പാക് നടൻ ഫവാദ് ഖാൻ അഭിനയിച്ച ചിത്രം 'അബിർ ഗുലാൽ' ഇന്ത്യയിൽ റിലീസ് ചെയ്യില്ലെന്ന് കേന്ദ്ര വാർത്താ വിതരണ പ്രക്ഷേപണ മന്ത്രാലയ വൃത്തങ്ങൾ അറിയിച്ചു. ജമ്മു കശ്മീരിലെ പഹൽഗാമിൽ 25 വിനോദസഞ്ചാരികളെയും ഒരു കശ്മീരിയെയും വെടിവച്ചു കൊന്ന ഭീകരാക്രമണത്തിൽ രാജ്യവ്യാപകമായി പ്രതിഷേധം ഉയർന്ന സാഹചര്യത്തിലാണ് ഈ തീരുമാനം.
വിവേക് ബി അഗർവാൾ നിർമിച്ച് ആരതി എസ്. ബാഗ്ദി സംവിധാനം ചെയ്ത ഇന്ത്യൻ നടി വാണി കപൂറും അഭിനയിക്കുന്ന 'അബിർ ഗുലാൽ' മെയ് ഒൻപതിന് തിയറ്ററുകളിൽ എത്തേണ്ടതായിരുന്നു. ഈ മാസം ആദ്യം ന്യൂഡൽഹിയും ഇസ്ലാമാബാദും തമ്മിലുള്ള മോശം ബന്ധം ചൂണ്ടിക്കാട്ടി രാജ് താക്കറെയുടെ നേതൃത്വത്തിലുള്ള മഹാരാഷ്ട്ര നവനിർമ്മാൺ സേന ഇന്ത്യയിൽ റിലീസ് ചെയ്യുന്നതിനെ എതിർത്തിരുന്നു. പഹൽഗാം ഭീകരാക്രമണത്തിന് ശേഷം ഫവാദ് ഖാൻ നായകനായ ചിത്രത്തിന് എതിർപ്പ് കൂടുതൽ ശക്തമായി.
സിനിമ തിയറ്ററുകൾ ചിത്രം പ്രദർശിപ്പിക്കാൻ തയ്യാറായിട്ടില്ലെന്നും നിരവധി വിനോദ സംഘടനകൾ ചിത്രം ബഹിഷ്‌കരിക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ടെന്നും ഇൻഫർമേഷൻ ആൻഡ് ബ്രോഡ്കാസ്റ്റിങ് മന്ത്രാലയ വൃത്തങ്ങൾ അറിയിച്ചു. ചിത്രം ഇന്ത്യയിൽ റിലീസ് ചെയ്യില്ലെന്നും മന്ത്രാലയം വ്യക്തമാക്കി. നേരത്തെ, സിനിമ കലാകാരന്മാരുടെ സംഘടനയായ ഫെഡറേഷൻ ഓഫ് വെസ്റ്റേൺ ഇന്ത്യ സിനി എംപ്ലോയീസ് ചിത്രം ബഹിഷ്‌കരിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. 2019 ലെ പുൽവാമ ഭീകരാക്രമണത്തിൽ 35 അർദ്ധസൈനികർ കൊല്ലപ്പെട്ടതിന് ശേഷം ഇന്ത്യൻ ചലച്ചിത്ര മേഖലയിലെ പാകിസ്ഥാൻ കലാകാരന്മാർ, ഗായകർ, സാങ്കേതിക വിദഗ്ധർ എന്നിവരെ ബഹിഷ്‌കരിക്കണമെന്ന് സംഘടന ആഹ്വാനം ചെയ്തിരുന്നു.
ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ മൃതദേഹങ്ങൾ വീടുകളിൽ എത്തിയപ്പോൾ, #boycottAbirGulaal എന്ന ഹാഷ്‌ടാഗ് വ്യാപകമായി. ഫവാദ് ഖാന്‍ അഭിനയിച്ച ബോളിവുഡ് പടത്തിന് മുന്‍പും സമാനമായ പ്രതിഷേധം നേരിടേണ്ടി വന്നിട്ടുണ്ട്. 2016ൽ കരൺ ജോഹറിന്റെ 'ഏ ദിൽ ഹേ മുഷ്കിൽ' എന്ന ചിത്രവുമായി ബന്ധപ്പെട്ടായിരുന്നു അന്ന് വിവാദം. 2016 സെപ്റ്റംബർ 18 ഉറിയിൽ നടന്ന ഭീകരാക്രമണത്തെത്തുടർന്ന് ചിത്രത്തിനെതിരെ പ്രതിഷേധങ്ങൾ ഉയർന്നിരുന്നു. ഇതിന്‍റെ ഫലമായി ഇന്ത്യൻ വിനോദങ്ങളിൽ പാകിസ്ഥാൻ കലാകാരന്മാർക്ക് അനൗപചാരിക വിലക്ക് ഏർപ്പെടുത്തിയിരുന്നു. കഴിഞ്ഞ വര്‍ഷം ബോംബൈ ഹൈക്കോടതി പാക് കലകാരന്മാരെ ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്നത് വിലക്കണം എന്ന ഹരജി തള്ളിയിരുന്നു. പിന്നാലെ വീണ്ടും പാക് നടന്മാരും ഗായകരും ബോളിവുഡില്‍ പ്രത്യക്ഷപ്പെടാന്‍ തുടങ്ങിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.