Film Poster
ഇന്ത്യൻ സിനിമയിലെ ദൃശ്യവിസ്മയം ‘ഷോലെ’ റിലീസ് ചെയ്തിട്ട് 50 വർഷം പിന്നിടുന്നു. 1975 ആഗസ്റ്റ് 15ന് നടന്ന ആദ്യ പ്രദർശനത്തിന്റെ സുവർണജൂബിലി ആഘോഷത്തിലും ‘ഷോലെ’ സ്ഥാനമുറപ്പിച്ച സിംഹാസനം ചോദ്യം ചെയ്യപ്പെടാതെതന്നെ ശേഷിക്കുകയാണ്. ബോംബെയിലെ മിനർവ തിയറ്ററിൽ അഞ്ചു വർഷം തുടർച്ചയായി നിറഞ്ഞ സദസ്സിൽ ദിവസേന മൂന്ന് ഷോ വീതം പ്രദർശിപ്പിച്ച ഏക ചലച്ചിത്രമെന്ന ലോക റെക്കോഡ് സ്വന്തമാക്കിയ ചിത്രം.
ഇരുപതാം നൂറ്റാണ്ടിന്റെ ചലച്ചിത്രമെന്ന് തിരഞ്ഞെടുക്കപ്പെട്ട സിനിമ. ബ്രിട്ടീഷ് ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിന്റെ മികച്ച 10 ഇന്ത്യൻ സിനിമകളിൽ ഒന്നാംസ്ഥാനം. അടിയന്തരാവസ്ഥ കാലത്തായിരുന്നു ചിത്രത്തിന്റെ അണിയറയൊരുക്കം. ആ കാലമായതുകൊണ്ടുതന്നെ സെൻസറിങ് സംബന്ധമായി ഏറെ വെല്ലുവിളികളും നേരിടേണ്ടിവന്നു. അതുവരെ കണ്ടും കേട്ടും പരിചയിക്കാത്ത കഥാപശ്ചാത്തലവും സിനിമ സംസ്കാരവും ‘ഷോലെ’യിലൂടെ പിറവികൊണ്ടു.
കനൽപ്പൊരികൾ അല്ലെങ്കിൽ തീജ്വാലകൾ എന്നാണ് ‘ഷോലെ’ എന്ന ഹിന്ദി പദത്തിന്റെ അർഥം. കുടുംബത്തെ ഉന്മൂലനം ചെയ്ത, തന്നെ അംഗപരിമിതനാക്കിത്തീർത്ത കൊടുംക്രിമിനലായ ഗബ്ബർ സിങ്ങിനെ തളക്കാൻ നിയമസംവിധാനത്തിനു കഴിയാതെ വന്നപ്പോൾ പരിചയമുള്ള ക്രിമിനലുകളുടെ (വീരു, ജെയ് –ധർമേന്ദ്ര, അമിതാഭ് ബച്ചൻ) സഹായത്താൽ ആ വില്ലനെയും സംഘത്തെയും ഇല്ലായ്മ ചെയ്യുന്ന പൊലീസ് ഓഫിസറാണ് (ഠാകുർസാഹിബ് –സഞ്ജീവ് കുമാർ) മുഖ്യകഥാപാത്രം.
ഠാകുർ, വെള്ളപുതപ്പിച്ച തന്റെ കുടുംബാംഗങ്ങളുടെ മൃതശരീരം കാണുന്ന രംഗം കരളലിയിക്കുന്ന കാഴ്ചയാണ്. ജീവൻപോലും ബലികഴിക്കുന്ന കൂട്ടുകാരുടെ സ്നേഹത്തിന്റെ കഥ കൂടിയാണിത്. പ്രതികാരം, കോമഡി, പ്രണയം, ആക്ഷൻ എന്നീ വിഭാഗങ്ങളെയും കഥ പറച്ചിലിൽ ലയിപ്പിച്ച് ജാവേദ് അക്തറും സലിം ഖാനും ചേർന്ന് രചന പൂർത്തിയാക്കിയ ചിത്രം നിർമിച്ചത് ജി.പി. സിപ്പിയും സംവിധാനം ചെയ്തത് അദ്ദേഹത്തിന്റെ മകൻ രമേഷ് സിപ്പിയുമാണ്. ആർ.ഡി. ബർമന്റെ സംഗീതം.
‘യേ ദോസ്തി ഹം നഹീ തോഡേംഗേ...’ എന്ന ഗാനമാണ് ചിത്രത്തിൽ ഏറ്റവും ശ്രദ്ധേയമായത്. ആനന്ദ് ബക്ഷി എഴുതി കിഷോർ കുമാറും മന്നാഡെയും ചേർന്ന് ആലപിച്ച ഈ ഗാനത്തെ അത്യന്തിക സൗഹൃദഗാനം എന്ന് വിളിക്കുന്നു. വീരുവിനെ ഗബ്ബറിന്റെ കൈയിൽനിന്നു രക്ഷിക്കാൻ ബസന്തി കുപ്പിച്ചില്ലുകൾക്കു മുകളിൽ തളരാതെ നൃത്തം വെക്കുന്ന ‘ഹാ ജബ് തക് ഹേ ജാൻ’ ലതാമങ്കേഷ്കറും, ഹെലൻ മാദക നൃത്തമാടുന്ന ‘മെഹ്ബൂബ മെഹ്ബൂബ’ എന്ന ഗാനം ആർ.ഡി. ബർമനും പാടിത്തകർത്തു.
നിലാമഴ പെയ്യുന്ന രാത്രി. ഠാകുർ സാഹിബിന്റെ ബംഗ്ലാവിന്റെ മട്ടുപ്പാവിലെ റാന്തൽ വിളക്കുകൾ ഒന്നൊന്നായി അണച്ചുകൊണ്ട് നടന്നുനീങ്ങുകയാണ് ശുഭ്രവസ്ത്രധാരിയായ രാധ. തെല്ലകലെ ഠാകുർ സാഹിബിന്റെ ഉമ്മറപ്പടിയിലിരുന്ന് മൗത്ത് ഓർഗനിൽ വിഷാദ മധുരമായ ഏതോ ഈണം വായിക്കുന്നു ജയ്. നിർവചിക്കാവാനാത്ത ഒരു വിങ്ങലായി ജയ് മനസ്സിൽ കൊണ്ടുനടക്കുന്ന രാധയോടുള്ള നിശ്ശബ്ദപ്രണയത്തിന്റെ തീവ്രത മുഴുവൻ നമ്മെ അനുഭവിപ്പിക്കുന്നു ആ നാദപ്രവാഹം.
ഒപ്പം രാധയുടെ മനസ്സിനെ തരളിതമാക്കുകയും ചെയ്യുന്നു. ‘ഷോലെ’യിൽ അമിതാഭിന്റെയും ജയ ഭാദുരിയുടെയും കഥാപാത്രങ്ങൾ ഒരുമിച്ചു വരുന്ന രംഗങ്ങളിൽ എല്ലാം ആവർത്തിക്കപ്പെടുന്നുണ്ട് നേർത്ത നൊമ്പരമുണർത്തുന്ന ആ ഈണം; ജയിയുടെ അന്ത്യനിമിഷങ്ങൾ വരെ. ഒരു കൊച്ചു സംഗീതശകലത്തിന് എത്ര അനായാസം ഒരു കാലം തന്നെ പുനഃസൃഷ്ടിക്കാൻ കഴിയുമെന്നതിന്റെ ഏറ്റവും നല്ല ഉദാഹരണം. കഷ്ടിച്ച് ഒരു മിനിറ്റ് മാത്രം ദൈർഘ്യമുള്ള ആ ഈണമാണ് ‘ഷോലെ’ മനസ്സിൽ അവശേഷിപ്പിക്കുന്ന പ്രണയാർദ്രമായ ഓർമകളിലൊന്ന്. ഗിറ്റാറിസ്റ്റ് കൂടിയായ ഭാനുഗുപ്തയാണ് ആ സംഗീതശകലം വായിച്ചു റെക്കോഡ് ചെയ്തത്.
മൂന്നുവർഷം സമയമെടുത്ത് മൂന്നു കോടി രൂപ മുടക്കി പൂർത്തീകരിച്ച ചിത്രം. ബാംഗ്ലൂരിനടുത്ത് രാമനഗര എന്ന പട്ടണത്തിനടുത്തുള്ള രാമദേവരബെട്ടയിലാണ് ചമ്പൽകൊള്ളയും കേന്ദ്രവും ചിത്രീകരിച്ചത്. ഡാനിഡെൻസോങ്പയെ ആണ് ആദ്യം ചമ്പൽകൊള്ളത്തലവനായി (ഗബ്ബർ സിങ്) നിശ്ചയിച്ചത്. പിന്നീട് അന്നു പുതുമുഖമായിരുന്ന അംജദ് ഖാനെ തേടിയെത്തി. ശത്രുഘ്നൻ സിൻഹക്ക് ആണ് അമിതാഭിന്റെ റോൾ ആദ്യം വെച്ചത്. ട്രാജിക് ഹീറോ ആയാൽ തന്റെ ഇമേജിന് കോട്ടം വരുത്തുമെന്നുവെച്ച് അദ്ദേഹം അത് നിരസിച്ചു. പൊലീസ് ഓഫിസർ വേഷം ധർമേന്ദ്ര സഞ്ജീവ്കുമാറുമായി വെച്ചുമാറി. ഇതിലെ ജോടികളായ ധർമേന്ദ്രയും ഹേമമാലിനിയും, അമിതാഭും ജയ ഭാദുരിയും റിയൽ ലൈഫിൽ ദമ്പതികളായി.
ബച്ചന്റെ താരാരോഹണത്തിനു വഴിയൊരുക്കിയത് സഞ്ജീർ (ചങ്ങല -1973), ദീവാർ (ചുവർ -1975), ഷോലെ (1975) എന്നീ ചിത്ര ത്രയത്തിലൂടെയായിരുന്നു. സലീം ജാവേദ് എന്ന പേരിൽ അറിയപ്പെട്ടിരുന്ന സലീംഖാനും ജാവേദ് അക്തറും ചേർന്നായിരുന്നു ഈ നായകനിർമിതിയുടെ രസതന്ത്രമൊരുക്കിയത്. ധർമേന്ദ്രക്ക് ഒന്നര ലക്ഷം രൂപയും ബച്ചന് ഒരു ലക്ഷം രൂപയുമായിരുന്നു സിപ്പി നൽകിയ പ്രതിഫലം. ബച്ചൻ അന്ന് അത്രയൊന്നും താരമൂല്യം കൈവരിച്ചിരുന്നില്ല. ധർമേന്ദ്രയാണ് പ്രിയസുഹൃത്തിനെ ‘ഷോലെ’യിലേക്കു നിർദേശിച്ചത്. ധർമേന്ദ്രയും അമിതാഭ് ബച്ചനും നായകന്മാരായിരുന്നിട്ടും സിനിമ ഏറെ ഗുണം ചെയ്തത് അമിതാഭ് ബച്ചനാണ്. ‘ഷോലെ’ക്കുശേഷം ബച്ചന് തിരിഞ്ഞുനോക്കേണ്ടി വന്നില്ല.
പ്രതിനായക സങ്കൽപങ്ങൾ തകർത്ത വില്ലനെ (അംജദ് ഖാൻ) ജനം നെഞ്ചേറ്റി. സമൂഹമാധ്യമങ്ങൾ എന്തെന്നുപോലും അറിയാത്ത കാലത്ത് കിത് നേ ആദ്മീ ഥേ? (അവർ എത്ര പേരുണ്ട്). ജോ ഡർ ഗയാ, സംഝോ മർ ഗയാ (ഭയം പിടിപെട്ടാൽ മരിച്ചെന്നു തന്നെ കരുതിക്കോളൂ) തുടങ്ങിയ സംഭാഷണ ശകലങ്ങൾ സ്കൂൾ കുട്ടികൾപോലും ഏറ്റുപറഞ്ഞു. 1950കളിൽ ഗ്വാളിയറിനടുത്തുള്ള ഗ്രാമങ്ങളെ ഭയപ്പെടുത്തിയ യഥാർഥ കൊള്ളക്കാരനായ ഗബ്ബർ സിങ് ഗുജ്ജറിന്റെ സാങ്കൽപിക പതിപ്പാണ് അംജദ് ഖാന്റെ ഗബ്ബർ.
പൊലീസ് ഓഫിസറായി പകർന്നാടിയ സഞ്ജീവ്കുമാറിനെ എങ്ങനെ മറക്കും! ആയാസരഹിത അഭിനയത്തിൽ ഹാസ്യത്തിന്റെ മേമ്പൊടിയോടെ അവിസ്മരണീയ മുഹൂർത്തം സൃഷ്ടിച്ച ധർമേന്ദ്ര (വീരു). ഗ്രാമീണ പെൺകൊടിയുടെ സവിശേഷഭാവങ്ങൾ പ്രകടിപ്പിച്ച ഹേമമാലിനി (ബസന്തി). അതുപോലെ നിശ്ശബ്ദപ്രണയത്തിന്റെ കാൽപനികഭാവങ്ങൾ നെയ്തെടുത്ത രാധ (ജയ ഭാദുരി), അവളുടെ പ്രണയപ്രതീക്ഷയുടെ വിളക്ക് അണയുന്ന അപൂർവരംഗം. കഥയോട് ഇഴുകിച്ചേർന്നു നിൽക്കുന്ന അസ്രാണിയുടെ ജയിലർ വേഷം പ്രേക്ഷകരെ നന്നേ ചിരിപ്പിച്ചു.
അധികാരികളുടെ ഭാഗത്തുനിന്നുമുള്ള സമ്മർദം തരണംചെയ്ത് ‘ഷോലെ’ സാവധാനം വൻ വിജയത്തിലേക്കു കുതിച്ചു. രാജ്യത്തെ അറുപതിലധികം കേന്ദ്രങ്ങളിൽ ഒരു വർഷത്തിലധികം ഹൗസ്ഫുൾ ആയി പ്രദർശിപ്പിച്ചു. ആഗോളതലത്തിൽ 163 കോടി രൂപയാണ് കലക്ഷൻ. ഇന്ത്യൻ വാണിജ്യസിനിമകളുടെ ചരിത്രത്തിൽ വെട്ടിത്തിളങ്ങുന്ന ഭാസുരാക്ഷരങ്ങളാൽ, ചിരസ്ഥായിയായി മുദ്രണം ചെയ്യപ്പെട്ട പേരാണ് ‘ഷോലെ’. അതിന്റെ ചരിത്രം ഈ സുവർണജൂബിലികൊണ്ട് അവസാനിക്കുന്നില്ല.
.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.