ഐശ്വര്യ റായ്, മാധുരി ദീക്ഷിത്

'അവർ അകത്തും പുറത്തും ഒരുപോലെ സുന്ദരിയാണ്'; കാൻ വേദിയിലെ സൈബർ ആക്രമണത്തിൽ ഐശ്വര്യ റായ്ക്ക് പിന്തുണയുമായി മാധുരി ദീക്ഷിത്

കാൻ ഫിലിം ഫെസ്റ്റിവലിൽ പങ്കെടുത്തതിന്റെ പേരിൽ ബോളിവുഡ് സുന്ദരി ഐശ്വര്യ റായിക്കെതിരെ സോഷ്യൽ മീഡിയയിൽ ഉയർന്നുവന്ന ശരീരത്തെയും വയസ്സിനെയും കളിയാക്കികൊണ്ടുള്ള പരാമർശങ്ങൾക്കെതിരെ ശക്തമായ ഭാഷയിൽ പ്രതികരിക്കുകയാണ് ബോളിവുഡ് താരം മാധുരി ദീക്ഷിത്. കാൻ ഫെസ്റ്റിവൽ വേദിയിലെ ഐശ്വര്യയുടെ സാന്നിധ്യത്തെ വിമർശിച്ചവർക്ക് ചുട്ട മറുപടിയുമായി രംഗത്തെത്തിയ മാധുരി, ഒരു വ്യക്തിയുടെ നേട്ടങ്ങളെയും ആ വ്യക്തിത്വത്തെയും വെറും അക്കങ്ങളിലേക്ക് ചുരുക്കിക്കെട്ടുന്നത് ശരിയല്ലെന്ന് വ്യക്തമാക്കി. ഈ വിഷയത്തിൽ നേരത്തെ കങ്കണ റണാവത്തും ഐശ്വര്യക്ക് പിന്തുണയുമായി രംഗത്തെത്തിയിരുന്നു.

ആഗോള തലത്തിൽ ഇന്ത്യൻ സിനിമയുടെ മുഖമായ ഐശ്വര്യ റായിയെക്കുറിച്ച് മാധുരി ദീക്ഷിത് പറഞ്ഞ വാക്കുകൾ ഏറെ ശ്രദ്ധേയമാവുകയാണ്. "കഴിഞ്ഞ 20 വർഷമായി ഐശ്വര്യ കാൻ ഫിലിം ഫെസ്റ്റിവലിൽ പങ്കെടുക്കുന്നുണ്ട്. രാജ്യത്തിന് മുഴുവൻ അഭിമാനമായി മാറിയ ഒരു ആഗോള താരമാണവർ. ഒരു മിസ് വേൾഡ് എന്ന നിലയിലും ഇന്ത്യൻ സിനിമാ ലോകത്തിന് അവർ നൽകിയ സംഭാവനകൾ വലുതാണ്. അങ്ങനെയുള്ള ഒരാളെ വസ്ത്രത്തിന്റെ അളവ് വെച്ചോ ശരീരപ്രകൃതി വെച്ചോ അല്ലെങ്കിൽ പ്രായം വെച്ചോ വെറും ഒരു അക്കമായി ചുരുക്കിക്കെട്ടാൻ ആർക്കും അവകാശമില്ല. അവർ അകത്തും പുറത്തും ഒരുപോലെ സുന്ദരിയാണ് " മാധുരി അഭിപ്രായപ്പെട്ടു.

ഇത്തരം നെഗറ്റീവ് കമന്റുകൾ എഴുതുന്നവർ പുതിയ തലമുറക്ക് നൽകുന്നത് വളരെ തെറ്റായ സന്ദേശമാണെന്നും മാധുരി ഓർമ്മിപ്പിച്ചു. ഒരു വ്യക്തിയുടെ മൂല്യം തീരുമാനിക്കപ്പെടുന്നത് അവരുടെ നേട്ടങ്ങളുടെ അടിസ്ഥാനത്തിലല്ല, മറിച്ച് അവരുടെ രൂപത്തിന്റെ അടിസ്ഥാനത്തിലാണെന്ന സന്ദേശമാണ് ഇത്തരം പരിഹാസങ്ങളിലൂടെ സമൂഹത്തിൽ പടരുന്നത്. ഇത് തിരുത്തപ്പെടേണ്ട ഒന്നാണെന്നും അവർ കൂട്ടിച്ചേർത്തു. നേരത്തെ, കാൻ വേദിയിൽ ഐശ്വര്യ എന്തിനാണ് ആളുകളെ സന്തോഷിപ്പിക്കാൻ നിൽക്കുന്നതെന്നും, പ്രായമായ സ്ത്രീകളെ റെഡ് കാർപെറ്റിൽ കാണാൻ ശീലിക്കണമെന്നും കങ്കണ റണാവത്ത് തന്റെ ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെ കുറിച്ചിരുന്നു.

എന്തൊക്കെ വിമർശനങ്ങൾ ഉയർന്നാലും അതൊന്നും കാര്യമാക്കാതെ അതീവ ആത്മവിശ്വാസത്തോടെയും സൗന്ദര്യത്തോടും കൂടി തന്റെ നിലപാടുകൾ തുടരുന്ന ഐശ്വര്യ റായിയുടെ രീതി പ്രശംസനീയമാണ്. താരത്തെ പിന്തുണച്ചുകൊണ്ട് സോഷ്യൽ മീഡിയയിൽ നിരവധി ആരാധകരും സഹപ്രവർത്തകരും രംഗത്തെത്തിയിരുന്നു.

Tags:    
News Summary - Madhuri Dixit supports Aishwarya Rai amid cyber attack at Cannes

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.