നടൻ ജോജു ജോർജിന്‍റെ സംവിധാന അരങ്ങേറ്റമായിരുന്നു 2024ൽ പുറത്തിറങ്ങിയ ചിത്രമായ പണി. ആക്ഷൻ രംഗങ്ങൾ നിറഞ്ഞ ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിച്ചത്. ഇപ്പോഴിതാ ചിത്രത്തിന് രണ്ടാം ഭാഗം ഒരുങ്ങുന്നുണ്ടെന്ന് സ്ഥിരീകരിച്ചിരിക്കുകയാണ് ജോജു ജോർജ്. ചിത്രത്തിന് മൂന്ന് ഭാഗങ്ങളായിരിക്കും ഉണ്ടാകുക എന്ന് നടൻ വ്യക്തമാക്കിയിരുന്നു.
ആദ്യ ഭാഗത്തേക്കാള്‍ തീവ്രത നിറഞ്ഞതാകും രണ്ടാം ഭാഗമെന്ന് ജോജു ജോർജ് വ്യക്തമാക്കി. എന്നാൽ ആദ്യ സിനിമയുടെ കഥയുടെ തുടർച്ചയായിരിക്കില്ല രണ്ടാം ഭാഗത്തിന്‍റെ കഥയെന്നും അതിലെ കഥാപാത്രങ്ങൾ ഇതിലുണ്ടാകില്ലെന്നും ജോജു പറഞ്ഞു. ‘പണി’യിലെ പ്രധാന അഭിനേതാക്കളെല്ലാം രണ്ടാം ഭാഗത്തിലും അണിനിരക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
പണിയിലെ സാഗർ സൂര്യയുടെയും ജുനൈസിന്‍റെയും വില്ലൻ വേഷങ്ങൾ വലിയ ചർച്ചയായിരുന്നു. അഭിനയ ആയിരുന്നു ചിത്രത്തിലെ നായിക. സീമ, പ്രശാന്ത് അലക്സാണ്ടർ, അഭയ ഹിരൺമയി, ചാന്ദിനി ശ്രീധരൻ, സിജിത് ശങ്കർ, സോന മരിയ എബ്രഹാം, മെർലെറ്റ് ആൻ തോമസ് എന്നിവരും ചിത്രത്തിൽ അഭിനയിച്ചു.
ത്രില്ലർ, റിവഞ്ച് ചിത്രമായ പണി ജോജുവിന്‍റെ തന്നെ പ്രൊഡക്ഷൻ കമ്പനിയായ അപ്പു പാത്തു പപ്പു പ്രൊഡക്ഷൻസിന്‍റെയും, എ ഡി സ്റ്റുഡിയോസിന്‍റെയും, ശ്രീ ഗോകുലം മൂവീസിന്‍റെയും ബാനറിൽ എം. റിയാസ് ആദം, സിജോ വടക്കൻ എന്നിവർ ചേർന്നായിരുന്നു നിർമിച്ചത്. ഇന്ത്യന്‍ സിനിമയിലെ തന്നെ മുന്‍ നിര ടെക്നീഷ്യന്‍മാരാണ് ചിത്രത്തിന്‍റെ അണിയറയില്‍ പ്രവര്‍ത്തിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.