ഹൈദരാബാദിന് സമീപമുണ്ടായ വാഹനാപകടത്തിൽ പ്രഭാസ് നായകനാകുന്ന ചിത്രം 'ഫൗജി'യുടെ അണിയറ പ്രവർത്തകൻ മരണപ്പെട്ടു. ഇതേ തുടർന്ന് സിനിമയുടെ ചിത്രീകരണം താൽകാലികമായി നിർത്തിവെച്ചിരിക്കുകയാണ്. ഹൈദരാബാദിനടുത്തുള്ള അബ്ദുള്ളപ്പൂർമെറ്റിന് സമീപം ചൊവ്വാഴ്ച പുലർച്ചെ നടന്ന ഈ അപകടത്തിൽ ഒരാൾ മരണപെടുകയും അഞ്ചുപേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഷെഡ്യൂൾ ചെയ്ത ഷൂട്ടിങിനായി റാമോജി ഫിലിം സിറ്റിയിലേക്ക് സംഘം യാത്ര ചെയ്യുന്നതിനിടെയാണ് അപകടമുണ്ടായത്. നിയന്ത്രണം വിട്ട വാഹനം ടൂപ്രാൻപേട്ട് പാലത്തിന് സമീപമുള്ള സിമന്റ് ഡിവൈഡറുകളിൽ ഇടിക്കുകയായിരുന്നു. അപകടത്തിന്റെ തീവ്രതയിൽ ഒരാൾ സംഭവസ്ഥലത്തുതന്നെ മരിക്കുകയും പരിക്കേറ്റവരെ ഉടൻ തന്നെ അടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു.
ചിത്രത്തിന്റെ ജോലികൾ ഏറെക്കുറെ പൂർത്തിയായി വരികയായിരുന്നു. സിനിമയുടെ ഏകദേശം 80 ശതമാനം ചിത്രീകരണവും ഇതിനകം പൂർത്തിയായതായി മൈത്രി മൂവി മേക്കേഴ്സ് സി.ഇ.ഒ അടുത്തിടെ അറിയിച്ചിരുന്നു. പ്രഭാസ് അഭിനയിക്കുന്ന മൂന്ന് വലിയ ആക്ഷൻ സീക്വൻസുകൾ ഉൾപ്പെടെയുള്ള നിർണായകമായ ഭാഗങ്ങളാണ് ഇനി ചിത്രീകരിക്കാനുള്ളത്. എന്നാൽ ഷൂട്ടിങ് തടസ്സപ്പെടുന്നതിന് തൊട്ടുമുമ്പുള്ള ദിവസങ്ങളിൽ മറ്റ് ചില പ്രതിസന്ധികളും അണിയറ പ്രവർത്തകർ നേരിട്ടിരുന്നു. ചിത്രത്തിന്റെ സെറ്റിൽ നിന്നുള്ള ദൃശ്യങ്ങളും ചിത്രങ്ങളും അനധികൃതമായി സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചത് വലിയ ആശങ്കയുണ്ടാക്കിയിരുന്നു. പ്രഭാസിന്റെ രൂപവും സിനിമക്കായി ഒരുക്കിയ കൂറ്റൻ സെറ്റുകളും ഇത്തരത്തിൽ ചോർന്നു. ദൃശ്യങ്ങൾ പങ്കുവെക്കുന്നതിൽ നിന്ന് പിന്മാറണമെന്ന് അണിയറ പ്രവർത്തകർ പൊതുജനങ്ങളോട് അഭ്യർത്ഥിക്കുകയും പകർപ്പവകാശ ലംഘനം നടത്തുന്നവർക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് മുന്നറിയിപ്പ് നൽകുകയും ചെയ്തിരുന്നു.
സഹപ്രവർത്തകന്റെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തുന്നതിനും അന്വേഷണങ്ങൾക്കുമായി നിലവിൽ ചിത്രീകരണം നിർത്തിവച്ചിരിക്കുകയാണെങ്കിലും, സിനിമയുടെ റിലീസ് തീയതിയിൽ മാറ്റം വരുത്താൻ അണിയറ പ്രവർത്തകർ ഉദ്ദേശിക്കുന്നില്ലെന്നുമാണ് വിവരം. 2026 ഒക്ടോബറിൽ ദസറ ഉത്സവത്തോടനുബന്ധിച്ച് ചിത്രം തിയറ്ററുകളിൽ എത്തിക്കാനാണ് ലക്ഷ്യമിടുന്നത്. ഈ സമയക്രമം പാലിക്കപ്പെടുകയാണെങ്കിൽ, 'ദി രാജാ സാബ്' എന്ന സിനിമക്ക് ശേഷം 2026-ൽ പുറത്തിറങ്ങുന്ന പ്രഭാസിന്റെ രണ്ടാമത്തെ വലിയ ചിത്രമായിരിക്കും 'ഫൗജി'.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.