സംസ്ഥാന ചലച്ചിത്ര അവാർഡ്: പ്രകാശ് രാജ് ജൂറി ചെയർമാൻ, 128 സിനിമകൾ, സ്ക്രീനിങ് നാളെ മുതൽ

തിരുവനന്തപുരം: 2024 ലെ സംസ്ഥാന ചലച്ചിത്ര അവാർഡ് നിർണയത്തിനുള്ള ജൂറി ചെയർമാനായി നടനും സംവിധായകനുമായ പ്രകാശ് രാജിനെ നിയമിച്ചു. 

സംവിധായകനും തിരക്കഥാകൃത്തും ഒന്നാം സബ്‌ കമ്മിറ്റി ചെയർപേഴ്‌സനുമായ രഞ്ജൻ പ്രമോദ്‌, സംവിധായകനും ഛായാഗ്രഹകനും രണ്ടാം സബ്‌ കമ്മിറ്റി ചെയർപേഴ്‌സനുമായ ജിബു ജേക്കബ്‌, നടിയും ഡബിങ്​ ആർട്ടിസ്‌റ്റുമായ ഭാഗ്യലക്ഷ്‌മി, ഗായിക ഗായത്രി അശോകൻ, സൗണ്ട്‌ ഡിസൈനറും സംവിധായകനുമായ നിതിൻ ലൂക്കോസ്‌, എഴുത്തുകാരനും തിരക്കഥാകൃത്തുമായ സന്തോഷ്‌ ഏച്ചിക്കാനം എന്നിവരാണ്‌ അന്തിമ വിധി നിർണയ സമിതിയിലെ മറ്റ്‌ അംഗങ്ങൾ. നാളെ മുതൽ സിനിമകളുടെ സ്ക്രീനിങ് തുടങ്ങും. 128 സിനിമകളാണ്‌ ഇക്കുറി ജൂറിക്ക്‌ മുന്നിലുള്ളത്‌.

ചലച്ചിത്ര പുരസ്‌കാര നിർണയ ചരിത്രത്തിൽ ആദ്യമായി ഒരു ട്രാൻസ്‌ജെൻഡർ നിർണയ സമിതിയിൽ അംഗമാകുന്നുവെന്ന പ്രത്യേകതയും ഇത്തവണയുണ്ട്​. ചലച്ചിത്ര പുരസ്‌കാര നിർണയ സമിതിയുടെ ആദ്യ സബ്‌ കമ്മിറ്റിയിലാണ്‌ ട്രാൻസ്‌ജെൻഡർ വിഭാഗത്തിൽപെട്ട ഗാനരചയിതാവും കവിയുമായ വിജയരാജ മല്ലിക അംഗമായത്‌.

ചലച്ചിത്ര നിരൂപകൻ എം.സി. രാജനാരായണൻ, ഛായാഗ്രാഹകനും സംവിധായകനുമായ കെ.ആർ. സുബാൽ എന്നിവരാണ്‌ ഒന്നാം സബ്‌ കമ്മിറ്റിയിലെ മറ്റ്‌ അംഗങ്ങൾ. സംവിധായകൻ വി.സി. അഭിലാഷ്‌, എഡിറ്ററും സംവിധായകനുമായ കെ. രാജേഷ്‌, ചലച്ചിത്ര നിരൂപകയും അധ്യാപികയുമായ ഡോ. ഷംഷാദ്‌ ഹുസൈൻ എന്നിവരാണ്‌ രണ്ടാം സബ്‌കമ്മിറ്റിയിലുള്ളത്‌. 

അവാർഡ്‌ നിർണയ സമിതി തിങ്കളാഴ്ച മുതൽ സിനിമകൾ കണ്ട്‌ വിലയിരുത്തും. ഇതിൽ നിന്ന്‌ തെരഞ്ഞെടുക്കുന്ന സിനിമകൾ 20 ഓടുകൂടി അന്തിമ ജൂറിക്കു മുന്നിലെത്തും. രചന വിഭാഗം ചെയർപേഴ്‌സനായി ചലച്ചിത്ര നിരൂപകനും ഡോക്യുമെന്ററി സംവിധായകനുമായ മധു ഇറവങ്കരയെ നിയമിച്ചു. ചലച്ചിത്ര നിരൂപകൻ എ. ചന്ദ്രശേഖർ, ചലച്ചിത്ര നിരൂപകയും എഴുത്തുകാരിയും ഗവേഷകയുമായ ഡോ. വിനിത വിജയൻ എന്നിവരാണ്‌ രചന വിഭാഗത്തിലെ മറ്റ്‌ അംഗങ്ങൾ.

Tags:    
News Summary - State Film Award: Prakash Raj Jury Chairman

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.