2014ൽ അർജന്‍റീനയിൽ നടന്ന ഒരു സംഭവത്തെ അടിസ്ഥാനമാക്കി ലോറ പരേഡസ്, അഗസ്റ്റിന സാൻ മാർട്ടിൻ എന്നിവരുടെ രചനയിൽ ഡോളോറസ് മരിയ ഫോൺസി സംവിധാനം ചെയ്ത ചിത്രമാണ് ‘ബെലൻ’. അർജന്‍റീനയിലെ പ്രശസ്ത ഫെമിനിസ്റ്റ് എഴുത്തുകാരി അന കൊറിയ എഴുതി 2015ൽ പുറത്തിറക്കിയ ‘സോമോസ് ബെലെൻ’ എന്ന പുസ്തകത്തെ അടിസ്ഥാനമാക്കിയാണ് ചിത്രമൊരുക്കിയിട്ടുള്ളത്. 98ാമത് അക്കാദമി അവാർഡിൽ മികച്ച അന്താരാഷ്ട്ര ഫീച്ചർ ഫിലിമിനുള്ള അർജന്റീനിയൻ എൻട്രിയായി ഈ ചിത്രം തിരഞ്ഞെടുക്കപ്പെട്ടിരുന്നു. തിരക്കഥാ രചനയിൽ പങ്കാളിയായതിനൊപ്പം തന്നെ മുഴുനീളെ വേഷത്തിലും സംവിധായിക ഡോളോറസ് മരിയ ഫോൺസി ഇതിൽ നിറഞ്ഞുനിൽക്കുന്നുണ്ട്.
ഗർഭഛിദ്രം നടത്തിയതിന് തന്റെ കക്ഷിയെ വ്യാജമായി തടവിലാക്കുമ്പോൾ നീതിക്കുവേണ്ടി ഒരു അഭിഭാഷക നടത്തുന്ന ധീരമായ അന്വേഷണത്തെയാണ് ചിത്രം കാണിക്കുന്നത്. ഭയം, ആശയക്കുഴപ്പം, അനീതി എന്നിവ നിറഞ്ഞ ഒരു ആശുപത്രി മുറിയിലേക്കാണ് സിനിമ പ്രേക്ഷകരെ ആദ്യം എത്തിക്കുക.
പ്രധാനമായും രണ്ട് സ്ത്രീകളെ ചുറ്റിപ്പറ്റിയാണ് കഥ മുന്നേറുന്നത്. ആദ്യത്തേത് ബെലൻ (കാമില പ്ലേറ്റ്) എന്നറിയപ്പെടുന്ന ജൂലിയറ്റയാണ്. ജീവിതത്തിൽ കഠിനാധ്വാനിയായ അവരെ, ഗർഭപാത്രത്തിൽ വെച്ചുതന്നെ കുഞ്ഞിനെ കൊന്നു എന്ന കുറ്റം ചുമത്തി ആശുപത്രിയിൽനിന്ന് അറസ്റ്റ് ചെയ്യുന്നു. രണ്ടാമത്തേത് സോളെഡാഡ് ഡെസ (ഡോളോറസ് ഫോൺസി) എന്ന അഭിഭാഷകയാണ്. ബെലന്റെ കേസ് അവരാണ് ഏറ്റെടുക്കാൻ തീരുമാനിച്ചിട്ടുള്ളത്. പത്രപ്രവർത്തകർ, നിയമ പിന്തുണക്കാർ, പോരാട്ടത്തിന്റെ ഭാഗമാകുന്ന സാധാരണ ആളുകൾ എന്നിവരുൾപ്പെടെ ഒരു ചെറിയ സംഘം അവർക്ക് ചുറ്റും സഹായവുമായുണ്ട്.
ജാവിയർ ജൂലിയയുടെ വിറക്കുന്ന കാമറയും ആൻഡ്രസ് പെപ്പെ എസ്ട്രാഡയുടെ വിശ്രമമില്ലാത്ത എഡിറ്റിങ്ങും കഠിനമായ വയറുവേദനയുമായി ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട യുവതിയുടെ നിമിഷനേരത്തെ അസ്വസ്ഥതയെ കൃത്യമായി അടയാളപ്പെടുത്തുന്നുണ്ട്. തുടർന്ന് ക്രമേണ അവളുടെ നിയന്ത്രണം നഷ്ടപ്പെടുന്നു -ആദ്യം ശരീരവും പിന്നീട് അവളുടെ അവകാശങ്ങളും.
താൻ ഗർഭിണിയാണെന്ന് അറിഞ്ഞിരുന്നില്ലെന്നും ഗർഭം അലസിപ്പിക്കാൻ ഉദ്ദേശിച്ചിരുന്നില്ലെന്നുമുള്ള അവളുടെ അപേക്ഷകൾ ആരും ചെവികേൾക്കുന്നില്ല. പൊലീസ് ഉദ്യോഗസ്ഥർ സംഭവസ്ഥലത്ത് ഇടിച്ചുകയറി മെഡിക്കൽ സ്റ്റാഫിനെയും മറികടന്ന് അധികാരം കൈകളിലാക്കുന്നു. ഓപറേഷൻ ടേബിളിൽ എത്തപ്പെട്ട ജൂലിയറ്റയുടെ കൈകളെ അവർ ബന്ധിക്കുന്നു...
കഥപറച്ചിലിൽ കാണിച്ച സത്യസന്ധമായ സമീപനമാണ് സിനിമയെ വേറിട്ടതാക്കുന്നത്. സിനിമ അതിന്റെ കാഴ്ചപ്പാട് മറച്ചുവെക്കുന്നില്ല; അനീതിക്കെതിരെ പോരാടുന്നതിന്‍റെയും കഷ്ടപ്പെടുന്നവരോടുള്ള കാരുണ്യത്തിന്റെയും കണ്ണിലൂടെയാണ് സംഭവങ്ങളെ ദൃശ്യവത്കരിക്കുന്നത്. സിനിമയുടെ പ്രധാനപ്പെട്ട ഭാഗങ്ങൾ നടക്കുന്നത് ഒരു കോടതിമുറിക്കുള്ളിലാണ്. അവിടെ നടക്കുന്ന രംഗങ്ങൾ പിരിമുറുക്കമുള്ളവയാണ്, എന്നാൽ അതിരുകടന്നതല്ല. കഥാപാത്രങ്ങൾക്കിടയിലെ ശാന്തമായ നിമിഷങ്ങൾ കൂടുതൽ ശ്രദ്ധയോടെ സിനിമ കാണാൻ പ്രേരണ നൽകുന്നു. പതിവ് കോടതി ചിത്രീകരണത്തിൽനിന്ന് ഒരുപടി മുന്നേറുന്നു എന്നതാണ് ഇതിനെ വ്യത്യസ്തമാക്കുന്നത്. ഓരോ ഫ്രെയിമിലും വൈകാരിക സത്യമുണ്ട്, കഥാപാത്രങ്ങളോട് കാണിക്കുന്ന കരുതൽ ആത്മാർഥമായി തോന്നുകയും ചെയ്യും. നീതിക്കുവേണ്ടിയുള്ള യഥാർഥ ജീവിത പോരാട്ടങ്ങൾ എത്രത്തോളം ക്ഷീണിപ്പിക്കുന്നതും മന്ദഗതിയിലുള്ളതുമാണെന്ന് കാണിക്കുന്നതിൽനിന്ന് ചിത്രം ഒഴിഞ്ഞുമാറുന്നില്ല.
ബെലനിലെ സന്ദേശം വ്യക്തമാണ്. ലളിതമായ, ഒരു കോടതിമുറി ത്രില്ലർ സിനിമയാണ് തിരയുന്നതെങ്കിൽ നിങ്ങൾക്കിതിൽ പരിചിതമായ ഭാഗങ്ങൾ കണ്ടെത്താൻ കഴിയും. എന്നാൽ വേദനയും പ്രതീക്ഷയും സംയോജിപ്പിക്കുന്ന ഒരു കഥയാണ് അന്വേഷിക്കുന്നതെങ്കിൽ ഈ സിനിമയെ സത്യസന്ധതയോടും ഹൃദ്യമായും കൂടി കാണാനുമാകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.