പാൻ-ഇന്ത്യൻ സിനിമയായ ‘ചത്താ പച്ച: ദി റിങ് ഓഫ് റൗഡീസ്’ ലെ ആദ്യ ഗാനം പുറത്തിറക്കി റീൽ വേൾഡ് എന്റർടെയ്ന്റ്. മലയാള സിനിമയുടെ സംഗീത ചരിത്രത്തിൽ തന്നെ ശ്രദ്ധേയമായ ഒരു നിമിഷം കൂടെ ആണ് ഇതിലൂടെ അടയാളപ്പെടുത്തുന്നത്. തലമുറകളോളം ഇന്ത്യൻ സിനിമയെ സ്വാധീനിച്ച ലെജൻഡറി സംഗീതത്രയം ശങ്കർ–എഹ്സാൻ–ലോയ് (ശങ്കർ മഹാദേവൻ, എഹ്സാൻ നൂറാനി, ലോയ് മെന്ഡോൺസ) മലയാള സിനിമയിൽ ആദ്യമായി കടന്നുവരുന്നുവെന്ന പ്രത്യേകതയുണ്ട്.
കൊച്ചിയുടെ തെരുവുകളിൽ നിന്ന് നേരിട്ട് ഇറങ്ങി വന്നതുപോലെ തന്മയത്വവും കുസൃതിയും എന്നാൽ മൂർച്ചയുമുള്ളതാണ് ഈ ടൈറ്റിൽ ട്രാക്ക്. കേൾവിക്കാർക്ക് വെറുതെ കേട്ടിരിക്കാൻ മാത്രമല്ല, ഏറ്റുപാടി നടക്കാനും തോന്നുന്ന ഗാനം അടുത്ത ട്രെന്റിങ് ചാർട്ടിലേക്ക് കൂടെ കടക്കാൻ കെൽപ്പുള്ളതാണ്.
മലയാള സിനിമയിലേക്കുള്ള ആദ്യ സംഗീത യാത്രയെക്കുറിച്ച് ശങ്കർ–എഹ്സാൻ–ലോയ് തങ്ങളുടെ ആവേശം പങ്കുവച്ചു. “മലയാളം ഒരുപാട് പ്രത്യേകത ഉള്ള ഒരു ഭാഷയാണ്. അതുകൊണ്ട് തന്നെ ഓരോ ഘട്ടവും ആസ്വദിച്ചാണ് ചെയ്തതെന്ന് ഗാനത്തിന്റെ റിലീസിനോടനുബന്ധിച്ച് ശങ്കർ–എഹ്സാൻ –ലോയ് പ്രതികരിച്ചു. “വിവിധ സംഗീത ശൈലികളിൽ പരീക്ഷണം നടത്തി. എല്ലാത്തിലും നിന്ന് കുറച്ചു വീതം ഈ ചിത്രത്തിലെ പാട്ടുകളിൽ കൊണ്ടുവരാൻ ശ്രമിച്ചിട്ടുണ്ട്. റീൽ വേൾഡ് എന്റർടെയ്ൻമെന്റിനോടൊപ്പം ഞങ്ങളുടെ ആദ്യ മലയാള സിനിമയിലേക്ക് വരുന്നതിൽ ഒരുപാട് സന്തോഷം. ആ എക്‌സൈറ്റ്മെൻറ് സംഗീതത്തിലും പ്രതിഫലിക്കുന്നുണ്ട് എന്നും ഞങ്ങൾ വിശ്വസിക്കുന്നു." എന്ന് അവർ കൂട്ടിച്ചേർത്തു.
ശങ്കർ മഹാദേവനോടൊപ്പം ധൂം 3, ഭാഗ് മിൽഖാ ഭാഗ് എന്നീ ചിത്രങ്ങളിലെ ഹിറ്റ് ഗാനങ്ങളിലൂടെ ശ്രദ്ധേയനായ സിദ്ധാർത്ഥ് മഹാദേവനും കേരളത്തിന്റെ സംഗീത ലോകത്ത് ഈയിടെ തരംഗമായ ‘ആയിരം ഓറ’യിലൂടെ ശ്രദ്ധ നേടിയ ഫെജോയും ചേർന്നാണ് പാടിയിരിക്കുന്നത്. വിനായക് ശശികുമാർ എഴുതിയ വരികൾ കൊച്ചിയുടെ തെരുവ് ഭാഷയിലേക്കും താളത്തിലേക്കും ഒട്ടും മടിക്കാതെ ചാഞ്ഞ് നിൽക്കുന്നതും ‘ചത്താ പച്ച’യുടെ ഹൈ എനർജിയുമായി ഒത്തുപോകുന്നതാണ്.
ചിത്രത്തിന്റെ സംഗീതാവകാശങ്ങൾ കൈകാര്യം ചെയ്യുന്നത് ടി-സീരീസാണ്. ക്രിയേറ്റീവ് പ്രൊഡ്യൂസർ ഷിഹാൻ ഷൗക്കത്ത്, റിതേഷ് & രമേഷ് എസ്. രാമകൃഷ്ണൻ, ഷൗക്കത്ത് അലി എന്നിവർ ചേർന്ന് ഒരുക്കുന്ന ‘ചത്താ പച്ച: ദി റിങ് ഓഫ് റൗഡീസ്’ സംവിധാനം ചെയ്യുന്നത് നവാഗത സംവിധായകൻ അദ്വൈത് നായർ ആണ്. ടീസറും കാരക്ടർ പോസ്റ്ററുകളും സൃഷ്ടിച്ച ശക്തമായ സെൻസേഷന് പിന്നാലെ, ആദ്യ ഗാനം പുറത്തിറങ്ങിയതോടെ ചിത്രത്തെക്കുറിച്ചുള്ള പ്രതീക്ഷകൾ കൂടുതൽ ശക്തമാവുകയാണ്.
ധർമ്മ പ്രൊഡക്ഷൻസ്, മൈത്രി മൂവി മേക്കേഴ്സ്, വേയ്‌ഫറർ ഫിലിംസ്, പി.വി.ആർ ഐനോക്സ്, ദി പ്ലോട്ട് പിക്ചേഴ്സ് എന്നിവയുടെ ശക്തമായ വിതരണ പിന്തുണയോടെ, ‘ചത്താ പച്ച’ വരാനിരിക്കുന്ന വർഷത്തെ ഏറ്റവും ശ്രദ്ധേയമായ റിലീസുകളിലൊന്നായി മാറുകയാണ്. ചിത്രത്തിലെ ഈ ഗാനം പ്ലേലിസ്റ്റുകളിലും സംഭാഷണങ്ങളിലും ഇടം പിടിക്കുമ്പോൾ, റിങ്ങിലേക്കുള്ള കൗണ്ട്ഡൗൺ കൂടുതൽ ശക്തമാകുന്നു. 2026 ജനുവരിയിൽ തിയറ്ററുകളിലെത്താൻ ഒരുങ്ങുകയാണ് ചത്താ പച്ച: ദി റിങ് ഓഫ് റൗഡീസ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.