്ങൾക്ക് മുമ്പ് ചിത്രത്തിന്റെ ചില ഭാഗങ്ങൾ ഓൺലൈനിൽ പ്രചരിച്ചിരുന്നു. തുടർന്ന് നിർമാതാക്കൾ നൽകിയ പരാതിയിൽ പൊലീസ് എട്ട് പേരെ അറസ്റ്റ് ചെയ്തു. എച്ച്. വിനോദ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ബോബി ഡിയോൾ, പൂജ ഹെഗ്‌ഡെ, മമിത ബൈജു, ഗൗതം വാസുദേവ് മേനോൻ, പ്രകാശ് രാജ്, പ്രിയാമണി തുടങ്ങി വൻ താരനിര തന്നെയുണ്ട്.

കെ.വി.എൻ പ്രൊഡക്ഷൻസ് നിർമിക്കുന്ന ഈ ചിത്രം വിജയിയുടെ അവസാന ചിത്രമായതിനാൽ തന്നെ തമിഴ്‌നാട്ടിലെ ബോക്സ് ഓഫീസ് റെക്കോർഡുകൾ തകർത്തേക്കുമെന്നാണ് സിനിമാ ലോകത്തെ വിലയിരുത്തൽ. റിലീസ് തിയതി സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഉടൻ ഉണ്ടായേക്കും.

Tags:    
News Summary - Thalapathy Pooram on Vijay's birthday; 'Jananayakan' to hit the theatres after overcoming the crisis

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.