തിരുവനന്തപുരം: മോഹൻലാൽ നായകനാകുന്ന ഏറ്റവും പുതിയ ചിത്രം 'അതിമനോഹരത്തിന്റെ' പ്രധാന ഭാഗങ്ങൾ ശബരിമലയിലും പമ്പയിലും ചിത്രീകരിക്കും. ഓഗസ്റ്റ് 18, 19, 20 തീയതികളിൽ പമ്പയിലും ശബരിമല നടപ്പന്തൽ വരെയുമുള്ള പ്രദേശങ്ങളിലുമാണ് ചിത്രീകരണത്തിന് തിരുവിതാംകൂർ ദേവസ്വം ബോർഡ് അനുമതി നൽകിയിരിക്കുന്നത്. ദേവസ്വം ബോർഡിന്റെ അനുമതിക്ക് പുറമേ, വനം വകുപ്പ് ഉൾപ്പെടെ പത്തിലധികം വിവിധ സർക്കാർ വകുപ്പുകളിൽ നിന്നുള്ള മുൻകൂറായ അനുമതിയും ചിത്രീകരണത്തിനായി നിർമാതാക്കൾ നേടേണ്ടതുണ്ട്.
തരുൺ മൂർത്തി സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിൽ 'ലൗലജൻ' എന്ന സാധാരണക്കാരനായ ഒരു പോലീസ് സബ് ഇൻസ്പെക്ടറുടെ വേഷത്തിലാണ് മോഹൻലാൽ എത്തുന്നത്. ഒരു ഉദ്യോഗസ്ഥന്റെ ഔദ്യോഗിക ജീവിതത്തിലും വ്യക്തിജീവിതത്തിലും അരങ്ങേറുന്ന സംഘർഷഭരിതവും വൈകാരികവുമായ മുഹൂർത്തങ്ങളാണ് ചിത്രം പ്രേക്ഷകർക്ക് മുന്നിൽ അവതരിപ്പിക്കുന്നത്. 'ഇഷ്ക്', 'ആലപ്പുഴ ജിംഖാന', 'മഹാറാണി' എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ രതീഷ് രവിയാണ് ഈ ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത്.
ആഷിക് ഉസ്മാൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ആഷിക് ഉസ്മാനാണ് ചിത്രം നിർമിക്കുന്നത്. നീണ്ട ഇടവേളയ്ക്ക് ശേഷം മോഹൻലാലും മീരാ ജാസ്മിനും വീണ്ടും ഒന്നിക്കുന്നു എന്ന പ്രത്യേകതയും ഈ സിനിമയ്ക്കുണ്ട്. ലാലു അലക്സ്, മനോജ് കെ. ജയൻ, ജഗദീഷ്, ഇർഷാദ്, സുധീഷ്, പ്രമോദ് വെളിയനാട്, സജീവൻ, ശ്രീനാഥ് ബാബു, കിരൺ പീതാംബരൻ, വിജി വിശ്വനാഥ്, ഭാമ അരുൺ, പ്രാർത്ഥന എന്നിവരടങ്ങുന്ന വലിയൊരു താരനിര തന്നെ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്.
ഷാജികുമാർ ഛായാഗ്രഹണം നിർവഹിക്കുന്ന ചിത്രത്തിന്റെ സംഗീത സംവിധാനം ജെയ്ക്സ് ബിജോയാണ്. വിവേക് ഹർഷൻ എഡിറ്റിങ്ങും വിഷ്ണു ഗോവിന്ദ് ഓഡിയോ ഗ്രാഫിയും നിർവഹിക്കുന്നു. ഗോകുൽ ദാസ് കലാസംവിധാനവും റോണക്സ് സേവ്യർ മേക്കപ്പും മഷർ ഹംസ കോസ്റ്റ്യൂം ഡിസൈനും കൈകാര്യം ചെയ്യുന്നു. ബിനു പപ്പുവാണ് കോ-ഡയറക്ടർ. മിറാഷ് ഖാൻ ചീഫ് അസോസിയേറ്റ് ഡയറക്ടറായും അഫ്നാസ്, മൊഹിത് കൃഷ്ണൻ എന്നിവർ അസോസിയേറ്റ് ഡയറക്ടർമാരായും പ്രവർത്തിക്കുന്നു. സെൻട്രൽ പിക്ചേഴ്സ് ആണ് ചിത്രം തീയേറ്ററുകളിൽ എത്തിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.