ബ്രിട്ടനെയും അയർലൻഡിനെയും ബന്ധിപ്പിക്കുന്ന 430 ദശലക്ഷം പൗണ്ട് (ഏകദേശം 5,500 കോടി രൂപ) വിലമതിക്കുന്ന കൂറ്റൻ പവർ കേബിൾ പദ്ധതിയുടെ പാത മാറ്റിസ്ഥാപിക്കുന്നു. ഹാരി പോട്ടർ പരമ്പരയിലെ ലോകമെമ്പാടുമുള്ള ആരാധകരുടെ പ്രിയപ്പെട്ട കഥാപാത്രമായ 'ഡോബി'യുടെ സ്മാരകത്തിലൂടെ കേബിൾ കടന്നുപോകുന്നത് ഒഴിവാക്കണമെന്ന ആരാധകരുടെ ശക്തമായ ആവശ്യത്തെത്തുടർന്നാണ് ഈ തീരുമാനം. വെയിൽസിലെ ഫ്രഷ്‌വാട്ടർ വെസ്റ്റ് ബീച്ചിലുള്ള ഡോബിയുടെ സ്മാരകത്തിന് കേബിൾ നിർമാണം ഭീഷണിയാകുമെന്ന ആശങ്കയാണ് ഇത്തരമൊരു മാറ്റത്തിന് കാരണമായത്.
ഹാരി പോട്ടർ പരമ്പര ലോകമെമ്പാടും കോടിക്കണക്കിന് ആരാധകരെയാണ് സ്വന്തമാക്കിയിട്ടുള്ളത്. ഗ്രീൻലിങ്ക് ഇന്റർകണക്ടർ എന്നറിയപ്പെടുന്ന ഈ 200 കിലോമീറ്റർ പവർ പ്രൊജക്റ്റ് ബ്രിട്ടന്റെ നാഷണൽ ഗ്രിഡിനെയും അയർലൻഡിനെയും തമ്മിൽ ബന്ധിപ്പിക്കുന്നതാണ്. ഇതിന്റെ യഥാർത്ഥ പദ്ധതി പ്രകാരം കേബിൾ കടന്നുപോകേണ്ടിയിരുന്നത് വെയിൽസിലെ പ്ലെംബ്രോക്ക്ഷെയറിലുള്ള ഫ്രഷ്‌വാട്ടർ വെസ്റ്റ് ബീച്ചിന് സമീപത്തുകൂടിയായിരുന്നു. എന്നാൽ ഹാരി പോട്ടർ ആരാധകരുടെ ഒരു പ്രധാന തീർത്ഥാടന കേന്ദ്രമായാണ് ഈ പ്രദേശം ഇപ്പോൾ അറിയപ്പെടുന്നത്.
'ഹാരി പോട്ടർ ആൻഡ് ദി ഡെത്‌ലി ഹാലോസ്: പാർട്ട് 1' എന്ന സിനിമയിൽ ഹൗസ് എൽഫായ ഡോബി മരണപ്പെടുന്ന രംഗം ചിത്രീകരിച്ചത് ഫ്രഷ്‌വാട്ടർ വെസ്റ്റ് ബീച്ചിലായിരുന്നു. സിനിമയിലെ ഈ വികാരനിർഭരമായ രംഗത്തിന് ശേഷം ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ആരാധകർ ഈ ബീച്ചിലേക്ക് പ്രവഹിക്കുകയായിരുന്നു. വർഷങ്ങളായി ആരാധകർ ഇവിടെ ചിത്രീകരിച്ച കല്ലുകളും പെയിന്റ് ചെയ്ത ചരലുകളും ഡോബിയുടെ സ്മരണക്കായി അവശേഷിക്കുന്നുണ്ട്. കൂടാതെ, ഡോബിയുമായി ബന്ധപ്പെട്ട കഥാപാത്രത്തിന്റെ പ്രത്യേകത ഓർമിപ്പിച്ചുകൊണ്ട് നിരവധി സോക്സുകളും ഇവിടെ ഉപഹാരമായി സമർപ്പിക്കാറുണ്ട്.
ഈ പ്രദേശത്തിന്റെ പാരിസ്ഥിതിക പ്രാധാന്യം കണക്കിലെടുത്ത് ഇവിടെ ഉപഹാരങ്ങൾ ഉപേക്ഷിക്കരുതെന്ന് നാഷണൽ ട്രസ്റ്റ് അഭ്യർത്ഥിച്ചിട്ടുണ്ടെങ്കിലും, 2022ൽ ഈ സ്മാരകം അവിടെ നിലനിർത്താൻ അവർ അനുമതി നൽകിയിരുന്നു. എന്നാൽ ഗ്രീൻലിങ്ക് പദ്ധതിയുടെ ഭാഗമായുള്ള കേബിൾ ഈ പ്രദേശത്തുകൂടി കടന്നുപോകുമെന്ന് അറിഞ്ഞതോടെ ആരാധകർ കൂട്ടത്തോടെ പ്രതിഷേധവുമായി രംഗത്തിറങ്ങുകയായിരുന്നു. പദ്ധതിയുടെ മാനേജറായ സൈമൺ ലഡ്‌ലാം പറയുന്നതനുസരിച്ച്, ആരാണ് ഡോബി എന്ന് ആദ്യം തനിക്ക് അറിയില്ലായിരുന്നുവെങ്കിലും ആരാധകരിൽ നിന്ന് നൂറുകണക്കിന് ഫോൺ കോളുകളാണ് തനിക്ക് ലഭിച്ചത്. തുടർന്ന് ഈ പ്രതിഷേധത്തെത്തുടർന്ന് പ്ലാനർമാർ പുതിയ റൂട്ട് തിരഞ്ഞെടുക്കാൻ നിർബന്ധിതരാവുകയായിരുന്നുവെന്നും അറിയിച്ചു.
ഈ വഴിമാറ്റൽ ഡോബിയുടെ സ്മാരകത്തോടൊപ്പം ആ പ്രദേശത്തുണ്ടായിരുന്ന പുരാവസ്തു അവശേഷിപ്പുകളെയും സംരക്ഷിക്കാൻ സഹായിച്ചിട്ടുണ്ട്. ഭൂഗർഭ കേബിൾ കടന്നുപോകുന്ന പ്രദേശത്ത് നടത്തിയ പരിശോധനയിൽ വെങ്കലയുഗത്തിലെ ചരിത്രശേഷിപ്പുകൾ കണ്ടെത്തിയിരുന്നു. ബി.സി 1700-1500 കാലഘട്ടത്തിലെ പുരാതന മൺപാത്രത്തിന്റെ അവശിഷ്ടങ്ങളാണ് ഇവിടെ നിന്നും ലഭിച്ചത്. മനുഷ്യരുടെ സംസ്ചാര ചടങ്ങുകളുമായി ബന്ധപ്പെട്ടതാണ് ഈ ചരിത്ര അവശിഷ്ടങ്ങൾ എന്ന് പുരാവസ്തു ഗവേഷകർ കരുതുന്നു.
ഹാരി പോട്ടർ എന്ന സാങ്കൽപ്പിക കഥാപാത്രത്തിന് വേണ്ടിയുള്ള ആരാധകരുടെ സ്നേഹം ഒരു കോടിക്കണക്കിന് രൂപയുടെ അന്താരാഷ്ട്ര പദ്ധതിയുടെ റൂട്ട് തന്നെ മാറ്റിമറിച്ചിരിക്കുകയാണ്. ഒപ്പം ആയിരക്കണക്കിന് വർഷം പഴക്കമുള്ള ചരിത്രശേഷിപ്പുകളെയും ഇത് സുരക്ഷിതമായി സംരക്ഷിക്കാൻ വഴിയൊരുക്കി. മാന്ത്രിക ലോകത്തിന്റെ വിസ്മയങ്ങൾ തീർത്ത ഡോബി എന്ന പ്രിയപ്പെട്ട കഥാപാത്രം യഥാർത്ഥ ലോകത്തിലും വലിയൊരു മാറ്റത്തിന് കാരണമായിരിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.