മാർക്ക് സ്ട്രോങും തബുവും കണ്ടുമുട്ടി; അത്ഭുതകരമായ പുനഃസമാഗമമെന്ന് ബ്രിട്ടീഷ് താരം

മുംബൈ: ‘ഡ്യൂൺ പ്രൊഫസി’ എന്ന സീരീസിന്റെ ഭാഗമായി ഇന്ത്യയിൽ എത്തിയ വിഖ്യാത ബ്രിട്ടീഷ് താരം മാർക്ക് സ്ട്രോങ് ബോളിവുഡ് നടി തബുവുമായി കൂടിക്കാഴ്ച നടത്തി. ‘അത്ഭുതകരമായ പുനഃസമാഗമം’ എന്ന് അദ്ദേഹം വിശേഷിപ്പിച്ചു. താൻ ബോളിവുഡ് താരത്തിന്റെ ഏറ്റവും വലിയ ആരാധകനാണെന്നു പറഞ്ഞ 61കാരനായ നടൻ, തബുവിനൊപ്പമുള്ള ഫോട്ടോകൾ ഇൻസ്റ്റാഗ്രാമിൽ പങ്കിടുകയും ചെയ്തു.

‘ഗ്ലാമറസ് സുന്ദരിയായ തബുവും അവളുടെ ഏറ്റവും വലിയ ആരാധകനും. ഫ്രാൻസെസ്‌കയെയും ജാവിക്കോയെയും വീണ്ടും ഒന്നിപ്പിക്കുന്ന മനോഹരമായ ഒരു സായാഹ്നം..’ എന്നായിരുന്നു മാർക്ക് സ്ട്രോങ്ങിന്റെ ഇൻസ്റ്റ കുറിപ്പ്.
‘ജാവിക്കോയും ഫ്രാൻസെസ്കയും വീണ്ടും ഒന്നിക്കുന്നു !!!’ എന്ന അടിക്കുറിപ്പോടെ തബുവും ചിത്രങ്ങൾ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചു. ചലച്ചിത്ര നിർമാതാവ് ഡെനിസ് വില്ലെന്യൂവിന്റെ രണ്ട് ബ്ലോക്ക്ബസ്റ്റർ ഡ്യൂൺ സിനിമകളുടെ പ്രീക്വൽ സീരീസായ ഡ്യൂൺ: പ്രൊഫസി എന്നതിൽ, സിസ്റ്റർ ഫ്രാൻസെസ്കയായി തബുവും ജാവിക്കോ കൊറിനോ ചക്രവർത്തിയുടെ റോളിൽ സ്ട്രോങും വേഷമിട്ടു.

ഷെർലക് ഹോംസ്, കിംഗ്സ്മാൻ: ദി സീക്രട്ട് സർവിസ്, 1917 തുടങ്ങിയ സിനിമകൾക്ക് പേരുകേട്ട ബ്രിട്ടീഷ് നടൻ ഇന്ത്യയിലെത്തിയ ശേഷം ആദ്യം രാജസ്ഥാൻ സന്ദർശിച്ചു. ജയ്പൂരിലെ ആംബർ ഫോർട്ട്, തിരക്കേറിയ ജോഹാരി ബസാർ തുടങ്ങിയ സ്ഥലങ്ങളിലെത്തി. ‘അതിശയകരമായ സ്ഥലവും അത്ഭുതകരമായ ആളുകളും!’ എന്ന് താരം വെള്ളിയാഴ്ച ഇൻസ്റ്റാഗ്രാമിൽ കുറിച്ചു. ഇന്ത്യയിലേക്ക് സ്വാഗതം എന്നായിരുന്നു തബു പോസ്റ്റിന് കമന്റ് ചെയ്തത്.

News Summary - Tabu reunites with ‘Dune: Prophecy’ co-star Mark Strong in Mumbai

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.