ചില സീരീസുകൾ കണ്ടുതീരുന്നതറിയില്ല. ഓരോ സീസണിനും വേണ്ടി പ്രേക്ഷകർ കാത്തിരിക്കും. അങ്ങനെയൊന്നാണ് ‘സ്ട്രേഞ്ചർ തിങ്സ്’. ഏകദേശം ഒരു ദശാബ്ദക്കാലം പ്രേക്ഷകരെ കീഴടക്കിയ സ്ട്രേഞ്ചർ തിങ്സ് അന്തിമഘട്ടത്തിലേക്ക് കടക്കാൻ ഒരുങ്ങുകയാണ്. അതിന്റെ അഞ്ചാമത്തെയും അവസാനത്തെയും സീസണിന്റെ ചിത്രീകരണം ഇപ്പോൾ ഔദ്യോഗികമായി പൂർത്തിയായി. ചിത്രം നവംബറിൽ എത്തുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
1980കളിലെ ഇന്ത്യാനയിലെ ഒരു സാങ്കൽപിക പട്ടണം, ഹോക്കിൻസ്. കഥ തുടങ്ങുന്നത് അവിടെനിന്നാണ്. ആ പട്ടണത്തിലെ ചില സംഭവങ്ങളെ തുടർന്ന് ഒരു ബാലനെ കാണാതാവുന്നു. അവന്റെ കൂട്ടുകാരും കുടുംബാംഗങ്ങളും അന്വേഷിച്ചിറങ്ങുന്നു. അവരെ സഹായിക്കാനായി അമാനുഷിക സിദ്ധിയുള്ള പെൺകുട്ടി എത്തുന്നു. ആഗോളതലത്തിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള ‘സ്ട്രേഞ്ചർ തിങ്സിന്റെ’ കഥ അവിടെ തുടങ്ങുകയാണ്.
പ്രേക്ഷകരെ മുൾമുനയിൽ നിർത്തിച്ച നാല് സീസണുകൾ. 34 എപ്പിസോഡുകൾ. അഞ്ചാം സീസണിനുള്ള കാത്തിരിപ്പ്. ഇത് മാത്രം മതിയാവും ‘സ്ട്രേഞ്ചർ തിങ്സി’ന്റെ റേഞ്ച് മനസ്സിലാവാൻ. ഡഫർ ബ്രദേഴ്സ് എന്നറിയപ്പെടുന്ന മാറ്റ് ഡഫറും റോസ് ഡഫറും ചേർന്ന് രചന, നിർമാണം, സംവിധാനം എന്നിവ നിർവഹിച്ച്, നെറ്റ്ഫ്ലിക്സ് അവതരിപ്പിച്ച സയൻസ് ഫിക്ഷൻ-ഹൊറർ വെബ് സീരീസാണ് ‘സ്ട്രേഞ്ചർ തിങ്സ്’.
2016ലാണ് ആദ്യ സീസൺ നെറ്റ്ഫ്ലിക്സ് അവതരിപ്പിക്കുന്നത്. മികച്ച പരമ്പരക്കുള്ള അവാർഡ് ഉൾപ്പെടെ 18 പ്രൈം ടൈം എമ്മി അവാർഡ് നാമനിർദേശങ്ങൾ ആ വർഷം ‘സ്ട്രേഞ്ചർ തിങ്സ്’ നേടി. നെറ്റ്ഫ്ലിക്സിൽ ഏറ്റവുമധികം ആളുകൾ കണ്ട ഇംഗ്ലീഷ് ടി.വി ഷോ ‘സ്ട്രേഞ്ചർ തിങ്സ്’ സീസൺ 4, വോള്യം 1 ആണ്.
10 വർഷം. ഒരു സീരീസിനെ സംബന്ധിച്ചിടത്തോളം അതൊരു വലിയ കാലയളവ് തന്നെയാണ്. അഭിനേതാക്കളിൽ പലരും അവർ കുട്ടികളായിരിക്കുമ്പോൾ ഇതിൽ അഭിനയിക്കാൻ വന്നവരാണ്. അതുകൊണ്ടുതന്നെ ഓരോ സീസണിലും അവരുടെ വളർച്ചയും അതിനനുസരിച്ചുള്ള കഥാഗതികളും പ്രേക്ഷകരിൽ കൂടുതൽ ആകാംക്ഷ ജനിപ്പിക്കുന്നു. ‘സ്ട്രേഞ്ചർ തിങ്സി’ന്റെ അഞ്ചാമത്തെയും അവസാനത്തെയും സീസണിന്റെ ചിത്രീകരണം പൂർത്തിയായി. റിലീസിങ് ഡേറ്റിനായി കാത്തിരിക്കുകയാണ് ആരാധകർ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.