ചെന്നെ: തമിഴ് സിനിമാ ലോകം ഉറ്റുനോക്കുന്ന വാർത്തയാണ് ദളപതി വിജയ്‌യുടെ പുതിയ നീക്കങ്ങളെക്കുറിച്ച് പുറത്തുവരുന്നത്. രാഷ്ട്രീയ പ്രവേശനത്തിന്റെ ഭാഗമായി സിനിമയിൽ നിന്ന് വിരമിക്കാനൊരുങ്ങുന്ന വിജയ്‌യുടെ അവസാന ചിത്രമായിട്ടായിരുന്നു 'ജനനായകൻ' വിലയിരുത്തപ്പെട്ടിരുന്നത്. എന്നാൽ, ചിത്രം തിയറ്ററുകളിൽ പ്രതീക്ഷിച്ച വിജയം നേടിയില്ലെങ്കിൽ നിർമാതാക്കൾക്കുണ്ടാകുന്ന സാമ്പത്തിക ബാധ്യത പരിഹരിക്കാൻ താരം ഒരു ചിത്രത്തിൽ കൂടി അഭിനയിച്ചേക്കുമെന്നാണ് പുതിയ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
സെൻസർ ബോർഡിന്റെ കർശന നിയന്ത്രണങ്ങൾക്കിടയിൽ റിലീസ് വൈകുന്നതും, ഇതിനിടെ ചിത്രത്തിന്റെ ഭാഗങ്ങൾ ഇന്റർനെറ്റിൽ ചോർന്നതും വലിയ പ്രതിസന്ധിയാണ് സൃഷ്ടിച്ചിരിക്കുന്നത്. ഈ സാഹചര്യത്തിൽ നിർമാതാക്കളെ കൈവിടാതെ സഹായിക്കുക എന്ന ലക്ഷ്യത്തോടെയാണ് വിജയ് വീണ്ടും കാമറക്ക് മുന്നിലെത്താൻ തയാറെടുക്കുന്നത്.
മേയ് പകുതിയോടെ 'ജനനായകൻ' പ്രേക്ഷകരിലേക്ക് എത്തിക്കാനാണ് അണിയറ പ്രവർത്തകർ നിലവിൽ ലക്ഷ്യമിടുന്നത്. ചിത്രത്തിന്റെ ബോക്സ് ഓഫീസ് പ്രകടനം വിലയിരുത്തിയ ശേഷമേ പുതിയ സിനിമയുടെ കാര്യത്തിൽ വിജയ് അന്തിമ തീരുമാനമെടുക്കുകയുള്ളൂ. ഇതിനോടകം തന്നെ പുതിയൊരു സിനിമക്കായുള്ള കഥകൾ ആലോചിക്കാൻ വിജയ് നിർമാതാക്കളോട് നിർദേശിച്ചതായും വാർത്തകളുണ്ട്.
ജനുവരിയിൽ പൊങ്കൽ റിലീസായി എത്തേണ്ടിയിരുന്ന ചിത്രം രാഷ്ട്രീയ കാരണങ്ങളാലാണ് സെൻസർ കുരുക്കിൽപ്പെട്ടത്. വിജയ് രാഷ്ട്രീയ പാർട്ടിയിൽ സജീവമായതിനാൽ പെരുമാറ്റച്ചട്ടം നിലനിൽക്കുന്ന സാഹചര്യത്തിൽ സെൻസർ സർട്ടിഫിക്കറ്റ് നൽകാൻ അധികൃതർ തയാറായിരുന്നില്ല. ഈ തടസ്സങ്ങൾ നീങ്ങി ചിത്രം തിയറ്ററിലെത്തുമ്പോൾ ലഭിക്കുന്ന പ്രതികരണം വിജയ്‌യുടെ സിനിമാ ജീവിതത്തിലെ നിർണായകമായ അധ്യായമായി മാറുമെന്നാണ് റിപ്പോർട്ടുകൾ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.