തെലുങ്ക് സിനിമക്ക് പ്രേക്ഷകരുടെ സ്വീകാര്യത ലഭിക്കാത്തതിനെ വിമർശിച്ച് നിർമാതാവ് നാഗ വംശി. ലോക ചാപ്റ്റർ 1: ചന്ദ്ര തെലുങ്ക് ചിത്രമായി നിർമിച്ചിരുന്നെങ്കിൽ, അതിന് ഇതേ അംഗീകാരം ലഭിക്കില്ലായിരുന്നെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ‘ലോക’ തെലുങ്കിൽ വിതരണം ചെയ്തത് നാഗ വംശിയാണ്. തെലുങ്ക് ചലച്ചിത്ര നിർമാതാക്കൾ എന്തുകൊണ്ട് മലയാളത്തിലേതു പോലുള്ള ചിത്രങ്ങൾ എടുക്കുന്നില്ല എന്ന ചോദ്യത്തിന് മറുപടി പറയുകയായിരുന്നു നാഗ വംശി.
'ലോക ഒരു തെലുങ്ക് ചിത്രമായിരുന്നെങ്കിൽ, പ്രേക്ഷകർ ചിത്രത്തിന്റെ വേഗതയെയും ദൈർഘ്യത്തെയും കുറിച്ച് പരാതിപ്പെടുമായിരുന്നു. ഇത്തരമൊരു ചിത്രം തെലുങ്ക് പ്രേക്ഷകരെ തിയറ്ററുകളിലേക്ക് ആകർഷിക്കുമായിരുന്നില്ല. ചിത്രം പരാജയപ്പെടുമായിരുന്നു. ആരും അത് കാണുമായിരുന്നില്ല. അങ്ങനെ സംഭവിച്ചില്ലെങ്കിൽ ഞാൻ എന്റെ പേര് മാറ്റും' -എന്ന് നിർമാതാവ് പറഞ്ഞു.
മലയാളത്തിലെ ആദ്യ വനിത സൂപ്പർ ഹീറോ ചിത്രമാണ് ഡൊമനിക് അരുൺ സംവിധാനം ചെയ്ത കല്യാണി പ്രിയദർശൻ നായികയായ ലോക: ചാപ്റ്റർ 1 ചന്ദ്ര. അഞ്ച് ഭാഗങ്ങളുള്ള സൂപ്പർ ഹീറോ യുനിവേഴ്സിന്‍റെ ആദ്യഭാഗമാണ് ചിത്രമെന്ന് അണിയറപ്രവർത്തകർ അറിയിച്ചിരുന്നു. രണ്ടാം ഭാഗവും പ്രഖ്യാപിച്ചിട്ടുണ്ട്. നിർമാതാവ് കൂടിയായ ദുൽഖറാണ് രണ്ടാം ഭാഗം അനൗൺസ് ചെയ്തത്. ടൊവിനോ തോമസാണ് പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.
'കെട്ടുകഥകൾക്കപ്പുറം... ഇതിഹാസങ്ങൾക്കപ്പുറം... ഒരു പുതിയ അധ്യായം ആരംഭിക്കുന്നു' -എന്ന കുറിപ്പോടെയാണ് ദുൽഖർ ചാപ്റ്റർ 2വിന്‍റെ ട്രെയിലർ പങ്കുവെച്ചത്. ഡൊമനിക് അരുൺ സംവിധാനം ചെയ്യുന്ന ചിത്രം വേഫെയറർ ഫിലിംസാണ് നിർമിക്കുന്നതെന്നും ദുൽഖർ അറിയിച്ചു. മൈക്കിൾ എന്ന ചാത്തനായാണ് ചിത്രത്തിൽ ടൊവിനോ എത്തുന്നത്.
ഇന്ത്യയിലെ ആദ്യത്തെ വനിത സൂപ്പർഹീറോയായ ചന്ദ്രയെയാണ് കല്യാണി പ്രിയദർശൻ ചിത്രത്തിൽ അവതരിപ്പിക്കുന്നത്. ലോകയിലൂടെ, 200 കോടി രൂപ കടന്ന ഒരു സിനിമക്ക് നേതൃത്വം നൽകുന്ന ആദ്യ മലയാള നടിയായി കല്യാണി ചരിത്രം സൃഷ്ടിച്ചു. ആദ്യം 600 ഷോകളുമായി പുറത്തിറങ്ങിയ ലോക, ബോക്സ് ഓഫിസിൽ വൻ ഹിറ്റായി മാറിയതിനു പിന്നാലെ ഷോകളുടെ എണ്ണം ഏകദേശം 1700 ആയി ഉയർത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.