ധനുഷിനെ നായകനാക്കി വിഗ്നേഷ് രാജ സംവിധാനം ചെയ്യുന്ന തമിഴ് ചിത്രം 'കര' ഏപ്രിൽ 30-ന് തിയേറ്ററുകളിലെത്താൻ ഒരുങ്ങുകയാണ്. മലയാളി താരം മമിത ബൈജു നായികയാകുന്നു എന്നതാണ് ചിത്രത്തിന്റെ പ്രധാന ആകർഷണങ്ങളിലൊന്ന്. എന്നാൽ, മമിതക്ക് മുൻപേ മറ്റൊരു നടിയെയാണ് ഈ വേഷത്തിനായി പരിഗണിച്ചിരുന്നതെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് സംവിധായകൻ ഇപ്പോൾ. തമിഴ് ചിത്രങ്ങളിൽ മലയാള നടിമാർക്ക് മുൻഗണന ലഭിക്കുന്നതിനെച്ചൊല്ലി സോഷ്യൽ മീഡിയയിൽ വലിയ ചർച്ചകൾ നടക്കുന്നതിനിടെയാണ് സംവിധായകന്റെ ഈ പ്രതികരണം.
കന്നഡ താരം ചൈത്ര ജെ. ആചാറിനെയാണ് നായികയായി ആദ്യം തീരുമാനിച്ചിരുന്നതെന്ന് വിഗ്നേഷ് രാജ പറയുന്നു. എന്നാൽ ചൈത്ര അഭിനയിച്ച 'മൈ ലോർഡ്' എന്ന ശശികുമാർ ചിത്രത്തിലെ ലുക്കും കരയിലെ കഥാപാത്രത്തിന്റെ ലുക്കും ഒരുപോലെയായിരുന്നു. ഒരേ രീതിയിലുള്ള വേഷങ്ങൾ തുടർച്ചയായി ചെയ്യുന്നത് ഉചിതമല്ലെന്ന് കരുതി ചൈത്ര തന്നെ ഈ പ്രോജക്റ്റിൽ നിന്നും മാറിനിൽക്കുകയായിരുന്നു. ഇതിനുശേഷമാണ് അണിയറപ്രവർത്തകർ മമിത ബൈജുവിനെ സമീപിച്ചത്.
മമിത ഈ വേഷം സ്വീകരിക്കുമോ എന്ന കാര്യത്തിൽ വലിയ ഉറപ്പില്ലായിരുന്നുവെന്ന് വിഗ്നേഷ് രാജ പറഞ്ഞു. എന്നാൽ അപ്രതീക്ഷിതമായി മമിത ചിത്രത്തോട് താൽപ്പര്യം പ്രകടിപ്പിക്കുകയും 'കര'യുടെ ഭാഗമാവുകയുമായിരുന്നു. തമിഴിൽ മലയാളി നടിമാർക്ക് ലഭിക്കുന്ന അമിത പ്രാധാന്യത്തെക്കുറിച്ചുള്ള വിമർശനങ്ങൾക്ക് മമിത മറുപടി നൽകുകയും ചെയ്തു. തനിക്ക് ലഭിച്ച നല്ലൊരു അവസരം ഉപയോഗപ്പെടുത്തുക മാത്രമാണ് ചെയ്തതെന്നും ഒരു അഭിനേതാവ് എന്ന നിലയിൽ ഭാഷയുടെയോ അതിർത്തികളുടെയോ പരിമിതികളില്ലാതെ മുന്നേറേണ്ടത് തന്റെ ഉത്തരവാദിത്തമാണെന്നും മമിത വ്യക്തമാക്കി.
താരസമ്പന്നമായ ഈ ചിത്രത്തിൽ മലയാളത്തിൽ നിന്നും മമിതയെ കൂടാതെ ജയറാമും സുരാജ് വെഞ്ഞാറമ്മൂടും പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്. ജി.വി. പ്രകാശ് കുമാർ സംഗീതം നിർവഹിക്കുന്ന 'കര' വലിയ പ്രതീക്ഷയോടെയാണ് സിനിമാപ്രേമികൾ കാത്തിരിക്കുന്നത്. മമ്മൂട്ടിയും മോഹൻലാലും ഒന്നിക്കുന്ന 'പേട്രിയറ്റ്' പോലെ തന്നെ മൾട്ടിസ്റ്റാർ നിരയുള്ള ഈ ചിത്രവും തമിഴ്-മലയാളം ബോക്സ് ഓഫീസുകളിൽ തരംഗമാകുമെന്നാണ് കരുതപ്പെടുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.