സൽമാൻ ഖാൻ
1998ലെ വിവാദപരമായ കൃഷ്ണമൃഗത്തെ വേട്ടയാടിയ സംഭവത്തെ ആസ്പദമാക്കി നിർമിക്കുന്ന 'കാലാ ഹിരൺ: ദ ബാറ്റിൽ ഫോർ ലെഗസി' എന്ന സിനിമക്കെതിരെ ബോളിവുഡ് താരം സൽമാൻ ഖാൻ നിയമനടപടി സ്വീകരിച്ചു. സിനിമയുടെ റിലീസും പ്രചാരണ പ്രവർത്തനങ്ങളും അടിയന്തരമായി നിർത്തിവെക്കണമെന്ന് ആവശ്യപ്പെട്ട് സൽമാന്റെ നിയമപ്രതിനിധികൾ ചിത്രത്തിന്റെ കാസ്റ്റിങ് ഡയറക്ടർ അക്ഷയ് പാണ്ഡെ ഉൾപ്പെടെയുള്ളവർക്ക് വക്കീൽ നോട്ടീസ് അയച്ചു.
അനുവാദമില്ലാതെ തന്റെ ജീവിതത്തിലെ സംഭവങ്ങൾ സിനിമക്കായി ഉപയോഗിക്കുന്നത് വ്യക്തിത്വ അവകാശങ്ങളുടെയും പബ്ലിസിറ്റി അവകാശങ്ങളുടെയും ലംഘനമാണെന്ന് സൽമാൻ ഖാന്റെ ലീഗൽ ടീം ആരോപിക്കുന്നു. സിനിമയുടെ പ്രചാരണ പോസ്റ്ററുകളിൽ സൽമാൻ ഖാൻ സ്ഥിരമായി ധരിക്കുന്നതിന് സമാനമായ ബ്രേസ്‌ലെറ്റ് ഉപയോഗിച്ചത് പ്രേക്ഷകരെ തെറ്റിദ്ധരിപ്പിക്കാനുള്ള ശ്രമമാണെന്നും ഇവർ ചൂണ്ടിക്കാട്ടുന്നു. ഇത്തരം ഉള്ളടക്കങ്ങൾ താരത്തിന്റെ പ്രതിച്ഛായയെ ബാധിക്കുന്നതും അപകീർത്തികരവുമാണെന്നാണ് നോട്ടീസിലെ വാദം.
കൃഷ്ണമൃഗത്തെ വേട്ടയാടിയതുമായി ബന്ധപ്പെട്ട കേസ് നിലവിൽ രാജസ്ഥാൻ ഹൈകോടതിയുടെ പരിഗണനയിലാണ്. ഇത്തരമൊരു സാഹചര്യത്തിൽ, സംഭവത്തെ ആസ്പദമാക്കി സിനിമ നിർമിക്കുന്നത് നീതിന്യായ വ്യവസ്ഥയെ സ്വാധീനിക്കാനും, തനിക്ക് ലഭിക്കേണ്ട നീതിപൂർവ്വമായ വിചാരണയെ അട്ടിമറിക്കാനും കാരണമാകുമെന്ന് സൽമാന്റെ അഭിഭാഷകർ വ്യക്തമാക്കുന്നു.
നിയമനടപടിക്കെതിരെ ചിത്രത്തിന്റെ നിർമാതാവ് അമിത് ജാനി രൂക്ഷമായ ഭാഷയിലാണ് പ്രതികരിച്ചത്. സൽമാൻ ഖാന്റെ സൂപ്പർതാര പദവി ഉപയോഗിച്ച് തങ്ങളെ ഭീഷണിപ്പെടുത്തി പിന്തിരിപ്പിക്കാനാണ് ഇത്തരമൊരു നോട്ടീസ് അയച്ചതെന്ന് അമിത് ജാനി ആരോപിച്ചു. ‘സിനിമയുമായി ബന്ധപ്പെട്ടവരെ പേടിപ്പെടുത്താനാണ് സൽമാൻ ഖാൻ ശ്രമിക്കുന്നത്. എന്നാൽ ഞാൻ ഇത്തരം ഭീഷണികൾക്ക് വഴങ്ങില്ല’ എന്ന് അദ്ദേഹം ഫേസ്ബുക്കിലും എക്സിലും കുറിച്ചു.
താൻ സൽമാൻ ഖാന്റെ ബയോപിക് അല്ല നിർമിക്കുന്നതെന്നും, കൃഷ്ണമൃഗത്തെ സംരക്ഷിക്കുന്ന ബിഷ്ണോയ് സമുദായത്തിന്റെ പോരാട്ടമാണ് സിനിമയുടെ പ്രമേയമെന്നുമാണ് അമിത് ജാനിയുടെ പക്ഷം. ജൂൺ 20ന് സിനിമയുടെ ടീസർ പുറത്തിറക്കാനുള്ള തയാറെടുപ്പിലാണ് അണിയറപ്രവർത്തകർ.
ഭാരത് എസ്. ശ്രീനാഥ് സംവിധാനം ചെയ്യുന്ന ചിത്രം, നേരത്തെ 'ഉദയ്പൂർ ഫയൽസ്' പോലുള്ള വിവാദ വിഷയങ്ങളിൽ സിനിമകൾ ചെയ്ത അമിത് ജാനിയുടെ നിർമാണത്തിലുള്ളതാണ്. ഈ തർക്കം സിനിമയുടെ ഭാവി റിലീസിനെ എങ്ങനെ ബാധിക്കുമെന്നത് സിനിമാലോകം ഏറെ ആകാംക്ഷയോടെയാണ് ഉറ്റുനോക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.