ആദ്യം നല്ല മനുഷ്യനാകണം, അടിച്ചമർത്തപ്പെടുന്നവരെ എന്തു വിലകൊടുത്തും സംരക്ഷിക്കണമെന്നും സായ് പല്ലവി

ഹൈദരാബാദ്: കശ്മീരി പണ്ഡിറ്റുകളുടെ പലായനത്തെയും പശുവിന്റെ പേരിൽ നിരപരാധികളെ ​കൊലപ്പെടുത്തുന്നതിനെയും കുറിച്ച് നടത്തിയ പരാമർശങ്ങളുടെ പേരിലുണ്ടായ വിവാദങ്ങളിൽ വിശദീകരണവുമായി നടി സായ് പല്ലവി. ഇടതോ വല​േതാ ആകുന്നതിന് മുമ്പ് നല്ല മനുഷ്യനായിരിക്കണം. അടിച്ചമർത്തപ്പെട്ടവരെ എന്തുവിലകൊടുത്തും സംരക്ഷിക്കണമെന്നും സായ് പല്ലവി പറഞ്ഞു.

വംശഹത്യകൾ ചെറിയ കാര്യമല്ല. ഇന്നത്തെ തലമുറപോലും അതിൽ നിന്ന് മുക്തരല്ല. ആൾക്കൂട്ട അക്രമങ്ങളെയും ന്യായിരിക്കാനാകില്ല. ഏത് തരത്തിലുള്ള അക്രമവും തെറ്റാണ്. മതത്തിന്‍റെ പേരിലുള്ള അക്രമങ്ങൾ വലിയ പാപമാണ്. ഇത്രയുമാണ് പറയാന്‍ ശ്രമിച്ചതെന്ന് സായ് പല്ലവി വീഡിയോ സന്ദേശത്തില്‍ പറഞ്ഞു. ഫേസ്ബുക്കിലാണ് സായ് വീഡിയോ പങ്കുവെച്ചത്.

ഓണ്‍ലൈനിൽ ആളുകൾ പേര്‍ ആള്‍ക്കൂട്ട ആക്രമണങ്ങളെ ന്യായീകരിക്കുന്നത് കണ്ടപ്പോള്‍ അസ്വസ്ഥത തോന്നി. മെഡിക്കൽ ബിരുദധാരിയെന്ന നിലയിൽ എല്ലാ ജീവനും തുല്യമാണെന്നും എല്ലാ ജീവനും പ്രാധാന്യമുള്ളതാണെന്നും വിശ്വസിക്കുന്നു. മറ്റൊരാളുടെ ജീവനില്ലാതാക്കാനുള്ള അവകാശം ആര്‍ക്കും തന്നെയില്ലെന്നും സായ് പല്ലവി കൂട്ടിച്ചേര്‍ത്തു. ഒരു കുഞ്ഞ് ജനിച്ചതിന് ശേഷം അവന്‍റേയോ അവളുടേയോ ഐഡന്‍റിറ്റിയില്‍ പേടിക്കേണ്ട അവസ്ഥ വരുന്ന ദിവസത്തിലേക്ക് പോകാതിരിക്കാന്‍ പ്രാർഥിക്കുന്നതായും സായ് പല്ലവി പറഞ്ഞു. എന്ത് തെറ്റുചെയ്തുവെന്നറിയാതെ വിഷമിച്ച നാളുകളിൽ കൂടെ നിന്ന എല്ലാവര്‍ക്കും നന്ദി പറഞ്ഞ സായ്, എല്ലാവർക്കും സന്തോഷവും സമാധാനവും സ്നേഹവും നേരുന്നതായും ആശംസിച്ചു.

കശ്മീരി പണ്ഡിറ്റുകളുടെ കൂട്ടക്കൊലയും പശുവിന്‍റെ പേരിലുള്ള കൊലപാതകവും ഒരു പോലെയാണെന്നായിരുന്നു സായ് പല്ലവി അഭിപ്രായപ്പെട്ടത്. അക്രമം ആശയ വിനിമയത്തിന്‍റെ തെറ്റായ രൂപമാണെന്നും അടിച്ചമർത്തപ്പെട്ടവർ സംരക്ഷിക്കപ്പെടണമെന്നും നല്ല മനുഷ്യനാകാൻ മാത്രം പഠിപ്പിച്ച നിഷ്പക്ഷ കുടുംബമാണ് തന്‍റേതെന്നുമായിരുന്നു സായ് പല്ലവി അഭിമുഖത്തിൽ പറഞ്ഞത്. 'വിരാടപൂർവം' ഗ്രേയ്റ്റ് ആന്ധ്ര എന്ന ഓണ്‍ലൈന്‍ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലായിരുന്നു സായ് പല്ലവിയുടെ പ്രതികരണം. പരാമർത്തെ തുടർന്ന് തീവ്രഹിന്ദുത്വ സംഘടനയായ ബജ്റംഗദൾ സായ് പല്ലവിക്കെതിരെ പരാതി നൽകിയിരുന്നു.

സായ് പല്ലവിയുടെ ഫേസ്ബുക്ക് വീഡിയോ ഉള്ളടക്കം:

ഇത് ആദ്യമായിട്ടായിരിക്കാം ഒരു കാര്യത്തില്‍ വ്യക്തത വരുത്താന്‍ നിങ്ങളുമായി ഞാന്‍ സംസാരിക്കുന്നത്. ആദ്യമായിട്ടായിരിക്കും ഹൃദയം കൊണ്ട് സംസാരിക്കുമ്പോള്‍ രണ്ട് തവണ ആലോചിക്കേണ്ട അവസ്ഥയുണ്ടാകുന്നത്.എന്‍റെ വാക്കുകള്‍ തെറ്റിദ്ധരിപ്പിക്കുമെന്ന് ഞാന്‍ ഭയക്കുന്നു. അതിനാല്‍ ദീര്‍ഘമായി സംസാരിക്കുന്നുണ്ടെങ്കില്‍ ആദ്യമേ ക്ഷമ ചോദിക്കുന്നു.

അടുത്തിടെയുണ്ടായ അഭിമുഖത്തില്‍ ഞാന്‍ ഇടതുപക്ഷമാണോ വലതുപക്ഷമോയെന്ന ചോദ്യം ഉയര്‍ന്നു. ന്യൂട്രല്‍ ആണെന്നാണ് ഞാന്‍ പറഞ്ഞത്. വേറെയെന്തിൽ വിശ്വസിക്കുന്നതിനും മുമ്പ് നമ്മള്‍ മനുഷ്യരായിരിക്കണം. എന്തുവില കൊടുത്തും അടിച്ചമര്‍ത്തപ്പെടുന്നവരെ സംരക്ഷിക്കണം.

അഭിമുഖത്തിലേക്ക് കടന്നാല്‍, ഞാന്‍ എങ്ങനെയാണ് കാര്യങ്ങശള കാണുന്നത് എന്ന് വിശദീകരിക്കുകയും അതിന് പറഞ്ഞ രണ്ട് റഫറന്‍സുകൾ എനിക്ക് മേല്‍ വലിയ മാനസിക ആഘാതം ഉണ്ടാക്കുകയും ചെയ്തു. കശ്മീര്‍ ഫയല്‍സ് കണ്ടതിന് ശേഷം അതിന്‍റെ സംവിധായകനുമായി സംസാരിക്കാനുള്ള അവസരം ലഭിച്ചു. മൂന്ന് മാസം മുമ്പായിരുന്നു അത്. സിനിമയിലെ ജനങ്ങളുടെ ദുരിതം കണ്ടപ്പോള്‍ ആ സമയത്ത് എന്നില്‍ വലിയ അസ്വസ്ഥതയുണ്ടാക്കിയെന്ന് ഞാനദ്ദേഹത്തെ അറിയിച്ചു. വംശഹത്യ പോലെയുള്ള കാര്യങ്ങള്‍ അത്ര ചെറിയ കാര്യമല്ല. തലമുറകൾ കഴിഞ്ഞു വരുന്ന ജനങ്ങളും അത് അനുഭവിക്കുന്നു. മുമ്പ് പറഞ്ഞതുപോലെ കോവിഡ് സമയത്തെ ആള്‍ക്കൂട്ട കൊലപാതകങ്ങളെ ഒരിക്കലും പിന്തുണക്കാന്‍ കഴിയില്ല. ആള്‍ക്കൂട്ട കൊലപാതകത്തിന്‍റെ വീഡിയോ എന്നെ പിടിച്ചുകുലുക്കിയിട്ടുണ്ട്. ഏത് തരത്തിലുള്ള അക്രമവും തെറ്റാണ്. മതത്തിന്‍റെ പേരിലുള്ള ഏത് അക്രമവും വലിയ പാപമാണ്. ഇത്രയുമാണ് ഞാന്‍ പറയാന്‍ ശ്രമിച്ചത്.

എന്നാല്‍ ഓണ്‍ലൈനിലുള്ള ഒരുപാട് പേര്‍ ആള്‍ക്കൂട്ട ആക്രമണങ്ങളെ ന്യായീകരിക്കുന്നത് കണ്ടപ്പോള്‍ വലിയ അസ്വസ്ഥത തോന്നി. ഒരളുടെയും ജീവൻ ഇല്ലാതാക്കാനുള്ള അവകാശം ആര്‍ക്കും ഇല്ല. മെഡിക്കല്‍ ബിരുദധാരിയെന്ന നിലയില്‍ എല്ലാ ജീവനും തുല്യമാണെന്നും എല്ലാ ജീവനും പ്രാധാന്യമുള്ളതാണെന്നും ഞാൻ വിശ്വസിക്കുന്നു.

ഒരു കുഞ്ഞ് ജനിച്ചതിന് ശേഷം അവന്‍റേയോ അവളുടേയോ ഐഡന്‍റിറ്റിയില്‍ പേടിക്കേണ്ട അവസ്ഥ വരുന്ന ദിവസം ഉണ്ടാകരുതെന്ന് ഞാന്‍ പ്രാര്‍ത്ഥിക്കുന്നു. പതിനാല് വര്‍ഷത്തെ എന്‍റെ സ്കൂള്‍ ജീവിതത്തില്‍, എല്ലാ ദിവസവും സ്ക്കൂളിലേക്ക് പോയി- എല്ലാ ഇന്ത്യക്കാരും എന്‍റെ സഹോദരീ സഹോദരന്‍മാരാണ്, ഞാന്‍ എന്‍റെ രാജ്യത്തെ സ്നേഹിക്കുന്നു.അതിന്‍റെ സമ്പന്നവും വൈവിധ്യപൂർണ്ണവുമായ പൈതൃകത്തിൽ ഞാൻ അഭിമാനിക്കുന്നു- എന്ന് ചൊല്ലി പാഠിച്ചത് ഓര്‍ക്കുന്നു. അതെല്ലാം എന്‍റെ മനസ്സില്‍ ആഴത്തില്‍പതിഞ്ഞിട്ടുണ്ട്. നമ്മള്‍ കുട്ടികള്‍ പരസ്പരം ജാതി,മതം, സംസ്കാരം എന്നിവയുടെ പേരില്‍ വ്യത്യാസം കല്‍പ്പിക്കാറില്ല. ഞാന്‍ നിഷ്പക്ഷമായി പറയുന്നതെല്ലാം മറ്റൊരു തരത്തില്‍ എടുത്തതില്‍ ശരിക്കും അത്ഭുതപ്പെടുന്നു. പ്രമുഖരായ ആളുകളും വെബ്സൈറ്റുകളും അഭിമുഖത്തിലെ ചില ഭാഗങ്ങൾ മാത്രമെടുത്ത അതിൽ പറഞ്ഞതിന്റെ ഉദ്ദേശ്യ ശുദ്ധി തിരിച്ചറിയാതെവാര്‍ത്ത പ്രസിദ്ധീകരിച്ചതില്‍ സങ്കടം തോന്നി.

കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി എന്നെ പിന്തുണച്ച ആളുകള്‍ക്ക് നന്ദി പറയാന്‍ ഈ അവസരം ഞാന്‍ ഉപയോഗിക്കുന്നു. ഒറ്റക്കാണെന്ന് തോന്നുകയും എന്ത് തെറ്റാണ് പറഞ്ഞതെന്ന് തിരിച്ചറിയാതിരിക്കുകയും ചെയ്ത സമയത്ത് കൂടെ നിന്നത് ശരിക്കും ഹൃദയം നിറക്കുന്നതായിരുന്നു. ഞാന്‍ ഒറ്റക്കല്ല എന്ന് തോന്നിപ്പിച്ചതിന് ഒരുപാട് നന്ദി. ഞാൻ നിങ്ങൾക്കെല്ലാവർക്കും സന്തോഷവും സമാധാനവും സ്നേഹവും നേരുന്നു!


Full View


Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.