ഋഷഭ് ഷെട്ടിയുടെ കാന്താര നവംബർ 4 ന് ഒ.ടി.ടിയിൽ‍? പ്രതികരണവുമായി നിർമാതാവ്

മികച്ച പ്രേക്ഷക സ്വീകാര്യത നേടി കാന്താര തിയറ്ററുകളിൽ പ്രദർശനം തുടരുകയാണ്. സെപ്റ്റംബർ 30 ന് റിലീസ് ചെയ്ത ചിത്രം ദേശവ്യത്യാസമില്ലാതെയാണ് സിനിമാലോകം നെഞ്ചിലേറ്റുന്നത്. പ്രദർശനത്തിനെത്തിയ എല്ലാ കേന്ദ്രങ്ങളിൽ നിന്നും മികച്ച അഭിപ്രായമാണ് ലഭിക്കുന്നത്. കൂടാതെ ചിത്രത്തിന്റെ സംവിധായകനും അഭിനേതാവുമായ ഋഷഭ് ഷെട്ടിയെ അഭിനന്ദിച്ച് ഇന്ത്യൻ സിനിമാലോകം ഒന്നടങ്കം രംഗത്ത് എത്തിയിട്ടുമുണ്ട്.

19ാം നൂറ്റാണ്ടിന്റെ പശ്ചാത്തലത്തിലാണ് കാന്താര കഥ പറയുന്നത്. തീരദേശ കര്‍ണാടകത്തിലെ ഒരു ഗ്രാമവും ദൈവനര്‍ത്തക വിശ്വാസവുമാണ് ചിത്രത്തിന്റെ പ്രമേയം. തിയറ്ററുകളിൽ കാഴ്ചയുടെ മികച്ച ദൃശ്യാനുഭവം സമ്മാനിക്കുമ്പോൾ ചിത്രത്തിന്റെ ഒ.ടി.ടി റിലീസിനെ കുറിച്ചുളള വാർത്തകൾ സമൂഹമാധ്യമങ്ങളിൽ ഇടംപിടിക്കുകയാണ്. നവംബർ 4 ന് ആമസോൺ പ്രൈമിൽ ചിത്രം പ്രദർശനത്തിന് എത്തുന്നുവെന്നാണ് പ്രചരിച്ച റിപ്പോർട്ട്.

ഇപ്പോഴിതാ പുറത്ത് വന്ന വാർത്തയിൽ പ്രതികരിച്ച് കാന്താരയുടെ നിർമാതവ് കാർത്തിക് ഗൗഡ എത്തിയിരിക്കുകയാണ്. വാർത്ത വ്യാജമാണെന്നും കാന്താരയുടെ ഒ.ടി.ടി റിലീസ് തങ്ങൾ തന്നെ അറിയിക്കുമെന്ന് നിർമാതാവ് ട്വിറ്റ് ചെയ്തു. കൂടാതെ ചിത്രം നവംബർ 4 ന് ഒ.ടി.ടിയിൽ പ്രദർശനത്തിന് എത്തില്ലെന്നും കാർത്തിക് വെളിപ്പെടുത്തി.

16 കോടി ബജറ്റിലൊരുങ്ങിയ ചിത്രം ഇതുവരെ 243 കോടി കലക്ഷന്‍ നേടിയിട്ടുണ്ട്. കെ.ജി.എഫ് നിര്‍മാതാക്കളായ ഹോംബൊലെ ഫിലിംസാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്.


News Summary - producer Karthik Gowda Opens up about rumours of Rishab Shetty's Movie Kantara OTT release

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.