സണ്ണി ഡിയോൾ
ബോളിവുഡ് സൂപ്പർതാരം ധർമേന്ദ്രയുടെ മകനും ബോബി ഡിയോളിന്‍റെ സഹോദരനുമായ സണ്ണി ഡിയോളിന് ഏറെ ആരാധകരാണുള്ളത്. സണ്ണി ഡിയോൾ പ്രധാന വേഷത്തിൽ എത്തിയ ബോഡർ 2 വലിയ നിരൂപക പ്രശംസ നേടിയിരുന്നു. 68ാം വയസ്സിലും താരം ഇത്ര എനർജറ്റിക്കായിരിക്കുന്നതിന്‍റെ കാരണം തിരക്കുകയാണിപ്പോൾ ആരാധകർ.
സണ്ണി ഡിയോൾ തന്‍റെ വർക്ക് ഔട്ട് ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ പങ്കുവെക്കാറുണ്ട്. അടുത്തിടെ താരം പങ്കുവെച്ച ചില ജിം ചിത്രങ്ങൾ ഏറെ ശ്രദ്ധ നേടിയിരുന്നു. എ.എൻ.ഐക്ക് നൽകിയ അഭിമുഖത്തിൽ താൻ വളരെ ചെറുപ്പം മുതൽ തന്നെ വ്യായാമം ചെയ്യുമായിരുന്നുവെന്ന് സണ്ണി ഡിയോൾ വെളിപ്പെടുത്തി.
'കുട്ടിക്കാലം മുതൽ എനിക്ക് ഫിറ്റ്നസിനോട് താൽപ്പര്യമുണ്ടായിരുന്നു. ധാരാളം സ്പോർട്സ് ഇനങ്ങളിൽ ഞാൻ സജീവമായിരുന്നു. ചിലപ്പോഴൊക്കെ എന്റെ അമ്മ എന്നെ ശകാരിക്കുമായിരുന്നു. പക്ഷേ ഞാൻ കളിക്കുന്നത് തുടർന്നു. പഠനത്തിൽ അത്ര ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നില്ല. പിന്നീട് വളർന്നപ്പോൾ ഞാൻ വെയിറ്റ് ട്രെയിനിങ് ആരംഭിച്ചു' -അദ്ദേഹം പറഞ്ഞു.
വളരെ ചിട്ടയായ ജീവിതശൈലി പിന്തുടരുന്ന ആളാണ് സണ്ണി ഡിയോൾ. എന്നാൽ ഭക്ഷണ കാര്യത്തിൽ അദ്ദേഹം അത്ര ശ്രദ്ധാലു ആയിരുന്നില്ല. 'ഞാൻ ഭക്ഷണത്തെക്കുറിച്ച് അധികം ചിന്തിക്കാറില്ല. കുട്ടിയായിരുന്നപ്പോൾ ഞാൻ വളരെ കുറച്ച് മാത്രമേ കഴിച്ചിരുന്നുള്ളൂ. പിന്നീട് കൂടുതൽ കഴിക്കാൻ തുടങ്ങിയശേഷവും സ്പോർട്സിൽ എപ്പോഴും സജീവമായിരുന്നതിനാൽ തന്നെ എനിക്ക് ഭാരം വർധിച്ചില്ല. ഞാൻ കർശനമായ ഭക്ഷണക്രമം പാലിക്കാറില്ല. വീട്ടിൽ പാകം ചെയ്യുന്ന ലളിതമായ ഭക്ഷണമാണ് കഴിക്കാറ്' -അദ്ദേഹം കൂട്ടിച്ചേർത്തു.
അച്ചടക്കമുള്ള ദിനചര്യയുടെയും നേരത്തെ എഴുന്നേൽക്കുന്നതിന്‍റെയും പ്രാധാന്യത്തെക്കുറിച്ചും സണ്ണി പറഞ്ഞു. 'ഫിറ്റ്നസ് നിങ്ങളെ ആരോഗ്യത്തോടെ നിലനിർത്തുകയും പോസിറ്റീവ് ചിന്തയെ വളർത്തുകയും ചെയ്യുന്നു. നേരത്തെ ഉണരുകയും നേരത്തെ ഉറങ്ങുകയും ചെയ്യുന്നവർ ലോകത്തെ വ്യത്യസ്തമായി കാണുന്നു. സൂര്യോദയത്തിന് മുമ്പ് ഉണരാൻ എനിക്കിഷ്ടമാണ്. എത്ര വൈകി ഉറങ്ങിയാലും ഞാൻ നേരത്തെ എഴുന്നേൽക്കും' എന്ന് അദ്ദേഹം പറയുന്നു. ഈ ചിട്ടയായ ജീവിതശൈലിയാണ് തന്നെ ആരോഗ്യവാനും എനർജറ്റിക്കുമാക്കുന്നതെന്ന് സണ്ണി ഡിയോൾ പറഞ്ഞു. തിരക്കേറിയ ഷെഡ്യൂൾ ഉണ്ടായിരുന്നിട്ടും സണ്ണി വ്യായാമത്തിനായി സമയം കണ്ടെത്തും.
സണ്ണിയുടെ സിനിമ കരിയറിന്‍റെ ആദ്യ വർഷം മുതൽ തന്നെ അദ്ദേഹം ഒട്ടനവധി ആക്ഷൻ സിനിമകളിൽ അഭിനയിച്ചിരുന്നു. കാരക്ടറിനുവേണ്ടി ഏതു രീതിയിലും പരിശീലിക്കാനും മണിക്കൂറുകൾ അധ്വാനിക്കാനും അദ്ദേഹം സന്നദ്ധനായി. ഇത്തരത്തിൽ ശരീരത്തെ പാകപ്പെടുത്തി എടുക്കാൻ നിരന്തരമായ വ്യായാമവും ആരോഗ്യകരമായ ജീവിതശൈലിയും അദ്ദേഹം പിന്തുടർന്നു.
ബോർഡർ 2വിലാണ് താരം അവസാനമായി അഭിനയിച്ചത്. ചിത്രത്തിൽ ഊർജ്ജസ്വലനും ശക്തനുമായ ഒരു സൈനിക ഉദ്യോഗസ്ഥനായാണ് സണ്ണി എത്തിയത്. രാജ്കുമാർ സന്തോഷി സംവിധാനം ചെയ്ത് ആമിർ ഖാൻ നിർമിക്കുന്ന ലാഹോർ 1947 ആണ് സണ്ണി ഡിയോളിന്‍റെ അടുത്ത ചിത്രം. അക്ഷയ് ഖന്നക്കൊപ്പം നെറ്റ്ഫ്ലിക്സിൽ റിലീസ് ചെയ്യുന്ന ഒരു ചിത്രവും അദ്ദേഹത്തിന്‍റേതായി വരാനുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.