കിയാര അദ്വാനി, ഗീതു മോഹൻദാസ്
യഷ് നായകനായി എത്തുന്ന 'ടോക്സിക്: എ ഫെയറി ടെയിൽ ഫോർ ഗ്രോൺ-അപ്‌സ്' എന്ന ചിത്രത്തിന്റെ ഷൂട്ടിങ് സെറ്റിൽ സംവിധായിക ഗീതു മോഹൻദാസ് തനിക്ക് കർശനമായ ചില നിർദ്ദേശങ്ങൾ നൽകിയിരുന്നുവെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് നടി കിയാര അദ്വാനി. സാധാരണയായി ഷൂട്ടിങ് സെറ്റുകളിൽ എത്തുമ്പോൾ എല്ലാവരോടും സൗഹൃദത്തോടെ "ഹായ്" പറഞ്ഞും വിശേഷങ്ങൾ ചോദിച്ചും നടക്കുന്ന പ്രകൃതമാണ് തന്റേതെന്നും എന്നാൽ ടോക്സിക്കിന്റെ സെറ്റിൽ എത്തിയപ്പോൾ ആ ശീലമൊക്കെ മാറ്റിവെക്കേണ്ടി വന്നു എന്നും കിയാര പറയുന്നു.
തന്റെ കഥാപാത്രത്തിന്റെ തീവ്രതയും മാനസികാവസ്ഥയും നിലനിർത്താൻ, സെറ്റിലേക്ക് എത്തുമ്പോൾ ആരും ആരുമായും സൗഹൃദ സംഭാഷണങ്ങൾ നടത്തരുതെന്നും ആ കഥാപാത്രത്തിന്റെ സോണിൽ തന്നെ നിൽക്കണമെന്നുമാണ് ഗീതു ആവശ്യപ്പെട്ടത്. സെറ്റിലെത്തുന്ന നിമിഷം മുതൽ ഒരു തരത്തിലുള്ള ‘ഹായ്’, ‘ഹലോ’ വിശേഷങ്ങളും പാടില്ലെന്നും സ്വന്തം ടീം അംഗങ്ങളോട് പോലും സംസാരിക്കാതെ കഥാപാത്രമായിത്തന്നെ തുടരണമെന്നുമുള്ള സംവിധായികയുടെ നിർദ്ദേശം തന്നിലെ നടിയെ ആ കഥാപാത്രത്തിലേക്ക് കൂടുതൽ ആഴത്തിൽ ഇറങ്ങിച്ചെല്ലാൻ സഹായിച്ചു എന്ന് കിയാര വ്യക്തമാക്കുന്നു.
കന്നഡ ഭാഷാ ചിത്രമായ 'ടോക്സിക്' കിയാരയുടെ കരിയറിലെ തന്നെ ഏറ്റവും വെല്ലുവിളി നിറഞ്ഞ ഒന്നാണെന്നും താരം പറയുന്നു. ചിത്രം ഒരേസമയം കന്നഡയിലും ഇംഗ്ലീഷിലുമായാണ് ചിത്രീകരിച്ചിരിക്കുന്നത്. തനിക്ക് പരിചിതമല്ലാത്ത കന്നഡ ഭാഷയിൽ അഭിനയിക്കുമ്പോൾ വലിയ പ്രയത്നം തന്നെ വേണ്ടി വന്നു. മിക്ക ദിവസങ്ങളിലും ഷൂട്ടിങിന് തലേദിവസം രാത്രിയിരുന്ന് കന്നഡ ഡയലോഗുകൾ പഠിച്ചെടുക്കുകയായിരുന്നു പതിവ്. ഇംഗ്ലീഷിൽ ഷോട്ട് ശരിയാക്കിയ ശേഷം അതേ രംഗം കന്നഡയിൽ ചെയ്യുമ്പോഴുള്ള സമ്മർദ്ദം ചെറുതല്ലായിരുന്നുവെന്നും എങ്കിലും ഈ അനുഭവം തനിക്ക് പുതിയൊരു പാഠമായിരുന്നുവെന്നും കിയാര കൂട്ടിച്ചേർത്തു.
ഈ സിനിമയിലെ 'നാദിയ' എന്ന കഥാപാത്രം പ്രണയത്തെയും ബന്ധങ്ങളെയും കുറിച്ചുള്ള തന്റെ കാഴ്ചപ്പാടുകളെ തന്നെ മാറ്റിമറിച്ചുവെന്നും കിയാര പറയുന്നു. ഗീതു മോഹൻദാസിന്റെ സംവിധാനത്തിൽ ഒരുങ്ങുന്ന ഈ ചിത്രം പ്രേക്ഷകർക്ക് തികച്ചും വ്യത്യസ്തമായ ഒരു കാഴ്ചാനുഭവം തന്നെ നൽകുമെന്ന കാര്യത്തിൽ സംശയമില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.