കാൻ ഫിലിം ഫെസ്റ്റിവലിന്റെ റെഡ് കാർപെറ്റിൽ നഗ്നതയും ഓവർ സൈസ്ഡ് വസ്ത്രങ്ങളും നിയന്ത്രിക്കുന്നതിന് പുതിയ മാർഗനിർദേശങ്ങൾ ഔദ്യോഗികമായി പ്രഖ്യാപിച്ചു. വസ്ത്രധാരണ നിയമങ്ങൾ നിലവിലുണ്ടെങ്കിലും, ഇപ്പോൾ ഫെസ്റ്റിവലിന്റെ മാനദണ്ഡങ്ങൾക്കും ഫ്രഞ്ച് നിയമത്തിനും അനുസൃതമായി അവ കർശനമായി നടപ്പിലാക്കുന്നുണ്ടെന്ന് ഫെസ്റ്റിവൽ അധികൃതർ വിശദീകരിച്ചു. 2022ൽ ടോപ്‌ലെസ് പ്രതിഷേധക്കാരി പങ്കെടുത്തതും ഈ വർഷം ആദ്യം ഗ്രാമികളിൽ ബിയാങ്ക സെൻസോറി പങ്കെടുത്തതും ഉൾപ്പെടെയുള്ള നിരവധി വാർത്താ പ്രാധാന്യമുള്ള സംഭവങ്ങളുടെ പശ്ചാത്തലത്തിലാണ് ഈ തീരുമാനം.
പൊതുവെ ഫാഷൻ നിയന്ത്രിക്കുകയല്ല ലക്ഷ്യം, മറിച്ച് റെഡ് കാർപെറ്റ് പരിപാടികളിൽ പൂർണ നഗ്നതയും വളരെ വലിയ വസ്ത്രങ്ങളും ഒഴിവാക്കുക എന്നതാണ് ലക്ഷ്യം. അത്തരം വസ്ത്രങ്ങൾ സുരക്ഷാ ആശങ്കകൾ ഉയർത്തിയേക്കാം എന്ന്സംഘാടകർ ചൂണ്ടിക്കാട്ടി. കാൻസിലെ റെഡ് കാർപെറ്റ് ഡ്രസ് കോഡ് നിയന്ത്രണങ്ങൾ വളരെക്കാലമായി വിവാദങ്ങൾക്ക് കാരണമായിരുന്നു. രാത്രികാല പ്രദർശനങ്ങളിൽ ഗംഭീരമായ പാദരക്ഷകൾ വേണമെന്ന നിബന്ധനയുടെ പേരിൽ ഫെസ്റ്റിവൽ വിമർശിക്കപ്പെട്ടിരുന്നു. സ്ത്രീകൾക്ക് ഹൈ ഹീൽസ് നിർബന്ധമാക്കുന്നതായി പലരും കണ്ട അനൗദ്യോഗിക നിയമമാണിത്.
പായൽ കപാഡിയ ഇത്തവണ ജൂറി അംഗമായി കാനിൽ എത്തും. മെയ് 13 മുതൽ 24 വരെയാണ് കാൻ ചലച്ചിത്രമേള നടക്കുന്നത്. വെസ് ആൻഡേഴ്‌സന്‍റെ ദി ഫീനിഷ്യൻ സ്കീം, അരി ആസ്റ്ററിന്‍റെ എഡിംഗ്ടൺ, ജോക്കിം ട്രയറിന്‍റെ സെന്‍റിമെന്‍റൽ വാല്യു, കെല്ലി റീച്ചാർട്ടിന്‍റെ ദി മാസ്റ്റർമൈൻഡ്, റിച്ചാർഡ് ലിങ്ക്ലേറ്ററുടെ നൂവെല്ലെ വേഗ്, ലിൻ റാംസെയുടെ ഡൈ, മൈ ലവ് എന്നീ ചിത്രങ്ങളാണ് പാം ഡി ഓറിനായി മത്സരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.