ഈ ആഴ്ച ഒ.ടി.ടിയിലെത്തുന്നത് മൂന്ന് മലയാള ചിത്രങ്ങൾ. മമ്മൂട്ടിയുടെ ഡൊമിനിക് ആന്റ് ദ ലേഡീസ്, നിവിൻ പോളി അഭിനയിച്ച സീരീസ് ഫാർമ, അഷ്‍കർ സൗദന്റെ ബെസ്റ്റി തുടങ്ങിയവയാണ് റിലീസ് ചെയ്യുന്നത്.
ഡൊമിനിക് ആന്റ് ദ ലേഡീസ് പേഴ്സ്
ഗൗതം വാസുദേവ് മേനോൻ സംവിധാനം ചെയ്ത മമ്മൂട്ടി ചിത്രം 'ഡൊമിനിക് ആൻഡ് ദി ലേഡീസ് പേഴ്സ്' ഒ.ടി.ടിയിലേക്ക്. മമ്മൂട്ടിക്കൊപ്പം ഗോകുൽ സുരേഷ്, വിജയ് ബാബു, ഷൈൻ ടോം ചാക്കോ തുടങ്ങിയവർ അഭിനയിച്ച കോമഡി ത്രില്ലർ ചിത്രം ഡിസംബര്‍ 19 മുതൽ സീ ഫൈവിലൂടെ സ്ട്രീമിങ് ആരംഭിക്കും. രണ്ട് മണിക്കൂറും മൂന്ന് മിനിറ്റും ദീർഘമുള്ള ചിത്രത്തിന്റെ വിതരണം ദുൽഖർ സൽമാന്റെ ഉടമസ്ഥതയിലുള്ള വേഫേറർ ഫിലിംസ് ആണ് ചെയ്തത്.
ഗൗതം വാസുദേവ് മേനോന്റെ ആദ്യ മലയാള സംവിധാന ചിത്രമാണ് ഡൊമിനിക് ആൻഡ് ദി ലേഡീസ് പേഴ്സ്. ക്രൈം കോമഡി ആയിട്ടാണ് ചിത്രം തിയറ്ററിൽ എത്തിയത്. മമ്മൂട്ടി ഒരു ഡിറ്റക്റ്റീവ് കഥാപാത്രമായി എത്തിയ ചിത്രം ഡോക്ടർ സൂരജ് രാജൻ, ഡോക്ടർ നീരജ് രാജൻ എന്നിവർ ചേർന്നാണ് രചിച്ചിരിക്കുന്നത്.
ഫാർമ
നിവിൻ പോളിയുടെ ആദ്യ വെബ് സീരീസ് 'ഫാർമ' ഒ.ടി.ടിയിലേക്ക്. മെഡിക്കൽ ഡ്രാമ ജോണറിൽ ഇറങ്ങുന്ന സീരീസ് ഡിസംബർ 19ന് ജിയോ ഹോട്ട്സ്റ്റാറിൽ സ്ട്രീമിങ് ആരംഭിക്കും. നിവിനോടൊപ്പം ദേശീയ അവാർഡ് ജേതാവായ രജത് കപൂർ ഉൾപ്പെടെയുള്ള താരനിരയും സീരീസിലുണ്ട്. പി.ആർ. അരുൺ എഴുതി സംവിധാനം ചെയ്ത സീരീസിൽ എട്ട് എപ്പിസോഡുകളാണുള്ളത്. ശ്രുതി രാമചന്ദ്രൻ, ബിനു പപ്പു, നരേൻ, വീണ നന്ദകുമാർ, മുത്തുമണി, ആലേഖ് കപൂർ എന്നിവരാണ് മറ്റ് പ്രധാന കഥപത്രങ്ങളെ അവതരിപ്പിച്ചത്.
നിവിൻ അവതരിപ്പിക്കുന്ന കെ.പി. വിനോദ് എന്ന ഒരു മെഡിക്കൽ റെപ്പ്രസെന്റേറ്റീവിന്റെ ജീവിതത്തിലെ പല ഘട്ടങ്ങളിൽ നടക്കുന്ന സംഭവവികാസങ്ങളിലൂടെയാണ് കഥ മുന്നോട്ട് പോകുന്നത്. മെഡിക്കൽ റെപ്രസെന്റേറ്റീവ് നേരിടുന്ന ജോലി സമ്മർദവും സീരീസ് പ്രതിപാദിക്കുന്നുണ്ട്.
ബെസ്റ്റി
ഷാനു സമദ് തിരക്കഥ എഴുതി സംവിധാനംചെയ്ത ചിത്രം ബെസ്റ്റി ഡിസംബർ 14 മുതൽ മനോരമാക്സിൽ സ്ട്രീം ചെയ്യും. ഷഹീന്‍ സിദ്ദിഖ്, ശ്രവണ, അഷ്‌കര്‍ സൗദാന്‍, സാക്ഷി അഗര്‍വാള്‍ എന്നിവരെ നായികാനായകന്മാരായി അണിനിരത്തിയ ചിത്രം ഫാമിലി കോമഡി ത്രില്ലർ വിഭാഗത്തിൽ പെടുന്നതാണ്.
ഷാഹിന-ഫൈസി എന്നീ കഥാപാത്രങ്ങളുടെ ദാമ്പത്യത്തില്‍ ഉടലെടുക്കുന്ന ഒരു പ്രശ്‌നത്തിലൂടെ സഞ്ചരിച്ച് രസകരമായ നര്‍മമുഹൂര്‍ത്തങ്ങളോടെ അവസാനം സസ്‌പെന്‍സ് ത്രില്ലറിലേക്ക് വഴിമാറുന്ന കഥയാണ് സിനിമ പറയുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.