മലയാള സിനിമയിൽ കടും വെട്ടിട്ട് സെൻസർ ബോർഡ്; ഹാലിന് പിന്നാലെ ‘പ്രൈവറ്റിനും’ വിലക്ക്

ഇന്ദ്രൻസ്, മീനാക്ഷി അനൂപ്, അന്നു ആന്‍റണി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ ദീപക് ഡിയോൺ രചനയും സംവിധാനവും നിർവ്വഹിച്ച ചിത്രമാണ് 'പ്രൈവറ്റ്'. കഴിഞ്ഞ ദിവസമായിരുന്നു ചിത്രം തിയറ്ററുകളിൽ പ്രദർശനമാരംഭിച്ചത്. ആഗസ്റ്റ് ഒന്നിനായിരുന്നു ആദ്യം റിലീസ് തീരുമാനിച്ചത്.

സെൻസർ ബോർഡിന്‍റെ കടുംപിടിത്തം കാരണമാണ് സിനിമയുടെ റിലീസ് വൈകിയത്. സിനിമയിൽ പരാമർശിച്ചിട്ടുള്ള ചില സംഭവങ്ങളും വാക്കുകളും നീക്കം ചെയ്തുകൊണ്ട് കടും വെട്ടാണ് സെൻസർ ബോർഡ് സിനിമക്ക് നൽകിയിരിക്കുന്നത്. പൗരത്വ ബിൽ, ഹിന്ദി സംസാരിക്കുന്നവർ, ബീഹാർ, രാമരാജ്യം തുടങ്ങിയ വാക്കുകള്‍ ഒഴിവാക്കിയാണ് സിനിമ തിയറ്ററിൽ എത്തിയിരിക്കുന്നത്.

ചിത്രത്തില്‍ ഒരു സംഘടനയുടെ പേരായി ഉപയോഗിച്ച 'RNS' മാസ്ക് ചെയ്യാനും സെൻസർ ബോർഡ് നിർദേശിച്ചിട്ടുണ്ട്. ഒരു കഥാപാത്രം പുസ്തകം എഴുതിയതിനെ കുറിച്ച് പറയുന്ന ഭാഗവും മ്യൂട്ട് ചെയ്തു. അടുത്തിടെ രാജ്യത്ത് കൊല്ലപ്പെട്ട എഴുത്തുകാരുടെ ചിത്രങ്ങൾ എന്‍ഡ് കാര്‍ഡില്‍ ഉണ്ടായിരുന്നു. ഇത് ഒഴിവാക്കാനും സെൻസർ ബോർഡ് നിർദേശം വെച്ചിട്ടുണ്ട്. റിപ്പോർട്ടുകൾ പ്രകാരം തീവ്ര ഇടത് ആശയങ്ങള്‍ പ്രചരിപ്പിക്കുന്നു എന്ന് ആരോപിച്ചാണ് സെൻസർ ബോർഡ് സിനിമക്ക് നേരെ നടപടിയെടുത്തത്. യു.എ സ‌ർ‌ട്ടിഫിക്കറ്റാണ് ഇപ്പോൾ സിനിമക്ക് ലഭിച്ചത്.

നവാഗതനായ വീര സംവിധാനം ചെയ്യുന്ന ഷെയിൻ നിഗം നായകനായ ഹാലിലും ചില രംഗങ്ങൾ നീക്കം ചെയ്യാൻ സെൻസർ ബോർഡ് ആവശ്യപ്പെട്ടിട്ടുണ്ട്.

'ബീഫ് നിരോധന'വുമായി സെന്‍സര്‍ ബോര്‍ഡ് എത്തിയത് വലിയ വിവാദമാണ് സമൂഹമാധ്യമങ്ങളിൽ ഉണ്ടാക്കുന്നത്. വെള്ളിയാഴ്ച റിലീസ് ചെയ്യാനിരിക്കുന്ന ചിത്രത്തിനാണ് സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഫിലിം സര്‍ട്ടിഫിക്കേഷന്‍ സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് നിഷേധിച്ചത്. ഇതിന് വിചിത്രമായ കാരണങ്ങളാണ് ബോര്‍ഡ് ചൂണ്ടിക്കാട്ടിയത്. ഇതിനെതിരെ ചിത്രത്തിന്റെ നിര്‍മാതാക്കള്‍ ഹൈകോടതിയെ സമീപിച്ചിട്ടുണ്ട്.

പത്തിലേറെ മാറ്റങ്ങളാണ് ഹാൽ എന്ന ചിത്രത്തിന് സെൻസർ ബോർഡ് നിർദേശിച്ചിരിക്കുന്നത്. സ്വാഭാവിക വിഷയങ്ങൾ ഉള്ളതിനാൽ 'എ' സർട്ടിഫിക്കറ്റ് നൽകിയെന്നാണ് സെൻസർ ബോർഡിന്‍റെ വാദമെന്നാണ് ചിത്രത്തിന്‍റെ തിരക്കഥാകൃത്തായ നിഷാദ് കോയ പറയുന്നത്. സര്‍ട്ടിഫിക്കറ്റ് ലഭിക്കണമെങ്കില്‍ ചിത്രത്തിലെ ചില സംഭാഷണങ്ങളും ബീഫ് ബിരിയാണി കഴിക്കുന്നത് ഉള്‍പ്പെടെ 15 രംഗങ്ങളും നീക്കം ചെയ്യണം. എന്നാൽ ‘എ’ സർട്ടിഫിക്കറ്റ് നൽകാമെന്നാണ് സെന്‍സര്‍ ബോര്‍ഡ് അണിയറ പ്രവര്‍ത്തകരോട് പറഞ്ഞത്. ധ്വജപ്രണാമം, സംഘം കാവലുണ്ട് എന്നീ വാക്കുകളും നീക്കം ചെയ്യാന്‍ സെൻസർ ബോർഡ് ആവശ്യപ്പെട്ടു. സിനിമയിൽ നായിക ഒരു റാപ്പ് സോങ്ങിന്റെ ഭാഗമായിട്ട് പർദ്ദയിട്ട് ഡാൻസ് കളിക്കുന്നുണ്ട്. ആ പർദ്ദ ഉള്ള സീൻ കട്ട് ചെയ്യണം എന്നും നിർദേശമുണ്ട്.

Tags:    
News Summary - Sensor board restrictions on malayalam films like private and haal

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.