അക്ഷയ് കുമാറിനെ തല്ലുന്നവർക്ക്​ 10 ലക്ഷം രൂപ ഇനാം പ്രഖ്യാപിച്ച്​ ഹിന്ദു സംഘടന

അക്ഷയ് കുമാര്‍ നായകനായ ‘ഓ മൈ ഗോഡ് 2’ സിനിമ റിലീസായതിനുപിന്നാലെ വിവാദങ്ങളും കൊഴുക്കുന്നു. ചിത്രം ഹിന്ദു ദൈവങ്ങളെ അപമാനിക്കുന്നു എന്ന പേരില്‍ പ്രതിഷേധവുമായി ചില സംഘടനകൾ രംഗത്തുവന്നു. അക്ഷയ് കുമാറിനെ തല്ലുന്നവർക്ക്​ 10 ലക്ഷം രൂപ സമ്മാനം പ്രഖ്യാപിച്ചിരിക്കുകയാണ് രാഷ്ട്രീയ ബജ്റംഗ് ദള്‍ എന്ന സംഘടന. നായകനായ അക്ഷയ് കുമാറിനെ തല്ലുകയോ മുഖത്ത് കരി ഓയില്‍ ഒഴിക്കുകയോ ചെയ്യുന്നവര്‍ക്ക് 10 ലക്ഷം രൂപ നല്‍കുമെന്നാണ് രാഷ്ട്രീയ ബജ്റംഗ് ദള്‍ നേതാവ് ഗോവിന്ദ് പരാസര്‍ പ്രഖ്യാപിച്ചത്.

സിനിമ റിലീസ് ചെയ്ത ദിവസം സംഘടന തീയറ്ററുകൾക്കുമുമ്പിൽ പ്രതിഷേധിച്ചിരുന്നു. പ്രതിഷേധക്കാർ അക്ഷയ് കുമാറിന്റെ കോലം കത്തിക്കുകയും രാഷ്ട്രീയ ബജ്റംഗ്ദളിന്റെ വൈസ് പ്രസിഡന്റ് റൗണക് താക്കൂറിന്റെ നേതൃത്വത്തില്‍ തിയേറ്ററിന് പുറത്ത് മുദ്രാവാക്യം വിളിക്കുകയും ചെയ്​തു.

നേരത്തെ ആത്മീയ നേതാവ് സാധ്വി ഋതംഭരയും നേരത്തേ ചിത്രത്തിനെതിരെ ആഞ്ഞടിച്ചിരുന്നു. ഹിന്ദു ദൈവങ്ങളെ സിനിമയിൽ അപമാനിക്കുന്നത് പണ്ടും സംഭവിച്ചിട്ടുണ്ട്. ഹിന്ദു വിശ്വാസത്തിന് മുകളിലേക്കുള്ള കടന്നുകയറ്റം ഞങ്ങൾ വെച്ചുപൊറുപ്പിക്കില്ല. ബോളിവുഡ് ഇത് തുടര്‍ന്നാല്‍ ഹിന്ദുക്കള്‍ റോഡിലിറങ്ങി പ്രതിഷേധിക്കുമെന്നും ശിവഭക്തി തമാശയല്ലെന്നും നിരവധി ഹിന്ദു സംഘടനകളുടെ രക്ഷാധികാരിയായ ഇവര്‍ പറഞ്ഞു.

സെക്സ് എഡ്യൂക്കേഷന്‍ സംബന്ധിച്ച വിഷയം സംസാരിക്കുന്ന ‘ഓ മൈ ഗോഡ് 2’ ചിത്രത്തില്‍ ശിവന്‍റെ പ്രതിനിധിയായാണ് അക്ഷയ് കുമാര്‍ എത്തുന്നത്. ചിത്രത്തിന് എ സര്‍ട്ടിഫിക്കറ്റാണ് ലഭിച്ചത്. ആദ്യദിനത്തില്‍ ഒമ്പത്​ കോടിയാണ് ചിത്രം നേടിയത്.

2012-ൽ പുറത്തിറങ്ങിയ അക്ഷയ് കുമാറിന്റെയും പരേഷ് റാവലിന്റെയും ‘ഓ മൈ ഗോഡ്’ എന്ന ചിത്രത്തിന്റെ തുടർച്ചയാണ് ‘ഓ മൈ ഗോഡ് 2’. അമിത് റായ് സംവിധാനം ചെയ്യുന്ന ചിത്രം ആക്ഷേപഹാസ്യ വിഭാഗത്തിലുള്ളതാണ്.

Tags:    
News Summary - ‘Slap Akshay Kumar and get Rs 10 lakh,’ Hindu outfit demands ban on OMG 2 for 'hurting sentiments'

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.