കേന്ദ്രം വിലക്കിയ സിനിമകൾ ഐ.എഫ്.എഫ്.കെയിൽ പ്രദർശിപ്പിക്കുമെന്ന് മന്ത്രി സജി ചെറിയാൻ; ‘ജനാധിപത്യ വിരുദ്ധ സമീപനത്തെ അംഗീകരിക്കാൻ കഴിയില്ല’

തിരുവനന്തപുരം: കേരള അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിൽ കേന്ദ്ര വാർത്താവിനിമയ പ്രക്ഷേപണ മന്ത്രാലയം വിലക്കിയ 19 സിനിമകളും പ്രദർശിപ്പിക്കുമെന്ന് മന്ത്രി സജി ചെറിയാൻ. ഇത് സംബന്ധിച്ച് മന്ത്രി സംസ്ഥാന ചലച്ചിത്ര അക്കാദമിക്ക് നിർദേശം നൽകിയിട്ടുണ്ട്. കേരളത്തിന്റെ പുരോഗമനപരമായ കലാ സാംസ്കാരിക പാരമ്പര്യത്തിന് നേരെയുള്ള ജനാധിപത്യ വിരുദ്ധ സമീപനമാണ് കേന്ദ്രസർക്കാർ സ്വീകരിച്ചിരിക്കുന്നതെന്ന് മന്ത്രി പറഞ്ഞു. മേളയുടെ പാരമ്പര്യത്തെയും പുരോഗമന സ്വഭാവത്തേയും തകർക്കുന്ന ജനാധിപത്യ വിരുദ്ധ സമീപനത്തെ അംഗീകരിക്കാൻ കഴിയില്ല. കലാവിഷ്കാരങ്ങൾക്ക് നേരെയുള്ള കടന്നാക്രമണങ്ങൾക്കെതിരെയുള്ള നിലപാട് ശക്തമായി തുടരുമെന്ന് മന്ത്രി വ്യക്തമാക്കി.

അതേസമയം ഐ.എഫ്.എഫ്.കെയിൽ ഇനി പ്രദർശനാനുമതി കിട്ടേണ്ടിയിരുന്നത് 15 ചിത്രങ്ങൾക്ക് ആയിരുന്നു. നേരത്തെ, 19 ചിത്രങ്ങളുണ്ടായിരുന്നുവെങ്കിലും 4 എണ്ണത്തിന് അനുമതി ലഭിച്ചിരുന്നു. കേന്ദ്രാനുമതി നിഷേധിച്ച 19 ചിത്രങ്ങളും ലോകമെമ്പാടും അംഗീകരിക്കപ്പെട്ടതും സിനിമാസ്വാദകർ നല്ല രീതിയിൽ സ്വീകരിച്ചതുമാണ്. ഈ സിനിമകൾ കാണാനുള്ള പ്രതിനിധികളുടെ അവകാശത്തെ നിഷേധിക്കാനാവില്ല. ഫെസ്റ്റിവൽ ഷെഡ്യൂളിലും ബുക്കിലും ഇവ പ്രസിദ്ധീകരിക്കുകയും വ്യാപകമായി പ്രചരിപ്പിക്കുകയും ചെയ്തിരുന്നു. മേളയിൽ പങ്കെടുക്കുന്ന പ്രതിനിധികളുടെ അവകാശം നിഷേധിക്കാനാവില്ലയെന്നും മന്ത്രി കൂട്ടിച്ചേർത്തു.

മുൻകൂർ ഷെഡ്യൂൾ ചെയ്ത പ്രകാരം എല്ലാ സിനിമകളും മുപ്പതാമത് ഐ.​എ​ഫ്.​എ​ഫ്.​കെയിൽ മുടക്കമില്ലാതെ പ്രദർശിപ്പിക്കുന്നതിന് ആവശ്യമായ സത്വര നടപടികൾ സ്വീകരിക്കാൻ മന്ത്രി സജി ചെറിയാൻ ചലച്ചിത്ര അക്കാദമി ചെയർമാൻ റസൂൽ പൂക്കുട്ടിക്കും സെക്രട്ടറിക്കും നിർദേശം നൽകിയത്. രാജ്യവിരുദ്ധമാണ് സിനിമയുടെ ഉള്ളടക്കമെങ്കിൽ കാണിക്കേണ്ട കാര്യമില്ല. സിനിമ കാണുന്നത് സാങ്കേതിക മികവും സാമൂഹിക അന്തരീക്ഷവും രാഷ്ട്രീയ വീക്ഷണങ്ങൾ, മൗലികമായ പ്രസക്തി എന്നിവ ചർച്ച ചെയ്യാനാണ്. പുതിയ തലമുറക്ക് പഠിക്കാൻ പറ്റുന്ന മേളയാണ് നടക്കുന്നത്. സാംസ്‌കാരിക വകുപ്പിനെ സംബന്ധിച്ച് ഏറ്റവും വലിയ മേളയാണ് നടക്കുന്നത്. സിനിമാ ടൂറിസം വലിയ രീതിയിൽ പ്രമോട്ട് ചെയ്യുന്ന സമയത്താണ് ഇത്തരമൊരു നടപടിയുണ്ടാകുന്നത്. എല്ലാ തരത്തിലും കേരളത്തെ കേന്ദ്രം ദ്രോഹിക്കുകയാണ്. മന്ത്രി പറഞ്ഞു.

30-ാമത് ഐ.​എ​ഫ്.​എ​ഫ്.​കെ ത​ല​സ്ഥാ​ന​ത്ത്​ പുരോഗമിക്കുകയാണ്. 26 വ്യ​ത്യ​സ്ത വി​ഭാ​ഗ​ങ്ങ​ളി​ലാ​യി 82 രാ​ജ്യ​ങ്ങ​ളി​ൽ​നി​ന്നു​ള്ള 206 ചി​ത്ര​ങ്ങ​ളാ​ണ് പ്ര​ദ​ർ​ശി​പ്പി​ക്കുന്നത്. ഫ​ല​സ്തീ​ൻ ജ​ന​ത​യു​ടെ പ്ര​തി​രോ​ധ​ത്തി​ന്‍റെ​യും ച​രി​ത്ര​ത്തി​ന്‍റെ​യും അ​ട​യാ​ള​പ്പെ​ടു​ത്ത​ലു​ക​ളു​മാ​യി ആ​ൻ​മേ​രി ജാ​സി​ർ സം​വി​ധാ​നം ചെ​യ്ത ‘ഫ​ല​സ്തീ​ൻ 36’ ആ​യിരുന്നു മേളയുടെ ഉ​ദ്ഘാ​ട​ന ചി​ത്രം. മേളയുടെ അഞ്ചാം ദിനമായ നാളെ (ചൊവ്വാഴ്ച്ച) 72 ചിത്രങ്ങൾ പ്രദർശനത്തിനെത്തും. ലോക ക്ലാസിക്കുകളും പുതിയ സിനിമകളും ഉൾപ്പെടുന്ന വൈവിധ്യമാർന്ന കാഴ്ചകളാണ് പ്രധാന ആകർഷണം. ഇന്തോനേഷ്യൻ റിവഞ്ച് ത്രില്ലറായ 'ദി ബുക്ക്‌ ഓഫ് സിജിൻ & ഇല്ലിയിൻ' പാതിരാപ്പടമായി നിശാഗന്ധിയിൽ പ്രദർശിപ്പിക്കും. 19 വരെ തിരുവനന്തപുരത്ത് നടക്കുന്ന മേളയിൽ 12,000ത്തിലധികം ഡെലിഗേറ്റുകളും വിദേശത്തുനിന്നടക്കം 200ഓളം ചലച്ചിത്ര പ്രവർത്തകരും പങ്കെടുക്കുന്നുണ്ട്. 

Tags:    
News Summary - Saji Cherian says films banned by the Centre will be screened at IFFK

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.