'ഈ നാട്ടിലെ എല്ലാരും ഓന്‍റെയൊപ്പാ, ഓൻ ട്രെന്റിങ്ങാവും'; പുതിയ പരീക്ഷണവിമായി 'സുരേശന്‍റേയും സുമലതയുടേയും ഹൃദയഹാരിയായ പ്രണയകഥ'- വിഡിയോ

മെയ് 16ന് തിയറ്ററുകളിലെത്താനൊരുങ്ങുന്ന 'സുരേശന്‍റേയും സുമലതയുടേയും ഹൃദയഹാരിയായ പ്രണയകഥ'യിലെ സുരേശനും സുമലതയ്ക്കും ആശംസകള്‍ നേര്‍ന്നുകൊണ്ട് മലയാള സിനിമാലോകത്തെ നിരവധി താരങ്ങള്‍ ഒന്നിച്ചെത്തിയ വിഡിയോ ശ്രദ്ധ നേടുന്നു. ടൊവിനോ, ഐശ്വര്യലക്ഷ്മി, ഫഹദ്, ബേസിൽ, അനഘ, വിൻസി, റോഷൻ, ഗായത്രി, കനി കുസൃതി, സന്തോഷ് കീഴാറ്റൂർ, ദർശന, ദീപക് പറമ്പോൽ, അനാർക്കലി, സുദേവ് നായർ, മഞ്ജു പിള്ള, ശ്രിന്ദ, പിപി കുഞ്ഞികൃഷ്ണൻ, ഷാഹി കബീർ, സൈജു കുറുപ്പ്, സിത്താര, അനുമോൾ, ശാന്തി, ഗണപതി, ദിവ്യ, മൃദുൽ നായർ തുടങ്ങി നിരവധി താരങ്ങളാണ് വിഡിയോയിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ഒപ്പം രസകരമായ രീതിയിൽ സിനിമയിലെ താരങ്ങളുടെ ഡയലോഗുകളും വിഡിയോയിൽ ചേർത്തുവെച്ചിട്ടുണ്ട്. സോഷ്യൽമീഡിയയിൽ കാണുന്നവരുടെയെല്ലാം ചുണ്ടിൽ ചിരി വിരിയിച്ചിരിക്കുകയാണ് മലയാളത്തിലെ പുതുപരീക്ഷണമാണിത്.

'ഞാൻ നിങ്ങളെയെല്ലാവരേയും ഒറ്റക്കൊറ്റക്ക് പരിചയപ്പെടാൻ ആഗ്രഹിക്കുന്നു' എന്ന സുരേശന്‍റെ ഡയലോഗോടെയാണ് വിഡിയോ ആരംഭിക്കുന്നത്. സിനിമയുടെ പേര് ഓരോ താരങ്ങളും വാക്കുകൾ തെറ്റാതെ പറയാൻ ശ്രമിക്കുന്നതാണ് പിന്നീട് കാണാനാകുന്നത്. 'ഈ നാട്ടിലെ എല്ലാരും ഓന്‍റെയൊപ്പാ, ഓൻ ട്രെൻഡിങ്ങാവും നോക്കിക്കോ' എന്ന ഡയലോഗോടെയാണ് വിഡിയോ അവസാനിക്കുന്നത്.

സുരേശനേയും സുമലതയേയും 'ആയിരം കണ്ണുമായ്' എന്ന് ആലേഖനം ചെയ്ത ഓട്ടോറിക്ഷയേയും പരിചയമില്ലാത്ത മലയാളികളുണ്ടാകില്ല... ഒരൊറ്റ സിനിമയിലൂടെ പ്രേക്ഷകമനസ്സുകളിലേക്ക് കയറിക്കൂടിയവരാണവർ. സുരേശനും സുമലതയും നായകനും നായികയുമായെത്തുന്ന ചിത്രമായ 'സുരേശന്‍റേയും സുമലതയുടേയും ഹൃദയഹാരിയായ പ്രണയകഥ' ഒരുക്കിയിരിക്കുന്നത് രതീഷ് ബാലകൃഷ്ണൻ പൊതുവാളാണ്. സിനിമയുടെ ട്രെയിലറും പാട്ടുകളുമൊക്കെ വൈറലായിരുന്നു.

ഒരു ടൈംട്രാവൽ കോമഡി സിനിമയായാണ് ചിത്രം ഒരുക്കിയിട്ടുള്ളതെന്നാണ് പുറത്തിറങ്ങിയ പാട്ടും ട്രെയിലറും നൽകുന്ന സൂചന.തുടക്കം മുതൽ ഒടുക്കം വരെ ചിരിക്കാനുള്ള വക ചിത്രം സമ്മാനിക്കുമെന്നാണ് സിനിമയുടേതായി പുറത്തിറങ്ങിയ ട്രെയിലർ സൂചിപ്പിക്കുന്നത്. ഒട്ടേറെ സിനിമകളിലൂടെ ശ്രദ്ധേയരായ രാജേഷ് മാധവനും ചിത്ര നായരുമാണ് സുരേശൻ കാവുങ്കൽ, സുമലത ടീച്ചർ എന്നീ കഥാപാത്രങ്ങളായി ചിത്രത്തിലെത്തുന്നത്. മാത്രമല്ല ചാക്കോച്ചൻ ഗസ്റ്റ് റോളിൽ ചിത്രത്തിലുണ്ടെന്നതും ഏവരിലും കൗതുകം ജനിപ്പിക്കുന്നുണ്ട്. കൂടാതെ ഒട്ടേറെ അഭിനേതാക്കളും സിനിമയിലുണ്ട്.

സിനിമയുടെ വേറിട്ട രീതിയിലുള്ള സേവ് ദി ഡേറ്റ് ടീസറും ഫസ്റ്റ് ലുക്കും സോഷ്യൽ മീഡിയ കീഴടക്കിയിരുന്നു. 1960, 1990, 2023 ഇങ്ങനെ മൂന്ന് കാലഘട്ടങ്ങളിലുള്ള സുരേശന്‍റേയും സുമലതയുടെയും പ്രണയ നിമിഷങ്ങളാണ് ബ്ലാക്ക് ആൻഡ് വൈറ്റിലും ഓറഞ്ച് നിറത്തിലും നീലയിലും ഇറക്കിയിരിക്കുന്ന പോസ്റ്ററിലുണ്ടായിരുന്നത്. ചിത്രത്തിലേതായി ഇറങ്ങിയ 'ചങ്കുരിച്ചാൽ...' എന്ന ഗാനവും അതിന് പിന്നാലെ ഇറങ്ങിയ 'നാടാകെ നാടകം കൂടാനായി ഒരുക്കം...' എന്ന് തുടങ്ങുന്ന ഗാനവും സോഷ്യൽമീഡിയ ഏറ്റെടുത്തിരുന്നു.

സംസ്ഥാന ചലച്ചിത്ര പുരസ്കാര ജേതാവായ രതീഷ് ബാലകൃഷ്ണൻ പൊതുവാൾ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. അജഗജാന്തരം എന്ന സൂപ്പർ ഹിറ്റ് ചിത്രമൊരുക്കിയ ​സിൽവർ ബെ സ്റ്റുഡിയോസും സിൽവർ ബ്രൊമൈഡ് പിക്ചേഴ്സും ഒന്നിച്ചാണ് ചിത്രമൊരുക്കുന്നത്. ഇമ്മാനുവൻ ജോസഫ്, അജിത് തലപ്പിള്ളി എന്നിവർ ചേർന്നാണ് നിർമ്മാണം. രതീഷ് ബാലകൃഷ്ണൻ പൊതുവാൾ, ജെയ് കെ, വിവേക് ഹർഷൻ തുടങ്ങിയവർ സഹ നിർമ്മാതാക്കളാണ്.

ചിത്രത്തിന്‍റെ ഛായാ​ഗ്രാഹകൻ സബിൻ ഉരാളുകണ്ടിയാണ്. വൈശാഖ് സു​ഗുണന്‍റെ വരികൾക്ക് സം​ഗീതം നൽകിയിരിക്കുന്നത് ഡോൺ വിൻസന്‍റ് ആണ്. എക്സിക്യൂട്ടിവ് പ്രൊഡ്യൂസേഴ്സ്: മനു ടോമി, രാഹുൽ നായർ, പ്രൊഡക്ഷൻ ഡിസൈനർ: കെ.കെ മുരളീധരൻ, എഡിറ്റർ: ആകാശ് തോമസ്, ക്രിയേറ്റീവ് ഡയറക്ടർ: സുരേഷ് ​ഗോപിനാഥ്, ആർട് ഡയറക്ഷൻ: ജിത്തു സെബാസ്റ്റ്യൻ, മിഥുൻ ചാലിശ്ശേരി, കോസ്റ്റ്യൂം ഡിസൈനർ: സുജിത്ത് സുധാകരൻ, മേക്കപ്പ്: ലിബിൻ മോഹനൻ, വിതരണം: ഗോകുലം മൂവീസ്, ഡ്രീം ബിഗ് ഫിലിംസ്, വിഷ്വൽ പ്രൊമോഷൻസ്: സ്നേക്പ്ലാന്‍റ്, പി ആർ ഓ ആതിര ദിൽജിത്ത്.


Full View


Tags:    
News Summary - Sureshanteyum Sumalathayudeyum Hrudayahariyaya Pranayakadha - treeler out

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.