ആറാമത് മുംബൈ ഇൻഡി ഫിലിം ഫെസ്റ്റിവലിൽ മലയാളത്തിന് അഭിമാനമായി ‘റോട്ടൻ സൊസൈറ്റി’ മേളയിലെ മികച്ച ചിത്രമായി തെരഞ്ഞെടുക്കപ്പെട്ടു. ‘സ്വതന്ത്ര സിനിമയുടെ ചിന്തനീയവും സ്വാധീനശക്തിയുള്ളതുമായ സൃഷ്ടിയാണന്നും സിനിമ അവസാനിച്ചതിന് ശേഷവും പ്രേക്ഷകന്‍റെ മനസ്സിൽ തങ്ങി നില്ക്കുന്ന നിമിഷങ്ങൾ റോട്ടൻ സൊസൈറ്റി സൃഷ്ടിക്കുന്നുണ്ടന്നും’ പ്രശസ്ത തിരക്കഥാകൃത്തും സംവിധായകനുമായ കമൽ സ്വരൂപിന്‍റെ നേതൃത്വത്തിലുള്ള ജൂറി പാനൽ അഭിപ്രായപ്പെട്ടു. എസ്. എസ് ജിഷ്ണുദേവാണ് ചിത്രത്തിന്‍റെ രചനയും സംവിധാനവും നിർവ്വഹിച്ചിരിക്കുന്നത്.
ഇതിനോടകം 130ൽ പരം ഇന്‍റർനാഷണൽ അവാർഡുകൾ കരസ്ഥമാക്കിയ ചിത്രം, ഇന്ത്യയുടെ സമകാലിക പ്രശ്നങ്ങളെ നർമം കലർത്തിയാണ് അവതരിപ്പിക്കുന്നത്. ഒരു റിപ്പോർട്ടറുടെ കയ്യിലുള്ള കാമറ നഷ്ടപ്പെടുകയും അത് അവിചാരിതമായി ഒരു ഭ്രാന്തന്റെ കൈയിൽ ലഭിക്കുകയും തുടർന്ന് ആ ഭ്രാന്തൻ കടന്നു പോകുന്ന ജീവിത സാഹചര്യങ്ങളും ഭ്രാന്തനോടൊപ്പം സഞ്ചരിക്കുന്ന ആ കാമറയിലൂടെ പകർത്തുന്ന കാഴ്ചകളുമാണ് സിനിമയുടെ ഇതിവൃത്തം. ഇൻഡിപെൻഡന്‍റ് സിനിമകളുടെ ഇടയിൽ ശ്രദ്ധ ആകർഷിക്കപ്പെടുന്ന ഈ സിനിമ 2026ൽ പ്രേക്ഷകർക്ക് മുന്നിൽ എത്തും.
ടി. സുനിൽ പുന്നക്കാട് ഭ്രാന്തന്റെ വേഷം അവതരിപ്പിക്കുമ്പോൾ പ്രതിനായകനായി എത്തുന്നത് പ്രിൻസ് ജോൺസൺ ആണ്. ഒപ്പം മാനസപ്രഭു, രമേഷ് ആറ്റുകാൽ, സുരേഷ് എം.വി, ഗൗതം എസ് കുമാർ, ബേബി ആരാധ്യ, ജിനു സെലിൻ, രാജേഷ് അറപ്പുരയിൽ, ജയചന്ദ്രൻ തലയൽ, വിപിൻ ശ്രീഹരി, ശിവപ്രസാദ്, പുന്നക്കാട് ശിവൻ, അഭിഷേക് ശ്രീകുമാർ, സ്നേഹൽ റാവു എന്നിവർ പ്രധാന വേഷങ്ങളിൽ എത്തുന്നു.
വരാഹ ഫിലിംസിന്റെ ബാനറിൽ ജിനു സെലിൻ ആണ് റോട്ടൻ സൊസൈറ്റിയുടെ നിർമാണം. ഒപ്പം സ്നേഹൽ റാവു, ഷൈൻ ഡാനിയേൽ എന്നിവർ കോ പ്രൊഡക്ഷൻ ചെയ്തിരിക്കുന്നു. പശ്ചാത്തല സംഗീതം ഇല്ലാത്ത ഈ സിനിമയിൽ സൗണ്ട് ഇഫക്ട്സിനാണ് പ്രാധാന്യം നൽകിയിരിക്കുന്നത്. സൗണ്ട് എഫക്ട്സ് നിർവഹിച്ചിരിക്കുന്നത് സാബു ആണ്. ചിത്രത്തിന്റെ ശബ്ദമിശ്രണം, സൌണ്ട് ഡിസൈൻ എന്നിവ നടത്തിയിരിക്കുന്നത് ശ്രീവിഷ്ണു ജെ. എസ് ആണ്. പ്രജിൻ ഡിസൈൻസ് ആണ് പബ്ലിസിറ്റി ഡിസൈൻസ്. പി.ആർ.ഒ അജയ് തുണ്ടത്തിൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.