"മലയാള സിനിമയുടെ വിഷയ വൈവിധ്യവും ആഴമേറിയ പ്രമേയങ്ങളും മികവാർന്നത്"
ഫുട്ബോൾ ഭ്രാന്തനാണ് അർജന്റീനിയൻ സിനിമാ നിരൂപകനും ക്യൂറേറ്ററും സിനിമ കൺസൾട്ടന്റുമായ ഫെർണാണ്ടോ ബ്രെന്നർ. കേരള രാജ്യാന്തര ചലച്ചിത്രമേളയുടെ 30ാം പതിപ്പിൽ ലാറ്റിൻ അമേരിക്കൻ ചിത്രങ്ങൾ ക്യൂറേറ്റ് ചെയ്യാൻ ചലച്ചിത്ര അക്കാദമിയെ സഹായിച്ച അദ്ദേഹം സിനിമക്കൊപ്പം ഫുട്ബോളിനെക്കുറിച്ചും ലയണൽ മെസിയെക്കുറിച്ചും വാചാലനായി.
"അർജന്റീനയിൽ മെസി ഇപ്പോഴും അത്യന്തം പ്രാധാന്യമുള്ള വ്യക്തിയാണ്. കേരളത്തിൽ മെസിക്കായി ഇത്ര വലിയ ആരാധന കണ്ടതിൽ വളരെ അത്ഭുതവും സന്തോഷവും തോന്നുന്നു. ഇവിടത്തെ ഫുട്ബോൾ ആവേശം അസാധാരണമാണ്. മെസി ശരിക്കും വരേണ്ടിയിരുന്നത് കേരളത്തിലാണ്" ബ്രെന്നർ പറഞ്ഞു.
"30ാമത് മേളയിൽ തെരഞ്ഞെടുത്ത ലാറ്റിൻ അമേരിക്കൻ ചിത്രങ്ങൾ ഏതെങ്കിലും രീതിയിൽ കുടിയേറ്റം ആസ്പദമാക്കിയവയാണ്. പാക്കേജിലെ പ്രധാന ചിത്രങ്ങളിൽ ഒന്നാണ് 'എൽഡർ സൺ," ബ്രെന്നർ കൂട്ടിച്ചേർത്തു. ഏകദേശം 50 വർഷങ്ങൾക്ക് മുമ്പ് ലാറ്റിനമേരിക്കൻ സിനിമകൾ ശക്തമായ രാഷ്ട്രീയ ആശയങ്ങൾ ഉൾക്കൊള്ളുന്നവയായിരുന്നുവെന്നും പിന്നീട് അവ മൂർച്ചകുറഞ്ഞ ഫാന്റസി കഥകളിലേക്ക് മാറിയെന്നും ബ്രെന്നർ നിരീക്ഷിച്ചു.
അർജന്റീന സിനിമയിൽ നിർണായകമായ ഒരു വഴിത്തിരിവ് 1990കളുടെ മധ്യത്തിൽ ആരംഭിച്ച നൂവോ സിനെ അർജന്റീനോ പ്രസ്ഥാനമാണ്. കുറഞ്ഞ ബജറ്റുകളെയും പ്രൊഫഷണൽ അല്ലാത്ത അഭിനേതാക്കളെയും സ്വീകരിച്ചതിലൂടെ പ്രസ്ഥാനം അർജന്റീന സിനിമയുടെ മുഖം തന്നെ മാറ്റി. ഇന്ത്യയിലേക്കുള്ള തന്റെ സന്ദർശന അനുഭവങ്ങൾ പങ്കുവെച്ച ബ്രെന്നർ, തന്റെ സഹപ്രവർത്തകർ ഇന്ത്യയെ പലപ്പോഴും ബോളിവുഡ് വാർപ്പു മാതൃകയിലാണ് കാണുന്നതെന്ന് പറഞ്ഞു.
"സുഗന്ധവ്യഞ്ജനങ്ങൾ, ബോളിവുഡ്, മലിനമായ വെള്ളമുള്ള സ്ഥലം ഇതാണ് ഇന്ത്യയെക്കുറിച്ച് അവർ പറയുന്നത്. എന്നാൽ ഇവിടെയുള്ള സിനിമ യഥാർത്ഥത്തിൽ എന്താണെന്നും ഐ.എഫ്.എഫ്.കെ എന്താണ് പ്രതിനിധീകരിക്കുന്നതെന്നും എനിയ്ക്കറിയാം. മലയാള സിനിമയുടെ വിഷയ വൈവിധ്യവും ആഴമേറിയ പ്രമേയങ്ങളും മികവാർന്നതാണ്," ഫെർണാണ്ടോ ബ്രെന്നർ പ്രശംസിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.