സൂപ്പർതാര ചിത്രങ്ങൾക്കിടയിൽ തളരാതെ ആർ.ഡി.എക്സ്; കളക്ഷനിൽ കുതിപ്പ്​

ഓണച്ചിത്രങ്ങളിൽ പ്രേക്ഷക ശ്രദ്ധ പിടിച്ചുപറ്റിയ ചിത്രങ്ങളിൽ ഒന്നായ ആർ.ഡി.എക്സ് ബോക്​സോഫീസിൽ കുതിപ്പ്​ തുടരുന്നു. ​യുവ താരങ്ങളായ ആന്‍റണി വര്‍ഗീസ്, ഷെയ്ന്‍ നിഗം, നീരജ് മാധവ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ഒരുക്കിയ ആക്ഷന്‍ ത്രില്ലര്‍ ചിത്രം വീക്കെന്‍ഡ് ബ്ലോക്ക് ബസ്റ്റേഴ്സിന്‍റെ ബാനറില്‍ സോഫിയ പോള്‍ ആണ്​ നിര്‍മ്മിച്ചത്​. നഹാസ് ഹിദായത്ത് ആണ് സിനിമ സംവിധാനം ചെയ്തിരിക്കുന്നത്.

ആർ.ഡി.എക്സിന് എതിരാളികളായി രജനികാന്തിന്‍റെ ജയിലറും പിന്നാലെ ഷാരൂഖ് ഖാന്‍റെ ജവാനും വന്നെങ്കിലും മികച്ച പ്രേക്ഷക പ്രതികരണം നേടി സിനിമ വിജയഗാഥ തുടരുകയാണ്​. ഓഗസ്റ്റ് 25ന് തിയേറ്ററുകളിലെത്തിയ ചിത്രം 22 ദിവസം കൊണ്ട് 80 കോടിയാണ് വേള്‍ഡ് വൈഡ് ഗ്രോസ് കളക്ഷന്‍ നേടിയത്. ഓണക്കാലത്ത് മലയാളി സിനിമ പ്രേക്ഷകരെ തിയേറ്ററുകളിലെത്തിക്കുന്നതില്‍ പ്രധാന പങ്കുവഹിച്ചതും ആർ.ഡി.എക്സാണ്​.

കൊച്ചിയുടെ പശ്ചാത്തലത്തില്‍ ഒരു പള്ളിപ്പെരുന്നാളിന് ഉണ്ടാവുന്ന പ്രശ്നങ്ങളും അതേ തുടര്‍ന്നുള്ള സംഭവവികാസങ്ങളുമാണ് ‘ആർ.ഡി.എക്സ്’ ചിത്രത്തിന്റെ പ്രമേയം. റോബര്‍ട്ട്, ഡോണി, സേവ്യര്‍ എന്നീ നായകന്മാരുടെ പേരുകളുടെ ചുരുക്കരൂപമാണ് ആർ.ഡി.എക്സ്. ആദർശ് സുകുമാരൻ, ഷബാസ് റഷീദ് എന്നിവരുടേതാണ് തിരക്കഥ. റോബര്‍ട്ട് ആയി ഷെയ്ൻ നിഗം എത്തുമ്പോള്‍ ഡോണിയായി ആന്റണി വര്‍ഗീസും സേവ്യര്‍ ആയി നീരജ് മാധവും എത്തുന്നു.

കെ.ജി.എഫ്, ബീസ്റ്റ്, വിക്രം എന്നീ ചിത്രങ്ങള്‍ക്ക് സംഘട്ടനം ഒരുക്കിയ അൻപറിവ് ആണ് ആർ.ഡി.എക്സിലെ തീ പാറുന്ന ആക്ഷൻ രംഗങ്ങള്‍ ഒരുക്കിയത്. മഹിമ നമ്പ്യാര്‍, ഐമ റോസ്മി, മാലാ പാര്‍വതി, ലാല്‍, ബാബു ആന്‍റണി, ബൈജു എന്നിവരാണ് മറ്റ് പ്രധാന വേഷങ്ങളിലെത്തിയത്.

Tags:    
News Summary - true sensational blockbuster; rdx movie world wide box office collection

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.