കഴിഞ്ഞ കുറച്ചു നാളുകളായി നടൻ രൺബീർ കപൂറിനെ ചുറ്റിപ്പറ്റി രൂക്ഷ വിമർശനങ്ങളാണ് ഉയരുന്നത്. നടന്റെ ബിഗ് ബജറ്റ് ചിത്രമായ ബ്രഹ്മാസ്ത്ര ബഹിഷ്കരണാഹ്വാനത്തോടെയാണ് തിയറ്ററുകളിൽ എത്തിയത്. നടന്റെ പഴയകാല അഭിമുഖങ്ങൾ കുത്തിപ്പൊക്കിയാണ് വിമർശകർ ചിത്രത്തിനെതിരെ രംഗത്ത് എത്തിയത്. എന്നാൽ തിയറ്ററുകളിൽ എത്തിയ ബ്രഹ്മാസ്ത്രയെ സ്പർശിക്കാൻ വിവാദങ്ങൾക്ക് കഴിഞ്ഞില്ല. ചിത്രം മികച്ച വിജയം നേടുകയായിരുന്നു.
ഇപ്പോഴിതാ രൺബീർ കപൂറിനെ ചുറ്റിപ്പറ്റി വീണ്ടും വിവാദങ്ങൾ തലപൊക്കുകയാണ്. ജിദ്ദയിൽ നടന്ന റെഡ് സീ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ നടൻ പറഞ്ഞ വാക്കുകളാണ് ഇത്തവണ വിവാദങ്ങൾക്ക് തീ കൊളുത്തിയിരിക്കുന്നത്. പാകിസ്താൻ സിനിമയെ കുറിച്ചും അവിടത്തെ കലാകാരന്മാരേയും നടൻ അഭിനന്ദിച്ചിരുന്നു. ബോളിവുഡിലെ തന്റെ 15 വർഷങ്ങളെ കുറിച്ചും കരിയറിലെ ജയപരാജയങ്ങളെ കുറിച്ചും സംസരിക്കവെയാണ് പാക് ചിത്രത്തിനോടുള്ള താൽപര്യത്തെ കുറിച്ച് നടൻ പറഞ്ഞത്.
ഒരു പാക് ചലച്ചിത്രകാരന്റെ ചോദ്യത്തിനായിരുന്നു മറുപടി. പാകിസ്താൻ ചിത്രങ്ങളുടെ ഭാഗമാകാൻ തയാറാണോ എന്നായിരുന്നു ചോദ്യം. 'തീർച്ചയായും' എന്നായിരുന്നു നടന്റെ മറുപടി. 'കലാകാരന്മാർക്ക്, പ്രത്യേകിച്ച് കലകളിൽ അതിരുകളില്ലെന്ന് ഞാൻ കരുതുന്നു. 'ദി ലെജൻഡ് ഓഫ് മൗലാ ജട്ട്' ന് പാകിസ്താൻ സിനിമക്ക് അഭിനന്ദനങ്ങൾ. കുറച്ച് വർഷങ്ങളായി നമ്മൾ കണ്ട ഏറ്റവും വലിയ ഹിറ്റുകളിൽ ഒന്നാണിത്' -എന്നായിരുന്നു നടൻ പറഞ്ഞത്.
രൺബീറിന്റെ വാക്കുകളെ ഒരു വിഭാഗം ആളുകൾ രൂക്ഷമായി വിമർശിച്ച് രംഗത്തെത്തിയിരിക്കുകയാണ്. ഇന്ത്യൻ പൗരത്വം ഉപേക്ഷിച്ച് പാകിസ്താനിൽ സ്ഥിര താമസമാക്കൂ എന്നാണ് ചില ആരാധകർ പറയുന്നത്. 'എങ്കിൽ താങ്കൾ പാക് ചലച്ചിത്ര മേഖലയിലേക്ക് പോകൂ' എന്നും ചിലർ വിമർശിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.