സുസ്മിത സെൻ മക്കളായ റെന സെനിനും അലീസ സെൻനുമൊപ്പം
ബോളിവുഡിന്‍റെ പകരം വക്കാനില്ലാത്ത താര സുന്ദരിയാണ് സുസ്മിത സെൻ. 1994-ൽ മിസ്സ് യൂനിവേഴ്സായി കിരീടമണിഞ്ഞ സുസ്മിത പിന്നീട് ബോളിവുഡിൽ തന്‍റേതായ മുഖമുദ്ര പതിപ്പിച്ചു. അഭിനയത്തെക്കാളുപരി തന്‍റെ ശക്തമായ കാഴ്ചപ്പാടുകൾ കൊണ്ടും കാരക്ടർ കൊണ്ടും ആരാധകരെ സൃഷ്ടിക്കാൻ സുസ്മിതക്ക് സാധിച്ചിട്ടുണ്ട്. അവിവാഹിതയായിരിക്കെ രണ്ടു പെൺകുട്ടികളെയാണ് താരം ദത്തെടുത്തു വളർത്തിയത്. വിശ്വസുന്ദരി മത്സരത്തിന്റെ വേദിയിൽ വെച്ച് ഒരു പെൺകുഞ്ഞിനെ ദത്തെടുക്കാൻ ആഗ്രഹമുണ്ടെന്ന് സുസ്മിത പറഞ്ഞപ്പോൾ അത് ആരും കാര്യമായി എടുത്തിരുന്നില്ല.
പക്ഷെ വെറും ഇരുപത്തിയൊന്ന് വയസ്സുള്ളപ്പോൾ അതിന് വേണ്ടി ഇറങ്ങിത്തിരിച്ച് താരം ആരാധകരെയും, സിനിമ രംഗത്തെയും ഒരുപോലെ ഞെട്ടിച്ചു. ഈ തീരുമാനം കരിയറിനെയും, ജീവിതത്തെയും പല രീതിയിൽ ബാധിക്കാമെന്ന് എല്ലാവരും മുന്നറിയിപ്പ് കൊടുത്തപ്പോഴും അവർ തന്റെ തീരുമാനവുമായി മുന്നോട്ട് പോയി.ഇപ്പോഴിതാ തന്‍റെ കുഞ്ഞുങ്ങളെ ദത്തെടുത്തതിനെ കുറിച്ചും അതിനായി നടത്തിയ നിമയപോരാട്ടത്തെ കുറിച്ചും മനസ്സ് തുറന്നിരിക്കുകയാണ് താരം. ആദ്യത്തെ മകള്‍ റെനെയെ ദത്തെടുക്കുമ്പോള്‍ തനിക്ക് 21 വയസ്സ് മാത്രമായിരുന്നു പ്രായമെന്നും തന്റെ ഉദ്ദേശശുദ്ധി കോടതിയെ ബോധ്യപ്പെടുത്താന്‍ അച്ഛന്‍ അദ്ദേഹത്തിന്റെ സ്വത്തുക്കള്‍ ദത്തെടുത്ത മകളുടെ പേരില്‍ എഴുതിവെക്കാന്‍ തീരുമാനിച്ചുവെന്നും സുസ്മിത പറയുന്നു.
'21 വയസ് പൂര്‍ത്തിയായപ്പോള്‍ എന്തൊക്കെയാണ് ഞാന്‍ ചെയ്യാന്‍ ആഗ്രഹിക്കുന്നതെന്ന് എനിക്കറിയാമായിരുന്നു. അങ്ങനെ 21 മുതല്‍ 24 വരെ അതിനായി ശ്രമിച്ചു. നിയമപോരാട്ടം തുടങ്ങി. ആ സമയത്ത് എന്റെ മകള്‍ താത്ക്കാലിക സംരക്ഷണത്തില്‍ എന്റെ കൂടെയുണ്ടായിരുന്നു. എന്നാല്‍ കുടുംബ കോടതി എനിക്ക് അനുകൂലമായി വിധി പറഞ്ഞില്ലെങ്കില്‍ എന്ത് ചെയ്യുമെന്നുള്ള ഭയത്തോടെയാണ് ജീവിച്ചിരുന്നത്. അവര്‍ കുട്ടിയെ തിരികെ കൊണ്ടുപോകും, അവള്‍ ആ സമയത്ത് എന്നെ 'അമ്മ' എന്ന് വിളിക്കാന്‍ തുടങ്ങിയിരിക്കുന്നു. വിചാരണ സമയത്ത് ഞാന്‍ അച്ഛനോട് പറഞ്ഞു. 'കാര്‍ സ്റ്റാര്‍ട്ട് ചെയ്ത് നിര്‍ത്തുക, നിങ്ങള്‍ അവളെയും കൊണ്ട് ഓടിപ്പോകണം.' അതായിരുന്നു അവസാനമായി എന്‍റെ മനസ്സിലുണ്ടായിരുന്ന പദ്ധതി. പക്ഷെ അച്ഛന്‍ അത് മണ്ടത്തരമായി തള്ളിക്കളഞ്ഞു.'-സുസ്മിത പറഞ്ഞു.
മകളെ ദത്തെടുക്കാനായി അച്ഛന്‍ തനിക്ക് തന്ന പിന്തുണ വാക്കുകള്‍കൊണ്ട് വിവരിക്കാനാകില്ലെന്നും അവര്‍ വ്യക്തമാക്കി. 'എന്റെ അച്ഛനെ ഓര്‍ത്ത് ഞാന്‍ ഒരുപാട് അഭിമാനിക്കുന്നു. ഒരു കുഞ്ഞിനെ ദത്തെടുക്കാന്‍ പിതാവോ പിതാവിന്‍റെ സ്ഥാനത്തുള്ള ഒരാളോ ആവശ്യമുള്ള ഒരു രാജ്യത്ത് എനിക്ക് എന്റെ മക്കളെ ലഭിച്ചത് അദ്ദേഹം കാരണമാണ്. എന്റെ കുട്ടിയെ പിന്തുണക്കാനുള്ള സാമ്പത്തിക ശേഷിയുണ്ടെന്ന് തെളിയിക്കണമെന്നും അതിനായി അദ്ദേഹത്തിന്റെ സ്വത്തിന്റെ പകുതി ഒപ്പിട്ട് നല്‍കണമെന്നും കോടതി അദ്ദേഹത്തോട് പറഞ്ഞു. എന്നാല്‍ എന്റെ അച്ഛന്‍ കോടതിയോട് പറഞ്ഞു, 'ഞാന്‍ വലിയ പണക്കാരനല്ല, അതിന്റെ പകുതി എടുത്താല്‍ ഒന്നുമുണ്ടാകില്ല. എനിക്കുള്ളതെല്ലാം ഒരു നിബന്ധനയുമില്ലാതെ ദത്തെടുത്ത കുഞ്ഞിന്റെ പേരില്‍ എഴുതിവെക്കാനാണ് ഞാന്‍ വന്നിരിക്കുന്നത്.'
അവിവാഹിതയായ എന്നാൽ അമ്മയായ തനിക്ക് ഒരു നല്ല വരനെ കണ്ടെത്താന്‍ കഴിഞ്ഞേക്കില്ലെന്ന് ആ സമയത്ത് ജഡ്ജി അച്ഛന് മുന്നറിയിപ്പ് നല്‍കിയെന്നും സുസ്മിത പറയുന്നു. 'ഒരു നല്ല കുടുംബത്തിലെ പയ്യനും എന്നെ വിവാഹം കഴിക്കാന്‍ ആഗ്രഹിക്കില്ലെന്ന് ജഡ്ജി എന്റെ അച്ഛനോടു പറഞ്ഞു. എന്നാല്‍ അവളെ വളര്‍ത്തിയത് ഒരാളുടെ ഭാര്യയാകാന്‍ വേണ്ടി മാത്രമല്ലെന്ന് അദ്ദേഹം മറുപടി നല്‍കി. അതിനുശേഷം അവര്‍ ദത്തെടുക്കാന്‍ അനുമതി നല്‍കി. അതൊരു വഴിത്തിരിവായിരുന്നുവെന്ന് സുസ്മിത ചൂണ്ടിക്കാണിക്കുന്നു. ആദ്യത്തെ മകള്‍ക്കുവേണ്ടി നീണ്ട നിയമപോരാട്ടം നടത്തിയെങ്കിലും രണ്ടാമത്തെ മകളായ അലീഷ സെന്നിനെ ദത്തെടുക്കുന്നത് വളരെ എളുപ്പമായിരുന്നുവെന്നും സുസ്മിത പറയുന്നു.
വിവാഹത്തെക്കുറിച്ചും വിവാഹത്തോടുള്ള സമീപനത്തെ കുറിച്ചും അവര്‍ അഭിമുഖത്തില്‍ സംസാരിച്ചു. 'എന്നെ സംബന്ധിച്ചിടത്തോളം വിവാഹം എന്നത് ഒരു കൂട്ടാണ്. എനിക്കത് ഉണ്ടെങ്കില്‍ അത് പറയാന്‍ ഒരു കടലാസിന്റെ കഷണം ആവശ്യമില്ല. മാത്രമല്ല, ഒരു സ്ത്രീ എന്ന നിലയില്‍ ഞാന്‍ ഇതിനകം രണ്ട് പെണ്‍മക്കളെ തനിച്ചാണ് വളര്‍ത്തിയത്. അതിനാല്‍ അതിന് എനിക്കൊരു പുരുഷന്റെ ആവശ്യമില്ല. എന്റെ വീടുകള്‍ക്കോ സ്വത്തുക്കള്‍ക്കോ എനിക്കൊരു പുരുഷനെ ആവശ്യമില്ല. അതെല്ലാം ഞാന്‍ തനിച്ചാണ് നേടിയെടുത്തത്. അതുകൊണ്ടുതന്നെ ഒരു കൂട്ട് മാത്രമാണ് ഒരു പുരുഷന് എനിക്ക് നല്‍കാന്‍ കഴിയുക.'-സുസ്മിത കൂട്ടിച്ചേര്‍ത്തു. ഡോ. ഷീൻ ഗുരിബിന്‍റെ യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായികുന്നു താരം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.